| Tuesday, 16th June 2026, 3:51 pm

മലയാളികള്‍ സജീവമാകുന്ന തമിഴ് സിനിമയും തമിഴന്മാര്‍ സജീവമാകുന്ന മലയാള സിനിമയും; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് വലിയ ഫിലിം ഇന്‍ഡസ്ട്രികളാണ് കോളിവുഡും ടോളിവുഡും. മാസ് മസാല ചിത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ് സിനിമയും മനുഷ്യ ജീവിത്തോടം യാഥാര്‍ത്ഥ്യത്തോടും അടുത്ത് നില്‍ക്കുന്ന മലയാള ചിത്രങ്ങളും പല അന്യഭാഷ സിനിമാ പ്രേമികളുടെയും ഫേവറിറ്റ് ലിസ്റ്റിലുള്ളവയാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ സ്റ്റാര്‍ വാല്യൂവുള്ള താരമായ വിജയ് രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സിനിമയില്‍ നിന്നും ഇടവേളയെടുത്തതോടെ വലിയ പ്രതിസന്ധിയായിരുന്നു തമിഴ് സിനിമയില്‍ ഉടലെടുത്തത്.

വമ്പന്‍ ചിത്രങ്ങളൊന്നുമില്ലാതെ തമിഴ് ബോക്‌സ് ഓഫീസ് ബുദ്ധിമുട്ടുന്ന കാഴ്ചക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ഇതിന് അന്ത്യം കുറിച്ചത് ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ കറുപ്പ് ആയിരുന്നു. ആഗോളതലത്തില്‍ 300 കോടി നേടി വന്‍ വിജയമായിരുന്നു ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയത്.

കര. Photo: X.com

എന്നാല്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ചിത്രത്തിലെ മലയാളി അഭിനേതാക്കളുടെ സാന്നിധ്യമായിരുന്നു. ഇന്ദ്രന്‍സ്, സ്വാസിക, അനഘ രവി, ശിവദ, ഉണ്ണിമായ പ്രസാദ് തുടങ്ങി ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയവരെല്ലാം മലയാളികളായിരുന്നുവെന്ന് കാണാം. ഇന്ദ്രന്‍സ് അടക്കമുള്ള മലയാള അഭിനേതാക്കളുടെ പെര്‍ഫോമന്‍സിന് വലിയ പ്രശംസയും തമിഴ് സിനിമാ പ്രേമികളില്‍ നിന്നും ലഭിച്ചിരുന്നു.

ഇതോടെ സമീപകാലത്ത് തമിഴ് സിനിമയില്‍ സജീവമാകുന്ന മലയാളി അഭിനേതാക്കളെയും സംവിധായകരെയും കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കറുപ്പിന് പുറമെ മലയാളത്തിലെ മുന്‍നിര അഭിനേതാക്കളായ ഉര്‍വശിയെയും ജയറാമിനെയും കേന്ദകഥാപാത്രങ്ങളാക്കി ഒരുക്കിയ പരിമള ആന്‍ഡ് കോ എന്ന തമിഴ് ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിന് മുമ്പ് ധനുഷ് നായകനായ കരയില്‍ നായികയായെത്തിയത് മമിത ബൈജുവായിരുന്നു. താരത്തിന് പുറമെ ചിത്രത്തില്‍ ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജ രവി, അബു സലീം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. ഇനി വരാനിരിക്കുന്ന ധനുഷ് ചിത്രം D55ല്‍ മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ അഭിനേതാക്കള്‍ക്ക് പുറമെ മലയാളി സംവിധായകരും തമിഴില്‍ ഇപ്പോള്‍ സജീവമാണ്. ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിഷ് സഹദേവ് തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കിയത് തമിഴിലായിരുന്നു. ജീവയെ നായകനാക്കി ഒരുക്കിയ തലൈവര്‍ തമ്പി തലൈമയില്‍ ഈ വര്‍ഷമാദ്യം തിയേറ്ററുകളിലെത്തുകയും തമിഴ്‌നാട്ടില്‍ നിന്നും വലിയ വിജയം സ്വന്തമാക്കുകയുമായിരുന്നു.

സൂര്യ47. Photo: The Hindu

ഏവരും കാത്തിരിക്കുന്നത് സൂര്യയെ നായകനാക്കി ആവേശം സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന സൂര്യ47നായാണ്. ചിത്രത്തില്‍ സൂര്യയോടൊപ്പം നസ്‌ലെനും നസ്രിയയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണെന്നും കാണാം.

അതേസമയം ജൂണ്‍ 19 പുറത്തിറങ്ങാനിരിക്കുന്ന ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലെ തമിഴ് അഭിനേതാക്കളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ നായികയായി മധുബാലയെത്തുമ്പോള്‍ തമിഴിലെ മുന്‍നിര അഭിനേതാക്കളായ ജാഫര്‍ സാദിഖും, തമ്പി രാമയ്യയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: The boundary between Kollywood and Mollywood fades as actors and director involves in each industry

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more