| Sunday, 27th July 2025, 9:25 am

കേന്ദ്രം ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ചിട്ടില്ല, വാർത്ത വ്യാജം: ആശ വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിച്ചെന്ന വാർത്ത വ്യാജമാണെന്ന് ആശാ വർക്കേഴ്സ് & ഫെസിലിറ്റേറ്റേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യ പ്രസിഡന്റ് പി.പി പ്രേമ. കേന്ദ്ര സർക്കാർ ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ചെന്നും അത് കൊടുക്കാൻ തുടങ്ങിയെന്നുമുള്ള ഒരു പ്രചാരണം നാട്ടിൽ നടക്കുന്നുണ്ടെന്ന് പ്രേമ പറഞ്ഞു.

പത്രമാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും വലിയ പ്രചാരണം നടക്കുന്നുണ്ടെന്നും എന്നാൽ ആശമാരുടെ വേതനം വർധിപ്പിച്ചതായി തങ്ങൾക്ക് അറിവില്ലെന്ന് പ്രേമ വ്യക്തമാക്കി.

‘സാധാരണ എൻ.എച്ച്.എമ്മിന്റെ കേന്ദ്ര തലത്തിൽ നിന്നും ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കഴിഞ്ഞാൽ സ്റ്റേറ്റ് തലത്തിലെ എൻ.എച്ച്.എം ഡയറക്ടർ ഓഫീസിലേക്കാണ് അറിയിപ്പ് വരിക. ഇങ്ങനെയൊരു പ്രചാരണം നടന്നതറിഞ്ഞപ്പോൾ ഞങ്ങൾ എൻ.എച്ച്.എം ഡയറക്ടർ ഓഫീസിൽ ബന്ധപ്പെട്ടു. അവിടേക്ക് ഒരു അറിയിപ്പും വന്നിട്ടില്ല എന്നുള്ളതാണ് ഞങ്ങൾക്ക് മനസിലായത്. വീണ്ടും ഞങ്ങൾ മറ്റേതെങ്കിലും സ്റ്റേറ്റിൽ ഈ അറിയിപ്പ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. പക്ഷേ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് മറ്റൊരു സംസ്ഥാനത്തും ആശമാരുടെ വേതനം വർധിപ്പിച്ചതായിട്ടോ ഇൻസെന്റീവ് വർധിപ്പിച്ചതായിട്ടോ രേഖാമൂലമുള്ള ഒരു അറിയിപ്പും വന്നിട്ടില്ല എന്നതാണ്.

വീണ്ടും ഞങ്ങൾ ഒരു പരിശോധന നടത്തിയിട്ടപ്പോൾ മനസിലാക്കാൻ സാധിച്ചത്. നമ്മുടെ എം.പിയായിട്ടുള്ള പ്രേമചന്ദ്രൻ രാജ്യസഭയിൽ യൂണിയൻ മന്ത്രിയുടെ മുന്നിൽ ഒരു ചോദ്യം ചോദിച്ചപ്പോൾ അതിനുള്ള മറുപടിയായിട്ടാണ് 1500 രൂപ ആശമാർക്ക് വർധിപ്പിച്ചുവെന്നത് വാക്കാൽ പറഞ്ഞിട്ടുള്ളതെന്ന് അറിഞ്ഞു. ഇത് രേഖാമൂലമൊന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. രേഖയിലായിട്ടുണ്ടോ എന്നുപോലും ഞങ്ങൾക്ക് അറിയില്ല,’ പ്രേമ പറഞ്ഞു.

ആശമാർക്ക് ആകെ കേന്ദ്ര സർക്കാർ ഇൻസെന്റീവ് ഇനത്തിൽ തരുന്ന തുക രണ്ടായിരത്തി ചില്വാനം രൂപ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ 13,000 രൂപയും 15,000 രൂപയും ലഭിക്കുന്ന ആശമാർക്ക് ബാക്കി തുക നൽകുന്നത് സംസ്ഥാന സർക്കാരാണെന്നും പ്രേമ പറഞ്ഞു. 7000 രൂപ ഹോണറേറിയമായും ഫിക്സഡ് ഇൻസെന്റീവിൽ 40 ശതമാനവും പ്രവർത്തി ഇൻസെന്റീവിൽ 40 ശതമാനവും കൂട്ടി സംസ്ഥാന സർക്കാർ 9000 ത്തിലധികം രൂപയും നിശ്ചിത ഇൻസെന്റീവിലുള്ള 40 ശതമാനവും നൽകുന്നുണ്ടെന്നും പ്രേമ കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാർ രണ്ടായിരത്തി ചില്വാനം രൂപ മാത്രമാണ് നൽകുന്നതെന്നും അത് വർധിപ്പിച്ചുവെന്ന് കേട്ടപ്പോൾ സന്തോഷമുണ്ടായിരുന്നെന്നും എന്നാൽ അത് ആകെ കെടുത്തുന്ന തരത്തിലുള്ള അറിവാണിപ്പോൾ ലഭിച്ചതെന്നും അവർ പറഞ്ഞു.

ഇന്നലെയായിരുന്നു ആശ വർക്കർമാരുടെ വേതനം കേന്ദ്ര സർക്കാർ 3500 ആയി വർധിപ്പിച്ചെന്ന വാർത്തകൾ വന്നത്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് പ്രതിമാസം 3,500 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചന്ന് പറഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തുകയും ചെയ്തിരുന്നു.

കൂടാതെ ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാവണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. കേരളം പ്രതിമാസ ഇന്‍സെന്റീവ് 7,000 കൊടുക്കുമ്പോള്‍ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര 10,000 രൂപയാണ് ആശമാര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം വാദിച്ചു.

Content Highlight: The Center has not increased the incentives for ASHAs, the news is fake: ASHA Workers Federation President

We use cookies to give you the best possible experience. Learn more