| Sunday, 25th May 2025, 6:47 pm

1989ലെ ചോരയും 2025ലെ ഭീഷണിയും; എന്താണ് ബി.ജെ.പിയുടെ 'കോളീഫ്ളവർ റഫറൻസ്'?

ജിൻസി വി ഡേവിഡ്

കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത്തിൽ ആഘോഷവുമായി കർണാടക ബി.ജെ.പിയുടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് വന്നു.

നക്സലിസം റസ്റ്റ് ഇൻ പീസ് എന്ന് പറയുന്ന സ്മാരക ശിലക്ക് മുകളിൽ കൈയിലൊരു കോളീഫ്‌ളവറുമായി നിൽക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ചിത്രമായിരുന്നു പോസ്റ്റ്. പിന്നാലെ നിരവധി ബി.ജെ.പി അനുകൂല സോഷ്യൽ മീഡിയകളിലും കോളീഫ്ളവറിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു.

1989 ൽ ഭഗൽപൂരിൽ തീവ്ര ഹിന്ദുത്വവാദികൾ മുസ്‌ലിങ്ങളെ കൂട്ടക്കൊല നടത്തുകയും കുഴിച്ചിട്ട മൃതദേഹങ്ങൾക്ക് മുകളിൽ കോളീഫ്‌ളവർ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു.

ഛത്തീസ്‌ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ 27 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പി, സംഘ് അനുകൂല സമൂഹമാധ്യമങ്ങളിൽ ഈ കോളീഫ്ളവർ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബി.ജെ.പിയും സംഘപരിവാരവും ഇത്രയധികം ആഘോഷിക്കാൻ മാത്രം കോളീഫ്ളവറിന് പിന്നിലുള്ള ചരിത്രം എന്താണ്? സ്വാഭാവികമായും ചോദ്യം ഉയരും.

എന്നാൽ അതിനുള്ള ഉത്തരം അല്പം ഞെട്ടിപ്പിക്കുന്നതാണ്. ബി.ജെ.പിയും സംഘശക്തികളും ആഘോഷിക്കുന്ന കോളീഫ്ളവറിന് പിന്നിലുള്ളത് നൂറുകണക്കിന് മുസ്‌ലിങ്ങളുടെ ചോര ചിന്തപ്പെട്ട കലാപത്തിന്റെ കഥയാണ്.

1989 ൽ ഭഗൽപൂരിൽ തീവ്ര ഹിന്ദുത്വവാദികൾ മുസ്‌ലിങ്ങളെ കൂട്ടക്കൊല നടത്തുകയും കുഴിച്ചിട്ട മൃതദേഹങ്ങൾക്ക് മുകളിൽ കോളീഫ്‌ളവർ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു.

പർബത്തിയിൽ കുടുംബത്തിലെ 12 പേരെ നഷ്ടപ്പെട്ട മുഹമ്മദ് ജാവേദ്| കടപ്പാട് ജാവേദ് ഇഖ്ബാലിന്റെ ഫോട്ടോ ആർട്ടിക്കിൾ

1989ൽ, മുഹറം, ബിഷേരി പൂജ ആഘോഷങ്ങളുടെ സമയത്ത് ഭഗൽപൂരിൽ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചു.

ബാബറി പള്ളിക്ക് പകരം അയോധ്യയിൽ ഒരു ഹിന്ദു ക്ഷേത്രം നിർമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാമജന്മഭൂമി പ്രചാരണത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് ഭഗൽപൂരിൽ ഒരു രാംശില ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.

അയോധ്യയിലെ നിർദിഷ്ട രാമക്ഷേത്രത്തിനായി ഇഷ്ടികകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഘോഷയാത്ര. ഭഗൽപൂരിലെ ഫത്തേപൂർ ഗ്രാമത്തിലൂടെ കടന്നുപോകേണ്ടിയിരുന്ന ആ ഘോഷയാത്രക്ക് പിന്നാലെയാണ് കലാപത്തിന്റെ ആരംഭം. പിന്നീട് 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടു എന്നത് മറ്റൊരു ചരിത്രം.

1989 ഒക്ടോബർ 24 ന്, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാംശില ഘോഷയാത്രകൾ ഗൗശാല പ്രദേശത്തേക്ക് പോകാനൊരുങ്ങി. അവിടെ നിന്ന് അയോധ്യയിലേക്ക് ഘോഷയാത്രയായി പോകാനായിരുന്നു സംഘാടകരുടെ തീരുമാനം.

ഘോഷയാത്രയുടെ നേതാവ് മഹാദേവ് പ്രസാദ് സിങ് ഹിന്ദുക്കളോട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തരുതെന്ന് കർശനമായി നിർദേശിച്ചതിനാൽ, പർബത്തി പ്രദേശത്തുനിന്ന് വരുന്ന ഘോഷയാത്ര മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ തതാർപൂരിലൂടെ സമാധാനപരമായി കടന്നുപോയി.

കുറച്ചു കഴിഞ്ഞപ്പോൾ, നാഥ്‌നഗറിൽ നിന്നുള്ള മറ്റൊരു ഘോഷയാത്ര തതാർപൂരിലെത്തി. പൊലീസ് സൂപ്രണ്ട് കെ.എസ്. ദ്വിവേദിയുടെ സാന്നിധ്യത്തിൽ, വലിയ പൊലീസ് അകമ്പടിയോടെ ഈ ഘോഷയാത്ര നടന്നു. എന്നാൽ ജാഥയിലെ ചില അംഗങ്ങൾ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ, മുല്ല ഭാഗോ പാകിസ്ഥാൻ’ (‘ഇന്ത്യ ഹിന്ദുക്കൾക്കുള്ളതാണ്, മുസ്‌ലിങ്ങൾ പാകിസ്ഥാനിലേക്ക് പോകൂ’) ‘ബാബർ കി ഔലാദോൻ, ഭാഗോ പാകിസ്ഥാൻ യാ കബ്രിസ്ഥാൻ’ (‘ ബാബറിന്റെ മക്കളേ , പാകിസ്ഥാനിലേക്കോ ശവക്കുഴിയിലേക്കോ പോകൂ ‘) തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു.

ലോഗെയ്‌നിലെ കോളിഫ്ലവർ പാടങ്ങൾ, 1989-ൽ കൂട്ടക്കൊല നടത്തിയവർ മൃതദേഹങ്ങൾ മറവു ചെയ്യുന്നതിനായി ഒരു കൂട്ടക്കുഴിമാടത്തിന് മുകളിൽ കോളിഫ്ലവർ നട്ടുപിടിപ്പിച്ചതായി പറയപ്പെട്ട സ്ഥലം|കടപ്പാട് ജാവേദ് ഇഖ്ബാലിന്റെ ഫോട്ടോ ആർട്ടിക്കിൾ

പർബത്തി-തതാർപൂർ ജംഗ്ഷനിൽ വെച്ച് ജില്ലാ മജിസ്‌ട്രേറ്റ് അരുൺ ഝാ ഘോഷയാത്ര നിർത്തി. തുടർന്ന് തതാർപൂർ വഴി ഘോഷയാത്ര കടന്നുപോകാൻ അനുവദിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മുസ്‌ലിങ്ങളോട് അഭ്യർത്ഥിച്ചു, പക്ഷേ മുസ്‌ലിങ്ങൾ വിസമ്മതിക്കുകയും ഗൗശാലയിലേക്ക് ഒരു ബദൽ വഴി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.

ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, തതാർപൂരിലെ മുസ്‌ലിം ഇംഗ്ലീഷ് സ്കൂളിനടുത്ത് നിന്ന് ഘോഷയാത്രയ്ക്ക് നേരെ ബോംബുകളും ഇഷ്ടികയും വടികളും എറിയപ്പെട്ടു. ബോംബാക്രമണത്തിൽ ആരും കൊല്ലപ്പെട്ടില്ലെങ്കിലും, 11 പൊലീസുകാർക്ക് നിസാര പരിക്കേറ്റു. പിന്നാലെ ആക്രമണം പൊട്ടിപ്പുറപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.

1995ൽ ജസ്റ്റിസുമാരായ രാം ചന്ദ്ര പ്രസാദ് സിൻഹയും എസ്. ഷംസുൽ ഹസനും ചേർന്ന് തയാറാക്കിയ കലാപ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് മുസ്‌ലിങ്ങളോ ഹിന്ദുക്കളോ അല്ലെങ്കിൽ രണ്ടുപേരോ ആകാം അക്രമികൾ എന്നാണ്.

തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ സംമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന്| കടപ്പാട് വിക്കിപീടിയ

എന്നാൽ പിന്നാലെ തന്നെ ഭഗൽപൂർ ജില്ലയിലെ ഒരു പ്രദേശമായ പർബത്തിയിൽ, ഒരു കിണർ നിറയെ മൃതദേഹങ്ങൾ കഷണങ്ങളാക്കി മുറിച്ച നിലയിൽ കാണപ്പെട്ടു. പ്രാദേശിക റിപ്പോർട്ടർമാർ അത് മുസ്‌ലിം ജനക്കൂട്ടം കൊലപ്പെടുത്തിയ ഹിന്ദു വിദ്യാർത്ഥികളുടെ മൃതദേഹങ്ങളാണെന്ന് പെട്ടെന്ന് പ്രഖ്യാപിച്ചു.

സംഭവത്തെക്കുറിച്ച് തെറ്റായ കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. അതിൽ ഒന്ന് 200 ഓളം ഹിന്ദു സർവകലാശാല വിദ്യാർത്ഥികളെ മുസ്‌ലിങ്ങൾ കൊന്നുവെന്നും മറ്റൊരു കിംവദന്തി 31 ഹിന്ദു ആൺകുട്ടികളെ കൊലപ്പെടുത്തി ഒരു കിണറ്റിൽ തള്ളിയെന്നും ആയിരുന്നു. എന്നാൽ ഒടുവിൽ കൊല്ലപ്പെട്ടത് മുഹമ്മദ് ജാവേദ് എന്ന മുസ്‌ലിമിന്റെ കുടുംബാംഗങ്ങളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആ കുടുംബത്തിലെ 12 പേരും കൊല്ലപ്പെട്ടിരുന്നു.

2015 ൽ ഇറങ്ങിയ മാധ്യമപ്രവർത്തകൻ ജാവേദ് ഇഖ്ബാലിന്റെ ഫോട്ടോ ഫീച്ചർ ആർട്ടിക്കിളിലും അന്ന് കൊല്ലപ്പെട്ടത് മുഹമ്മദ് ജാവേദ് എന്ന വ്യക്തിയുടെ കുടുംബമാണെന്ന് പറയുന്നുണ്ട്.

അക്രമികൾ 116 മുസ്‌ലിങ്ങളെ കൊലപ്പെടുത്തി. തെളിവുകൾ മറയ്ക്കാൻ അവരുടെ മൃതദേഹങ്ങൾ കുഴിച്ചിടുകയും അതിന് മുകളിൽ കോളിഫ്ലവർ, കാബേജ് തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഇത് കോളിഫ്ലവർ കൂട്ടക്കൊല എന്നറിയപ്പെട്ടു.

പിന്നാലെ ഭഗൽപൂരിൽ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടു. ഒരുമാസത്തോളം നീണ്ടുനിന്ന കലാപത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതിന് 900ത്തിലധികം പേരും മുസ്‌ലിങ്ങളായിരുന്നു.

കെ. എസ്. ദ്വിവേദി| കടപ്പാട് ഇന്ത്യൻ എക്സ്പ്രസ്

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, ആയിരക്കണക്കിന് അക്രമികൾ 250ലധികം ഗ്രാമങ്ങൾ കത്തിച്ചുകളയും, ജില്ലയിലുടനീളം കൂട്ടക്കൊലകൾ നടത്തുകയും ചെയ്തു. ആയിരത്തോളം പേർ മരിച്ചു എന്നായിരുന്നു ഔദ്യോഗികമായി പുറത്ത് വന്ന കണക്കുകൾ. അതിൽ 93% മുസ്‌ലിങ്ങൾ ആയിരുന്നു. 11,500ലധികം വീടുകൾ നശിപ്പിക്കപ്പെട്ടു. ഏകദേശം 50,000 പേരെ മാറ്റിപ്പാർപ്പിച്ചു, അവരിൽ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നു. പ്രധാനമായും മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ഭഗൽപൂർ സിൽക്ക് വ്യവസായം തകർന്നതായും ദി ഒബ്സർവർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

മുസ്‌ലിം വിരുദ്ധനാണെന്ന് ആരോപിക്കപ്പെട്ട പൊലീസ് സൂപ്രണ്ടായിരുന്ന കെ.എസ്. ദ്വിവേദിയോട് ചുമതല അജിത് ദത്തിന് കൈമാറാൻ അന്നത്തെ ബീഹാർ മുഖ്യമന്ത്രി സത്യേന്ദ്ര നാരായൺ സിൻഹ ആവശ്യപ്പെട്ടു. എന്നാൽ പൊലീസുകാരും വി.എച്ച്.പി അനുയായികളും അടങ്ങുന്ന ഒരു ജനക്കൂട്ടത്തിന്റെ ആവശ്യപ്രകാരം ദ്വിവേദിയുടെ സ്ഥലംമാറ്റം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി റദ്ദാക്കിയെന്ന് കോൺഗ്രസ്സ് മുഖ്യമന്ത്രി സത്യേന്ദ്ര നാരായൺ സിൻഹയുടെ ആത്മകഥയിൽ പറയുന്നുണ്ട്.

തീവ്ര ഹിന്ദുത്വവാദികൾ കൂട്ടക്കൊലയുടെ സിംബൽ ആയി ഭീഷണി മുഴക്കുന്ന കോളീഫ്ളവറിന്റെ രക്തരൂക്ഷിതമായ ചരിത്രം നടന്നത് ഭഗൽപൂരിലെ ലോഗേയ്‌നിലാണ്. 1989 ഒക്ടോബർ 27 ന് രാവിലെ ലോഗെയ്ൻ ഗ്രാമം ആക്രമിക്കപ്പെട്ടു. ഏകദേശം 4,000 പേരുണ്ടെന്ന് കണക്കാക്കപ്പെടുന്ന ഒരു വലിയ ജനക്കൂട്ടം ലോഗേയ്‌നെ ആക്രമിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രാംചന്ദർ സിങ്ങും യൂണിഫോമിലുള്ള മറ്റ് പൊലീസുകാരുമാണ് ഈ ജനക്കൂട്ടത്തെ നയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ പലതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അക്രമികൾ 116 മുസ്‌ലിങ്ങളെ കൊലപ്പെടുത്തി. തെളിവുകൾ മറയ്ക്കാൻ അവരുടെ മൃതദേഹങ്ങൾ കുഴിച്ചിടുകയും അതിന് മുകളിൽ കോളിഫ്ലവർ, കാബേജ് തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഇത് കോളിഫ്ലവർ കൂട്ടക്കൊല എന്നറിയപ്പെട്ടു.

കൊല നടന്ന് 44 ദിവസങ്ങൾക്ക് ശേഷമാണ് ലോഗേയ്‌നിൽ നിന്ന് മൃതദേഹങ്ങൾ കുഴിച്ചെടുത്തത്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും സഹോദരനുമുൾപ്പടെ തന്റെ കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടെന്ന് ലോഗേയ്‌നിൽ കലാപത്തിനിടെ രക്ഷപ്പെട്ട മുഹമ്മദ് നസീം പറയുന്നു.

1989 ഡിസംബർ എട്ടിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങളെക്കുറിച്ചും അവക്ക് മുകളിൽ വളരുന്ന കോളിഫ്ലവറുകളെക്കുറിച്ചും ഗ്രാമവാസികൾ സംസാരിക്കുന്നത് കേട്ട ഉദ്യോഗസ്ഥർ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. കളക്ടറുടെ ഓഫീസിൽ നിന്നുള്ള ഒരു സർവേയിൽ, ലോഗേയ്‌നിന്റെ വിവിധ ഭാഗങ്ങളിലായി അടക്കം ചെയ്ത 105 പേരിൽ 52 കുട്ടികളുണ്ടായിരുന്നുവെന്ന് ജാവേദ് ഇഖ്ബാലിന്റെ ഫോട്ടോ ആർട്ടിക്കിളിൽ പറയുന്നു.

2007ൽ, ലോഗെയ്ൻ കൂട്ടക്കൊലയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 14 പേരെ കോടതി ശിക്ഷിച്ചു.

ജില്ലയിലുടനീളമുള്ള നിരവധി കൊലപാതകങ്ങളിൽ പ്രധാന പ്രതിയായ കാമേശ്വർ യാദവ്, വിശ്വഹിന്ദു പരിഷത്തിന്റെ പിന്തുണയോടെ 1990ൽ ഹിന്ദു മഹാസഭ ടിക്കറ്റിൽ നാഥ്‌നഗർ നിയമസഭാ സീറ്റിലേക്ക് മത്സരിച്ചിരുന്നു. കലാപത്തിൽ അക്രമം നേരിട്ട നിരവധി മുസ്‌ലിങ്ങൾ തുടർച്ചയായി രണ്ട് ലോക്‌സഭാ ടേമുകളിൽ ഭാരതീയ ജനതാ പാർട്ടിയിലെ ഷാനവാസ് ഹുസൈന് വോട്ട് ചെയ്തു.

എന്നാൽ അദ്ദേഹം നിറവേറ്റുമെന്ന് അവർ പ്രതീക്ഷിച്ച വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ മൂന്നാം തവണ അദ്ദേഹത്തെ ഉപേക്ഷിച്ചു എന്നതും പരസ്യമായ രഹസ്യമാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, രാഷ്ട്രീയ ജനതാദളിന്റെ ബുലു മണ്ഡലിനോട് അദ്ദേഹം 9,485 വോട്ടുകൾക്ക് പരാജയപ്പെട്ടു.

കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ 1995 ൽ അന്നത്തെ ബീഹാർ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ് , ബീഹാർ ഹൈക്കോടതി ജഡ്ജിമാരായ സി.പി. സിൻഹ, എസ്. ഷംസുൽ ഹസൻ എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു . 1995ൽ തന്നെ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും അക്രമം തടയുന്നതിൽ പരാജയപ്പെട്ടതിന് പൊലീസ് സൂപ്രണ്ട് കെ.എസ്. ദ്വിവേദി ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്തു.

2005 നവംബറിൽ അധികാരത്തിൽ വന്നയുടനെ, കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ നിതീഷ് കുമാർ ജസ്റ്റിസ് എൻ.എൻ. സിങ്ങിന്റെ നേതൃത്വത്തിൽ ഭഗൽപൂർ കലാപ അന്വേഷണ കമ്മീഷനെ നിയമിച്ചു. കമ്മീഷൻ 2015 ഫെബ്രുവരിയിൽ 1000 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു. 2015 ഓഗസ്റ്റ് ഏഴിന് ബീഹാർ നിയമസഭയിൽ ഈ റിപ്പോർട്ട് അവതരിപ്പിച്ചു. അന്നത്തെ കോൺഗ്രസ് സർക്കാരിന്റെയും തദ്ദേശ ഭരണകൂടത്തിന്റെയും പോലീസിന്റെയും നിഷ്‌ക്രിയത്വമാണ് മാരകമായ ഏറ്റുമുട്ടലുകൾക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജീവ് ഗാന്ധി

അന്ന് ലോഗേയ്‌നിൽ നൂറുകണക്കിന് മുസ്‌ലിങ്ങളുടെ മൃതദേഹങ്ങൾക്ക് മുകളിൽ കുഴിച്ചിട്ട, കൂട്ടക്കൊലയുടെ പ്രതീകമായ കോളീഫ്‌ളവറുകൾ ഇപ്പോഴും ബി.ജെ.പിയും സംഘപരിവാറും ഉയർത്തുകയാണ്.

മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും നടത്തിയ പ്രതിഷേധത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായതിന് പിന്നാലെയും തീവ്ര ഹിന്ദുത്വവാദികൾ പങ്കിട്ടത് കോളീഫ്ളവറിന്റെ ചിത്രങ്ങളായിരുന്നു. കൂട്ടക്കൊലയെയും രക്തച്ചൊരിച്ചിലിനെയും ഓർമ്മപ്പിക്കാനുള്ള റഫറൻസായി കോളീഫ്ളവറിനെയും ബി.ജെ.പിയും സംഘപരിവാറും മാറ്റിയിരിക്കുന്നു.

Content Highlight: The blood of 1989 and the threat of 2025; What is BJP’s ‘cauliflower reference’?

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more