| Monday, 3rd August 2026, 10:21 pm

ദേശീയ അധ്യക്ഷന്റെ മണ്ഡലം പോലും തോറ്റെങ്കില്‍ ഉത്തരേന്ത്യയില്‍ ബി.ജെ.പിയുടെ അടിവേരിളകിത്തുടങ്ങി; പ്രശാന്ത് കിഷോറിന്റെ വിജയത്തില്‍ സന്ദീപ് വാര്യര്‍

ആദർശ് എം.കെ.

തിരുവനന്തപുരം: ബീഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഉറച്ച കോട്ട തകര്‍ത്ത് ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ നേടിയ ചരിത്രവിജയത്തെ പുകഴ്ത്തി തൃക്കരിപ്പൂര്‍ എം.എല്‍.എയും മുന്‍ ബി.ജെ.പി നേതാവുമായ സന്ദീപ് വാര്യര്‍.

ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റിന്റെ മണ്ഡലവും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പാര്‍ട്ടിയുടെ കുത്തക സീറ്റുമായിരുന്ന ബങ്കിപ്പൂര്‍ പിടിച്ചെടുത്തത് ഉത്തരേന്ത്യയില്‍ ബി.ജെ.പിയുടെ അടിവേരുകള്‍ ഇളകാന്‍ തുടങ്ങിയതിന്റെ വ്യക്തമായ തെളിവാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

ബി.ജെ.പി സ്വന്തം ദേശീയ പ്രസിഡന്റിന്റെ മണ്ഡലത്തില്‍ പോലും തോറ്റമ്പിയ സാഹചര്യത്തില്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ തകരാന്‍ തുടങ്ങിയിരിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

രാജ്യത്ത് കടുത്ത ഭരണവിരുദ്ധ വികാരമാണ് ബി.ജെ.പിയെ കാത്തിരിക്കുന്നതെന്നും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി നീരജ് കുമാര്‍ സിന്‍ഹയെ 18,953 വോട്ടുകള്‍ക്കാണ് പ്രശാന്ത് കിഷോര്‍ പരാജയപ്പെടുത്തിയത്. പോരാട്ടത്തില്‍ ആര്‍.ജെ.ഡിയുടെ രേഖ കുമാരി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലാണ് ഈ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2010ല്‍ മണ്ഡലം പുനര്‍നിര്‍ണയിച്ചതിന് ശേഷം നിതിന്‍ നബീന്‍ തുടര്‍ച്ചയായി പ്രതിനിധീകരിച്ചിരുന്ന, ബി.ജെ.പിയുടെ ഏറ്റവും സുരക്ഷിതമായ ഈ കുത്തക മണ്ഡലമാണ് വെറും 30 ദിവസത്തെ തീവ്രപ്രചാരണം കൊണ്ട് പ്രശാന്ത് കിഷോര്‍ പിടിച്ചെടുത്തത്.

വോട്ടെണ്ണലിന്റെ 28-ാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ പരാജയം ഉറപ്പായതോടെ ബി.ജെ.പി ഏജന്റുമാര്‍ കൗണ്ടിങ് സെന്ററില്‍ നിന്ന് മടങ്ങിയിരുന്നു.

‘എന്റെ ഈ കന്നി തെരഞ്ഞെടുപ്പ് വിജയം ബീഹാര്‍ ജനത ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നല്‍കിയ ശക്തമായ സന്ദേശമാണ്. ബിഹാറില്‍ മികച്ച വിദ്യാഭ്യാസം, യുവാക്കള്‍ക്ക് തൊഴില്‍, ഇതര സംസ്ഥാനങ്ങളിലേക്കുള്ള പലായനം തടയല്‍ എന്നിവയ്ക്കാണ് ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നത്,’ എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

നീറ്റ് പ്രക്ഷോഭങ്ങള്‍ക്ക് ശേഷം നടന്ന ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഏറ്റവും ശക്തമായ കോട്ട തകര്‍ന്നത് വരാനിരിക്കുന്ന മറ്റ് തെരഞ്ഞെടുപ്പുകളിലും ദേശീയ രാഷ്ട്രീയത്തിലും ബി.ജെ.പിയുടെ അടിത്തറയിളക്കുന്ന ഒന്നാണെന്നാണ് വിലയിരുത്തല്‍.

Content Highlight: The BJP’s foundations are shaking in North India; MLA Sandeep Varier hails Prashant Kishor’s historic victory in Bankipur.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more