| Saturday, 10th January 2026, 8:14 am

ഗ്രാമീണ്‍ ബാങ്കുകളുടെ സ്വകാര്യവത്കരണം; തൊഴിലാളി യൂണിയന്‍ പ്രതിഷേധത്തിന് വഴങ്ങി കേന്ദ്രം

ആദര്‍ശ് എം.കെ.

കോഴിക്കോട്: ഗ്രാമീണ്‍ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ഉയര്‍ന്ന ജീവനക്കാരുടെ പ്രതിഷേധത്തിന് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍. ഐ.പി.ഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) നടപ്പിലാക്കും മുമ്പ് തൊഴിലാളി യൂണിയനുകളുമായും ഓഹരി ഉടമകളായും ചര്‍ച്ച നടത്തുമെന്ന് ധന മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഉറപ്പുനല്‍കി.

ദല്‍ഹിയില്‍ കേന്ദ്ര ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഗ്രാമീണ്‍ ബാങ്കുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി 50 ശതമാനമാക്കി നിലനിര്‍ത്താന്‍ യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ തുടര്‍ന്നും ചര്‍ച്ചകളുണ്ടാകുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ കെ.ജി.ബി യൂണിയനുകള്‍ വെള്ളിയാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ പണിമുടക്ക് മാറ്റുകയായിരുന്നു,

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മാറ്റ് വെച്ച പണിമുടക്ക് പുനര്‍നിശ്ചയിക്കുമെന്ന് ജോയിന്റ് ഫോറം കണ്‍വീനര്‍ ബിഗേഷ് ഉണ്ണിയന്‍ പറഞ്ഞു.

കേരളം, തമിഴ്‌നാട്, ഹരിയാന സംസ്ഥാനങ്ങളിലെ ഗ്രാമീണ്‍ ബാങ്കുകളില്‍ ഐ.പി.ഒ നടപ്പിലാക്കി സ്വകാര്യവത്കരണം നടപ്പിലാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആദ്യഘട്ട നീക്കം. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപിക്കാനും പദ്ധതിയുണ്ടായിരുന്നു.

മാര്‍ച്ചിന് മുമ്പ് ഐ.പി.ഒക്ക് തയ്യാറാകാനായിരുന്നു കേരളത്തില്‍ നിന്നടക്കം മൂന്ന് ഗ്രാമീണ ബാങ്കുകള്‍ക്ക് കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശം നല്‍കിയത്.

ഒരു സംസ്ഥാനത്ത് ഒരു ഗ്രാമീണ ബാങ്ക് എന്ന നയത്തിന്റെ ഭാഗമായി രാജ്യത്തെ ഗ്രാമീണ ബാങ്കുകളുടെ 43ല്‍ നിന്ന് 28 ആക്കി കുറച്ചിരുന്നു. ഇതിലാണ് സ്വകാര്യവത്കരണം കൂടി നടത്താന്‍ നീക്കം നടക്കുന്നത്.

Content Highlight: The central government has given in to the protests of employees against the privatization of Grameen Banks.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more