ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ വരാനിരിക്കുന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ പെന്‍ഗ്വിന്‍ ബുക്‌സ് പിന്മാറിയതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ്, മോദി ഭരണകാലത്തെ ചൈനീസ് കടന്നുകയറ്റം എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
സര്‍ക്കാര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ സോണിയ ഗാന്ധി നിരസിച്ചതിനാലാണ് പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പ്രസാധകര്‍ പിന്മാറിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്, ഗൗരവ് ഗോഗോയ് എം.പി തുടങ്ങിയ പ്രമുഖ നേതാക്കളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ ആല്‍ഫ്രഡ് എ. നോഫ് വഴി ഈ പുസ്തകം യാതൊരു മാറ്റവുമില്ലാതെ പുറത്തിറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം എന്തുകൊണ്ട് മാറ്റങ്ങള്‍ ആവശ്യപ്പെടുന്നു എന്ന് ഗെഹ്ലോട്ട് ചോദിച്ചു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ പുസ്തകം വായിക്കുമ്പോള്‍ രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് ചിന്തിക്കുമെന്നും അത് ബി.ജെ.പി നേതാക്കള്‍ ഭയപ്പെടുന്നുണ്ടെന്നും ഗൗരവ് ഗഗോയ് പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവിന്റെ ആത്മകഥയിലെ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് രാഷ്ട്രീയ സമ്മര്‍ദം ചെലുത്തുന്നത് ജനാധിപത്യ സംവിധാനത്തില്‍ ആശങ്കപ്പെടുത്തുന്ന പ്രവണതയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് പെന്‍ഗ്വിന്‍ ബുക്കസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുണ്ട്. തങ്ങള്‍ ഈ പുസ്തകത്തിന്റെ ഇന്ത്യന്‍ പതിപ്പിന്റെ പ്രസാധകരല്ലെന്നും എഴുത്തുകാരി എഡിറ്റോറിയല്‍ മാറ്റങ്ങള്‍ നിരസിച്ചതിനാലാണ് പിന്മാറിയതെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അറിയിച്ചു. പുസ്തകങ്ങളുടെ വസ്തുതാ പരിശോധന നടത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും പ്രസാധകര്‍ക്ക് അവകാശമുണ്ടെന്നും ഇത് സാധാരണ പ്രക്രിയ മാത്രമാണെന്നും അവര്‍ പറഞ്ഞു.
അതേസമയം യു.എസ് പ്രസാധകരായ ആല്‍ഫ്രഡ് എ. നോഫ് വഴി പുസ്തകത്തിന്റെ അന്താരാഷ്ട്ര പതിപ്പ് വരാനിരിക്കുന്ന നവംബര്‍ 10ന് തന്നെ പുറത്തിറങ്ങും. ഇന്ത്യയില്‍ പെന്‍ഗ്വിന്‍ പിന്മാറിയ സാഹചര്യത്തില്‍, മറ്റൊരു പ്രമുഖ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് പുസ്തകത്തിന്റെ ഇന്ത്യന്‍ പതിപ്പിന്റെ അവകാശം സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: The BJP fears people learning political history by reading Sonia Gandhi’s book; Penguin India withdrew due to pressure from the Central Government: Congress.