| Thursday, 6th November 2025, 9:28 am

ബീഹാര്‍ തെരഞ്ഞെടുപ്പ്; ബി.ജെ.പി എം.എല്‍.എ പാര്‍ട്ടി വിട്ട് ആര്‍.ജെ.ഡിയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ബി.ജെ.പി എം.എല്‍.എ പാര്‍ട്ടി വിട്ട് ആര്‍.ജെ.ഡിയില്‍ ചേര്‍ന്നു. ഭഗല്‍പൂരിലെ പട്ടികജാതി സീറ്റായ പിര്‍പൈന്തി നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ലാല്‍ കുമാറാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്.

തെരഞ്ഞെടുപ്പിന് മുമ്പ് ലാല്‍ കുമാര്‍ പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റില്‍ മത്സരിച്ച ലാല്‍ കുമാറിന് പാര്‍ട്ടി ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. പിര്‍പൈന്തി മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി മുരാരി പസ്വാനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ലാല്‍ കുമാര്‍ ആര്‍.ജെഡിയിലേക്ക് ചേക്കേറിയത്.

ആര്‍.ജെ.ഡിയില്‍ ചേര്‍ന്ന ശേഷം ലാല്‍ കുമാര്‍ ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെയും മുന്‍ മുഖ്യ മന്ത്രി റാബ്‌റി ദേവിനെയും കണ്ടിരുന്നു. മാത്രമല്ല ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചു. ബീഹാറിനെ തേജസ്വിക്ക് സമര്‍പ്പിച്ചിരിക്കണമെന്നും തേജസ്വിയാണ് ഭാവിയും വര്‍ത്തമാനവുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

‘രാഷ്ട്രീയ ജനതാദളിന്റെ യാത്രാസംഘം വളര്‍ന്നു കൊണ്ടേയിരിക്കട്ടെ. ഇന്നു മുതല്‍ ഞാനും അതില്‍ ചേര്‍ന്നു. ബീഹാറിനെ തേജസ്വിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു സംസ്ഥാനമാക്കണം. നാമെല്ലാവരും ഇത് ഒരുമിച്ച് ചെയ്യാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. തേജസ്വിയാണ് ഭാവിയും തേജസ്വിയാണ് വര്‍ത്തമാനവും. ജയ് ഭീം’ എന്ന് ലാലന്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതി.

പിര്‍പൈന്തിയില്‍ ബി.ജെ.പിയുടെ മുരാരി പാസ്വാനും ആര്‍.ജെ.ഡിയുടെ രാംവിലാഷ് പാസ്വാനും തമ്മിലാണ് മത്സരം. അതേസമയം 121 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് (നവംബര്‍ 6ന്) ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ബാക്കിയുള്ള 122 മണ്ഡലങ്ങളിലേക്ക് നവംബര്‍ 11ന് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

Content Highlight:  the BJP MLA left the party and joined the RJD before the Bihar elections

We use cookies to give you the best possible experience. Learn more