നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ രാമനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ വിദേശ സിനിമാ പേജുകളിൽ നിന്നും വിമർശനം. ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം, സി.ജി.ഐ , ആക്ഷൻ രംഗങ്ങൾ, ഇംഗ്ലീഷ് ഡബ്ബിങ്ങിനായി ഉപയോഗിച്ച എ.ഐ സാങ്കേതികവിദ്യ എന്നിവയാണ് പ്രധാനമായും വിമർശിക്കപ്പെടുന്നത്. ഐ.ജി.എൻ ചിത്രത്തിന് 10ൽ 4 റേറ്റിങ്ങാണ് നൽകിയത്.
ഹോളിവുഡ് സിനിമകളെ മാതൃകയാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മാർവൽ സിനിമകളുടെ സ്വഭാവമുണ്ടെന്നാണ് ഒരു റിവ്യൂ പേജുകൾ വിലയിരുത്തുന്നത്. എന്നാൽ ‘തോർ: ലവ് ആൻഡ് തണ്ടർ’ പോലുള്ള ചിത്രങ്ങളോടാണ് ഇതിന്റെ ദൃശ്യാവിഷ്കാരത്തെ താരതമ്യം ചെയ്യുന്നത്. രാവണൻ ബ്രഹ്മാവിനെ ആരാധിക്കുന്ന രംഗത്തിലെ സി.ജി.ഐ യും ഡിജിറ്റലായി ഒരുക്കിയ മുഖഭാവങ്ങളും കൃത്രിമമായി അനുഭവപ്പെടുന്നുവെന്നും നിരൂപണം ചൂണ്ടിക്കാട്ടുന്നു.
രാമായണ. Photo. Screen Grab/ Youtube
ഇംഗ്ലീഷ് പതിപ്പിനായി അണിയറപ്രവർത്തകർ വികസിപ്പിച്ചെടുത്ത ‘ബ്രഹ്മ എ.ഐ’ എന്ന സാങ്കേതികവിദ്യയും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ ചുണ്ടുകളുടെ ചലനം ഇംഗ്ലീഷ് സംഭാഷണങ്ങളുമായി പൊരുത്തപ്പെടുത്താനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ സ്വാഭാവികതയില്ലാത്ത മുഖചലനങ്ങളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും, കോമഡി വീഡിയോകളിലെ കഥാപാത്രങ്ങളുടെ അതിരുകടന്ന ചുണ്ടനക്കത്തെ ഓർമിപ്പിക്കുന്നുവെന്നും വിദേശ സിനിമാ പേജുകൾ അഭിപ്രായപ്പെടുന്നു.
ചിത്രത്തിന്റെ തിരക്കഥയും കഥാപാത്രങ്ങളുടെ അവതരണവും വിമർശനവിധേയമാണ്. ധർമം എന്ന ആശയത്തെ കഥാപാത്രങ്ങൾ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും അവരുടെ ഉള്ളിലെ സംഘർഷങ്ങളോ വൈകാരികമായ മാറ്റങ്ങളോ വേണ്ടത്ര പ്രകടമാകുന്നില്ലെന്നാണ് മറ്റൊരു വിമർശനം. രാമന്റെ കഥാപാത്രത്തിന് വ്യക്തമായ വ്യക്തിത്വമോ ആന്തരിക സംഘർഷങ്ങളോ നൽകുന്നില്ലെന്നും, ഓരോ ഘട്ടത്തിലും ഗുരുക്കന്മാരിലൂടെ പുതിയ കഴിവുകൾ ലഭിക്കുന്ന രീതിയിലാണ് കഥാപാത്രത്തിന്റെ വളർച്ചയെന്നും നിരൂപകൻ ചൂണ്ടിക്കാട്ടുന്നു.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കും വിമർശനമുണ്ട്. വേഗത്തിൽ മാറിമറിയുന്ന ദൃശ്യങ്ങൾ പ്രേക്ഷകർക്ക് വ്യക്തമായി പിന്തുടരാൻ കഴിയാത്തവിധം ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും, സി.ജി.ഐ കഥാപാത്രങ്ങളും പോരാട്ടങ്ങളും വേണ്ടത്ര സ്വാഭാവികതയോ വൈകാരികമായ സ്വാധീനമോ സൃഷ്ടിക്കുന്നില്ലെന്നും വിലയിരുത്തുന്നു. ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ഒന്നിച്ചൊരുക്കിയ സംഗീതത്തിനും ചിത്രത്തിന്റെ രംഗങ്ങളുമായി കൃത്യമായ താളം കണ്ടെത്താനാകുന്നില്ലെന്നാണ് നിരൂപണത്തിലെ പരാമർശം.
അതേസമയം, ചിത്രത്തിൽ ശ്രദ്ധേയമായ ചില രംഗങ്ങളുണ്ടെന്നും പറയുന്നുണ്ട്. രാമന്റെ രാജകീയ ഉത്തരവാദിത്തത്തിന്റെ ഭാരം സൂചിപ്പിക്കുന്ന ഒരു രംഗവും അവസാനത്തോടെയുള്ള ആകാശയുദ്ധവും എടുത്തുപറയുന്നുണ്ട്. എന്നാൽ ഇത്തരം ചില നിമിഷങ്ങൾക്കപ്പുറം ചിത്രത്തിന് വൈകാരികമായ ആഴം സൃഷ്ടിക്കാനാകുന്നില്ലെന്നാണ് സിനിമ പേജുകളുടെ വിലയിരുത്തൽ.
രാമായണ. Photo. Screen Grab/ Youtube
‘രാമായണ’യുടെ കഥ ഇന്ത്യൻ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതിനാൽ ഇന്ത്യയിലും പ്രവാസി ഇന്ത്യക്കാരിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കാമെന്നും നിരൂപണം പറയുന്നു. എന്നാൽ ഇതിഹാസത്തെക്കുറിച്ച് മുൻപരിചയമില്ലാത്ത പ്രേക്ഷകർക്ക് ഈ ചിത്രം കഥയെ പരിചയപ്പെടുത്തുന്നതിൽ എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ സംശയവും ഉന്നയിക്കുന്നുണ്ട്.
Content Highlight: The big-budget film ‘Ramayana: Rise of a Legend’—directed by Nitesh Tiwari and featuring Ranbir Kapoor as Rama—has drawn criticism from international film pages