റോജിന്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാരിലെ അനുഷ്‌ക ഷെട്ടിയുടെ ലുക്ക് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഹൊറര്‍ ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിലെ അനുഷ്‌കയുടെ ലുക്കാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്.
അനുഷ്‌കയുടെ ജന്മദിനത്തോട് അനുബന്ധമായി പുറത്ത് വിട്ട പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. നിള എന്ന കഥാപാത്രമായി എത്തുന്ന അനുഷ്‌കയുടെ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള അനുഷ്‌കയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കത്തനാര്‍.
‘നിങ്ങള്‍ക്കറിയാവുന്ന കഥയല്ല, മറിച്ച് കാലം മാറ്റിയെഴുതിയതാണ്. കാലാതീതമായ സുന്ദരി.. (timeless beauty) ജന്മദിനാശംസകള്‍, പ്രിയപ്പെട്ട അനുഷ്‌കഷെട്ടി’ എന്ന അടികുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. കത്തനാരായി വേഷമിടുന്ന നടന്‍ ജയസൂര്യയുടെ ലുക്കും ഓഗസ്റ്റില്‍ നിര്‍മാതാക്കള്‍ പുറത്ത് വിട്ടിരുന്നു. കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് എത്തുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങുകയാണ്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ അനുഷ്‌ക ഷെട്ടിക്കും ജയസൂര്യക്കും പുറമെ പ്രഭുദേവയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഹോം സിനിമക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വന്‍ പ്രതീക്ഷകളാണ് സിനിമാ ലോകത്തിനുള്ളത്.
Content highlight: The cast and crew have revealed Anushka Shetty’s look from Kathanar