| Friday, 30th January 2026, 2:13 pm

കന്യാസ്ത്രീകള്‍ക്കാകെ പെന്‍ഷനെന്നത് വ്യാജപ്രചരണം; സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കത്തോലിക്കാ സഭ

നിഷാന. വി.വി

തിരുവനന്തപുരം:  കന്യാസ്ത്രീകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന പെന്‍ഷന്‍ അനര്‍ഹമാണെന്ന തരത്തില്‍ പ്രചരണം നടക്കുന്നതായി കത്തോലിക്കാ സഭ

ഒരു മതത്തിന്റെ ഭാഗമായ കന്യാസ്ത്രീകള്‍ക്ക് അനഹര്‍മായി ആനുകൂല്യം പ്രഖ്യാപിച്ചുവെന്ന തരത്തില്‍ വ്യാപകമായി തെറ്റിദ്ധാരണ പടര്‍ത്തുന്ന പ്രചരണങ്ങള്‍ നടക്കുന്നുവെന്നും കത്തോലിക സഭ പറഞ്ഞു.

സമൂഹത്തില്‍ വിവിധങ്ങളായ സേവനങ്ങള്‍ ചെയ്യുന്നവരാണ് കന്യാസ്ത്രീകളെന്നും അവരെ ഒരു മതത്തിന്റെ പ്രചാരകരായി മാത്രം ചുരുക്കി കാണുന്ന വിധത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നും സഭ കൂട്ടിച്ചേര്‍ത്തു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ആര്‍ക്കെല്ലാം അര്‍ഹതയുണ്ടെന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഉത്തരവുണ്ട്. 2023 ല്‍ ധനകാര്യ വകുപ്പും ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയിരുന്നു. അതില്‍ ഗുണഭോക്താക്കള്‍ ആരാണെന്ന് കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. മത സ്ഥാപനങ്ങളുടെ ഭാഗമായ സന്യസ്ഥര്‍, പുരോഹിതര്‍ എന്നിവര്‍ ഗുണഭോക്താക്കളാണെങ്കില്‍ അവരെ അതില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഉത്തരവിന്റെ ഭാഗമായി പറയുന്നുണ്ട്.

ഇക്കാര്യത്തിലാണെങ്കില്‍ കന്യാസ്ത്രി മഠങ്ങളില്‍ (ഗവണ്‍മെന്റിന്റെയോ അല്ലാതെയോ) ഉള്ള കന്യാസ്ത്രീകളും സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹരല്ല.

അത്തരത്തിലുള്ള ആര്‍ക്കെങ്കിലും പെന്‍ഷന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ നിലവിലെ ഉത്തരവ് തിരുത്തി സാങ്കേതിക തടസം നീക്കണം. ഇത് മാത്രമാണ് തീരുമാനമായി എടുത്തിരിക്കുന്നതെന്നും സഭ അറിയിച്ചു.

അനര്‍ഹമായ ആനുകൂല്യമായി കന്യാസ്ത്രീകള്‍ക്കാകെ പെന്‍ഷന്‍ പ്രഖ്യാപിച്ചു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നുണ്ടെന്നും അതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും അല്ലാത്ത പക്ഷം അത് സമൂഹത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന വിധം തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഇടവരുത്തുെമന്നും സഭ കൂട്ടിച്ചേര്‍ത്തു.

എന്തെങ്കിലും അനര്‍ഹമായ കാര്യം ഇവിടെ അനുവദിച്ചിട്ടില്ലെന്നും കത്തോലിക്കാ സഭ പറഞ്ഞു.

50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹതയെന്നും അതില്‍ ഭരണഘടനാപരമായ തുല്യത കന്യാസ്ത്രീകള്‍ക്കും അനുവദിക്കുന്നതില്‍ തെറ്റില്ലെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും സഭ പറഞ്ഞു.

കന്യാസ്ത്രീകളെ സംരക്ഷിക്കുന്നതില്‍ നിന്ന് സഭ പിന്‍മാറി നില്‍ക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സഭ കൂട്ടിച്ചേര്‍ത്തു.

മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങള്‍, മഠങ്ങള്‍, കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ പ്രത്യേക പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.

അവിവാഹിതരായ 50 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള, ശമ്പളം-പെന്‍ഷന്‍ സര്‍ക്കാരിന്റെ മറ്റാനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാത്ത മേല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇവര്‍ക്ക് 31.03.2001-ലെ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള പെന്‍ഷന്‍ നല്‍കുന്നതിന് പൊതുവില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, അവിവാഹിത സര്‍ട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നല്‍കും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

Content Highlight: The Catholic Church wants the government to clarify the claim that all nuns will receive a pension.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more