| Wednesday, 18th June 2025, 2:40 pm

ബി.സി.സി.ഐക്ക് വമ്പന്‍ തിരിച്ചടി; പോരില്‍ വീണ്ടും വിജയിച്ച് കൊച്ചി ടസ്‌കേഴ്‌സ് കേരള

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ നിന്നും പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) 538 കോടി രൂപ നല്‍കണമെന്ന ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി. ബി.സി.സി.ഐ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

ഒറ്റ സീസണില്‍ മാത്രമാണ് കൊച്ചി ആസ്ഥാനമാക്കിയ ടീം ഐ.പി.എല്‍ കളിച്ചത്. കരാര്‍ ലംഘനം ആരോപിച്ച് 2011ല്‍ ബി.സി.സി.ഐ ടീമിനെ ഐ.പി.എല്ലില്‍ നിന്നും പുറത്താക്കിയിരുന്നു.

തങ്ങള്‍ക്ക് നഷ്ടപരിഹാരം വേണ്ടെന്നും ടൂര്‍ണമെന്റില്‍ കളിക്കാന്‍ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്‌സിന്റെ ആവശ്യം അപെക്‌സ് ബോര്‍ഡ് തള്ളിയതിന് പിന്നാലെയാണ് വിഷയം തര്‍ക്ക പരിഹാര കോടതിയിലെത്തിയത്.

ടസ്‌കേഴ്‌സിനെതിരെ ബി.സി.സി.ഐയും നിയമപോരാട്ടത്തിനിറങ്ങിയെങ്കിലും തിരിച്ചടികള്‍ മാത്രമായിരുന്നു നേരിട്ടത്. ഇക്കൂട്ടത്തില്‍ ഒടുവിലേറ്റ തിരിച്ചടിയാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

കേരള ടസ്‌കേഴ്‌സിനെ ടൂര്‍ണമെന്റില്‍ പുറത്താക്കിയതിനെതിരെ ഏതാനും ബോര്‍ഡ് അംഗങ്ങള്‍ രംഗത്തുവന്നെങ്കിലും അവരുടെ എതിര്‍പ്പ് വകവയ്ക്കാതെ അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.

ഐ.പി.എല്‍ പ്രവേശനത്തിനു ടസ്‌കേഴ്‌സ് നല്‍കിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി ബി.സി.സി.ഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. ആറ് മാസത്തിനുള്ളില്‍ പുതിയ ഗാരന്റി നല്‍കാനുള്ള നിര്‍ദേശം പാലിക്കാന്‍ ടസ്‌കേഴ്‌സ് വിസമ്മതിച്ചതോടെ കരാര്‍ ലംഘനത്തിന്റെ പേരില്‍ 2011 സെപ്റ്റംബറില്‍ ടീമിനെ പുറത്താക്കുകയായിരുന്നു.

അപെക്‌സ് ബോര്‍ഡിന്റെ ഈ നടപടികള്‍ക്കെതിരെയാണ് ടീം ഉടമകളായ റോണ്ടേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. ബാങ്ക് ഗാരന്റി അന്യായമായി ഈടാക്കിയെന്ന് കാട്ടിയുള്ള ടസ്‌കേഴ്‌സിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി 2015 ജൂലൈയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടത്.

ടസ്‌കേഴ്‌സിനെ ഐ.പി.എല്ലിലേക്ക് തിരിച്ചെടുത്ത് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നും രക്ഷപ്പെടണമെന്ന് ബി.സി.സി.ഐയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും ആ ആവശ്യം നിരാകരിച്ച് നിയമപരമായി കൊച്ചി ഫ്രാഞ്ചൈസിയെ നേരിടാനാണ് ബോര്‍ഡ് തയ്യാറായത്. എന്നാല്‍ തര്‍ക്കപരിഹാര കോടതി കൊച്ചിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.

2011ലാണ് ഐ.പി.എല്‍ പുതിയ ടീമുകളെ ആദ്യമായി ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയത്. ഈ സീസണില്‍ കൊച്ചി ടസ്‌കേഴ്‌സിന് പുറമെ പൂനെ വാറിയേഴ്‌സ് ഇന്ത്യയും ഐ.പി.എല്ലിന്റെ ഭാഗമായി.

ഒറ്റ സീസണ്‍ മാത്രം കളിച്ച ഐ.പി.എല്‍ ഓര്‍ത്തുവെക്കാന്‍ ഒന്നും തന്നെ ബാക്കി വെക്കാതെ ടൂര്‍ണമെന്റില്‍ നിന്നുതന്നെ പുറത്തായി. പല വ്യവസായ ഗ്രൂപ്പുകള്‍ ചേര്‍ന്നതായിരുന്നു കൊച്ചി ടസ്‌ക്കേഴ്‌സ് മാനേജ്‌മെന്റ്. ടീം പുറത്തായതോടെ ഈ കണ്‍സോര്‍ഷ്യവും ഇല്ലാതായി.

എട്ടാം സ്ഥാനത്താണ് ആദ്യ സീസണില്‍ ടീം ഫിനിഷ് ചെയ്തത്. ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരന്‍, ബ്രണ്ടന്‍ മക്കെല്ലം, മഹേല ജയവര്‍ധനെ എന്നിവര്‍ക്കൊപ്പം മലയാളികളുടെ സ്വന്തം എസ്. ശ്രീശാന്ത് എന്നിവരടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് നിര.

രണ്ട് വര്‍ഷത്തിന് ശേഷം, കരാര്‍ ലംഘനത്തിന്റെ പേരില്‍ പൂനെ വാറിയേഴ്‌സിന്റെ ഐ.പി.എല്‍ യാത്രയും 2103ഓടെ അവസാനിച്ചു. ഇതോടെ 2014ല്‍ വീണ്ടും എട്ട് ടീമുകള്‍ തന്നെ ടൂര്‍ണമെന്റിന്റെ ഭാഗമായി.

Content Highlight: The Bombay High Court has upheld the arbitral tribunal’s verdict that the BCCI should pay compensation to Kochi Tuskers Kerala

We use cookies to give you the best possible experience. Learn more