| Saturday, 18th January 2025, 3:44 pm

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്; ദമ്പതികൾക്ക് ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ തെളിഞ്ഞിരിക്കയാണ്. പാലക്കാട് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഒന്നാം പ്രതി ഫാസീലക്കും രണ്ടാം പ്രതി ഫാസീലയുടെ ഭർത്താവ് ബഷീറിനും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം ഇരുവർക്കും പിഴയും ചുമത്തപ്പെട്ടിട്ടുണ്ട്. ഏകദേശം 35 സാക്ഷികളെ കേസിൽ വിസ്തരിച്ചിട്ടുണ്ട്. എട്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്.

മണ്ണാർക്കാട് പടിഞ്ഞാറേതിൽ ഫസീല, ഭർത്താവ് ബഷീർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 2016 ജൂൺ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. പ്രതികൾ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി നബീസയെ വിളിച്ചു വരുത്തി നോമ്പ് കഞ്ഞിയിൽ വിഷം ചേർത്താണ് കൊലപ്പെടുത്തിയത്.

മരണം ഉറപ്പാക്കിയ ശേഷം ചാക്കിൽകെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഭർതൃപിതാവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതി ഫസീലയെ കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. മുൻ വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു കൊലപാതകവും കൊലപാതക ശ്രമവും നടന്നത്.

Content Highlight: The case of killing the husband’s grandmother by mixing poison in fasting porridge; Life imprisonment for the couple

We use cookies to give you the best possible experience. Learn more