| Wednesday, 7th October 2026, 11:32 am

വിടവാങ്ങാൻ വന്ന മനുഷ്യനോട്, വിടില്ലെന്ന് പറയുന്ന പന്തും ഗ്രൗണ്ടും

എം.എം.ജാഫർ ഖാൻ

വിടവാങ്ങൽ മത്സരങ്ങൾ പലപ്പോഴും ഓർമ്മകളുടെ രാത്രികളാണ്. ഇതിഹാസം അവസാനമായി മൈതാനത്തിറങ്ങും, കളിയേക്കാൾ കാലം കടന്നുപോയതിന്റെ വികാരങ്ങളാണ് അവിടെ കാണുക.

എന്നാൽ മെസ്സിയുടേത് അങ്ങനെയായിരുന്നില്ല.

ബെനിനെതിരെ അർജന്റീന നേടിയ മൂന്ന് ഗോളുകളിലും മെസ്സിയുണ്ടായിരുന്നു. 48-ാം മിനിറ്റിൽ ഇടതുവശത്ത് നിന്നുള്ള മെസ്സിയുടെ കോർണർ.

പിന്നിൽ നിന്നെത്തിയ ഒട്ടമെൻഡി അത് പോസ്റ്റിന്റെ മേൽക്കൂരയിലേക്ക് തറപ്പിച്ചു. അർജന്റീനയ്ക്കായി അവസാന മത്സരം കളിക്കുന്ന രണ്ട് പേർ ചേർന്നെഴുതിയ ഗോൾ.

60-ാം മിനിറ്റിൽ വീണ്ടും മെസ്സി. കലാകാരന്റെ ക്യാൻവാസിൽ പതിയുന്ന ബ്രഷ് സ്ട്രോക്ക് പോലെ, പന്ത് നിക്കോ പാസിന് കൈമാറി. ശരീരം തിരിച്ച് ഗോളിലേക്ക് നോക്കിയ പാസ്, മെസ്സി തുറന്നിട്ട ചെറിയ ഇടം കണ്ടെടുത്തു. വളഞ്ഞ ഷോട്ട്. 2–0.

മെസ്സിയുടെ മികവ് ഗോളുകൾ കൊണ്ട് മാത്രം അളക്കാനാവില്ല. പന്ത് എത്തുന്നതിന് മുമ്പേ ഇടം വായിക്കുന്ന കണ്ണിലാണ് അതിന്റെ യഥാർത്ഥ ശക്തി. എപ്പോൾ വേഗം മാറ്റണം, എവിടെയാണ് പ്രതിരോധം തുറക്കുക, ആരെ എപ്പോൾ കളിയിലേക്ക് കൊണ്ടുവരണം— മെസ്സിയുടെ ഫുട്ബോൾ സെൻസ്.

71-ാം മിനിറ്റിൽ പെനാൽറ്റി. മെസ്സി പന്ത് വെച്ചു. സ്റ്റേഡിയം നിശ്ശബ്ദമായി.
ഇടതുകാൽ. ഗോൾ. 126-ാം അന്താരാഷ്ട്ര ഗോൾ.

വിടവാങ്ങലിന്റെ വേദിയിൽ മെസ്സി കാണിച്ചത് പഴയ മഹത്വത്തിന്റെ നിഴലല്ല. ഇനിയും കളിക്കാനുള്ള ഫുട്ബോൾ തന്റെ കാലുകളിലും തലയിലും ബാക്കിയുണ്ടെന്ന പ്രഖ്യാപനമായിരുന്നു.

അർജന്റീനയ്ക്ക് വേണ്ടിയുള്ള തന്റെ അവസാന മത്സരത്തിന് ശേഷം മൈതാനത്ത് സംസാരിക്കുന്ന മെസ്സി.

ടച്ച് ഇപ്പോഴും പഴയതുപോലെ ഉണ്ടാകും. പക്ഷേ വേഗത്തിന് കാലം കുറച്ചെങ്കിലും കടിഞ്ഞാണിട്ടിട്ടുണ്ടാകുമെന്നായിരുന്നു കരുതിയത്.

എന്നാൽ 72-ാം മിനിറ്റിൽ കോർണർ ഫ്ലാഗിലേക്ക് അതിവേഗം പാഞ്ഞ പന്തിന് പിന്നാലെ ഏതാണ്ട് 20 മീറ്റർ ഓടിയെത്തി മെസ്സി അതിനെ വരുതിയിലാക്കിയപ്പോൾ, ആ സംശയവും അവിടെത്തന്നെ മാഞ്ഞുപോയി.

കാലം കാലുകളിൽ ചെറിയൊരു വര വരച്ചിട്ടുണ്ടാകാം.

പക്ഷേ പന്തിനെ തേടിയുള്ള ആ പഴയ തിടുക്കത്തിന് ഇപ്പോഴും പ്രായമായിട്ടില്ല.

അത് ശരീരത്തിന്റെ യുവത്വമല്ല. ചിന്തയുടെ യുവത്വമാണ്.

വിടവാങ്ങാൻ വന്ന മനുഷ്യനോട്, വിടില്ലെന്ന് പറയുന്ന പന്തും ഗ്രൗണ്ടും .

Content Highlight:The ball and the ground refusing to let go of the man who came to bid farewell.

എം.എം.ജാഫർ ഖാൻ

Latest Stories

We use cookies to give you the best possible experience. Learn more