| Saturday, 31st January 2026, 2:55 pm

സകല റൈറ്റ്‌സുമടക്കം ധുരന്ധര്‍ നേടിയത് 1400 കോടിയിലധികം, രണ്‍വീര്‍ സിങ്ങ് പ്രതിഫലമായി വാങ്ങിച്ചത് ഇത്രമാത്രം

അശ്വിന്‍ രാജേന്ദ്രന്‍

മൊത്തത്തില്‍ ഉറങ്ങിപ്പോയ ബോളിവുഡിന്റെ പ്രതാപകാലം വീണ്ടെടുത്ത് തിയേറ്ററുകളില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച ചിത്രമായിരുന്നു ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍. വലിയ ആരവങ്ങളില്ലാതെ ഡിസംബര്‍ 5 ന് തിയേറ്ററുകളിലെത്തിയ രണ്‍വീര്‍ സിങ് നായകനായ ചിത്രം ജനുവരി അവസാനത്തോടെ 1320 കോടിയിലധികം നേടിയാണ് തിയേറ്ററര്‍ വിട്ടത്.

കഴിഞ്ഞ ദിവസം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ ചിത്രത്തിന്റെ വരവ് ചെലവ് കണക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 150 കോടി രൂപക്കാണ് ചിത്രം ഒ.ടിടിയിലെത്തിയതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളുടെ പ്രതിഫലവും വിവിധ റൈറ്റ്‌സുകള്‍ വഴി ലഭിച്ച വരുമാനവും കോളി സെന്‍സര്‍ അടക്കമുള്ള സിനിമാ പേജുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

അക്ഷയ് ഖന്നയും മാധവനും ധുരന്ധറില്‍

ചിത്രത്തില്‍ ഹംസ അലി അഥവാ ജസ്‌കിരാത് സിങ് ആയി എത്തുന്ന രണ്‍വീര്‍ സിങ് ചിത്രത്തില്‍ വേഷമിടുന്നതിനായി പ്രതിഫലമായി സ്വീകരിച്ചിരിക്കുന്നത് 50 കോടി രൂപയാണ്. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വീകരിച്ചിരിക്കുന്നതും താരം തന്നെ. പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാമതുള്ളത് തമിഴ് നടന്‍ മാധവനാണ്. ഏകദേശം ഒമ്പത് കോടിയോളം രൂപയാണ് അജിത് ഡോവലിനെ ഇന്‍സ്പയര്‍ ചെയ്തിട്ടുള്ള അജയ് സന്യാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താരം പ്രതിഫലമായി സ്വീകരിച്ചിരിക്കുന്നത്.

സജ്ഞയ് ദത്ത് എട്ട് കോടി രൂപയും ചിത്രത്തിന്റെ റിലീസിന് ശേഷം തരംഗമായി മാറിയ അക്ഷയ് ഖന്ന 3 കോടി രൂപയുമാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട തുക. അതേസമയം മേജര്‍ ഇഖ്ബാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്‍ രാംപാലിന് ഒരു കോടി രൂപയുമാണ് പ്രതിഫലം.

ഒ.ടി.ടിയില്‍ നിന്നും 150 കോടി നേടിയ ചിത്രം 45 കോടി രൂപയാണ് സാറ്റലൈറ്റ് വഴി നേടിയിരിക്കുന്നത്. അരിജിത്ത് സിങ് പാടിയ ഗെഹര ഹുവ അടക്കമുള്ള ഗാനങ്ങളുടെ മ്യൂസിക്കല്‍ റൈറ്റ്‌സ് വിറ്റുപോയത് 18 കോടി രൂപക്കാണ്. ഇതോടെ 1400 കോടിയോളം രൂപയാണ് ചിത്രം ആകെ വരുമാനമായി നേടിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ടോട്ടല്‍ പ്രൊഡക്ഷനായി ചെലവായത് 250 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Photo: Britannica

ബി 62 പ്രൊഡക്ഷന്റെ ബാനറില്‍ ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ബുക്ക് മൈഷോയില്‍ 10 ലക്ഷം ടിക്കറ്റുകള്‍ വിറ്റ് ധുരന്ധര്‍ ചരിത്രം തീര്‍ത്തിരുന്നു. റിലീസ് തിയ്യതി മുതല്‍ തുടര്‍ച്ചയായി ഒരു കോടിയിലധികം തിയേറ്ററുകളില്‍ നിന്നും നേടിയ ചിത്രത്തിന് സണ്ണി ഡിയോള്‍ നായകനായ ബോര്‍ഡര്‍ 2 വിന്റെ വരവോടെയാണ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഇടിവ് സംഭവിച്ചത്.

Content Highlight: The budget and Artist salary of Durandhar

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more