| Sunday, 12th July 2026, 9:44 pm

ഒന്നുകില്‍ മാപ്പ്, അല്ലെങ്കില്‍ തെളിവ്; കുതിരക്കച്ചവട ആരോപണത്തില്‍ ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ ബി.ജെ.പി

ആദർശ് എം.കെ.

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എമാരെ പണം നല്‍കി വശത്താക്കാന്‍ ശ്രമിച്ചെന്ന ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ആരോപണത്തിനെതിരെ ബി.ജെ.പി. ഈ ആരോപണത്തില്‍ ഒമര്‍ അബ്ദുള്ള തെളിവ് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം പരസ്യമായി മാപ്പ് പറയണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.

കഴിഞ്ഞ ദിവസം ശ്രീനഗറില്‍ നടന്ന ഒരു പൊതുറാലിയിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്. തങ്ങളുടെ എം.എല്‍.എമാരെ ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള സുപ്രീം കോടതി അഭിഭാഷകന്‍ സമീപിച്ചതായും, പാര്‍ട്ടി മാറുന്നതിനായി 20 മുതല്‍ 30 കോടി രൂപ വരെയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായും ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാമെന്ന് ബി.ജെ.പി എന്‍.സി എം.എല്‍.എമാര്‍ക്ക് വാഗ്ദാനം നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു. ജനവിധി അട്ടിമറിക്കാനും പാര്‍ട്ടിയെ തകര്‍ക്കാനുമുള്ള ശ്രമമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ഇതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതവും നിരുത്തരവാദപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ജമ്മുവില്‍ നടന്ന പത്രസമ്മേളനത്തില്‍ ബി.ജെ.പി എം.എല്‍.എ ആര്‍.എസ്. പഥാനിയ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പക്കല്‍ ഇതിന് തെളിവുണ്ടെങ്കില്‍ അത് ജമ്മു കശ്മീര്‍ പോലീസ്, ആന്റി കറപ്ഷന്‍ ബ്യൂറോ അല്ലെങ്കില്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

തെളിവ് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം ക്രിമിനല്‍ മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്ന് ബി.ജെ.പി പറഞ്ഞു.

പണവും പദവികളും വാഗ്ദാനം ചെയ്ത് ഏത് എന്‍.സി എം.എല്‍.എയെയാണ് സമീപിച്ചതെന്നും ഈ ആരോപണം സത്യമാണെങ്കില്‍ എന്തുകൊണ്ടാണ് ഇതുവരെ ഒരു എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്തതെന്നും ആര്‍.എസ്. പഥാനിയ ചോദിച്ചു.

ആരോപണത്തില്‍ പറയുന്ന നേതാവ് ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ജമ്മു കശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ സത് ശര്‍മയും ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന്റെ ഭരണപരമായ പരാജയങ്ങളില്‍ നിന്നും ഭരണകക്ഷിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

അടുത്തിടെ ദാച്ചിഗാമില്‍ നടന്ന യോഗത്തില്‍ ഭരണകക്ഷി എം.എല്‍.എമാര്‍ തന്നെ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും, അത് മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ഈ വഴിതിരിച്ചുവിടല്‍ രാഷ്ട്രീയമെന്നും പഥാനിയ ആരോപിച്ചു.

Content highlight: The BJP demanded that Omar Abdullah either provide evidence for the defection allegations or apologize.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more