| Sunday, 21st September 2025, 11:26 am

പുരസ്‌കാരം മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നു; അവാര്‍ഡ് കിട്ടിയതില്‍ അഭിമാനം: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2023ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി മോഹന്‍ലാല്‍.

എല്ലാവരോടും നന്ദിയുണ്ടെന്നും അവരോടുള്ള സ്നേഹവും പ്രാര്‍ത്ഥനും അറിയിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ അംഗീകാരം താന്‍ മലയാള സിനിമയ്ക്ക് നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമാരംഗത്തെ ഏറ്റവും വലിയ അവാര്‍ഡാണ് കിട്ടിയിരിക്കുന്നത്. ഏറ്റവും വലിയ സന്തോഷം. ദൈവത്തിന് നന്ദി, പ്രേക്ഷകര്‍ക്ക് നന്ദി, മാതാപിതാക്കള്‍ക്കും രാജ്യത്തിനും ജൂറിക്കും നന്ദി.

ഇതൊരു ഗ്രേറ്റ് ഓണര്‍ ആണ്. അങ്ങനെ സംഭവിച്ചു. അതിന് ഒരുപാട് സന്തോഷം. 48 വര്‍ഷം എന്റെ കൂടെ നടന്ന എല്ലാവരെയും ഞാന്‍ സ്മരിക്കുന്നു. ഓര്‍ക്കുന്നു. എന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നവര്‍ എല്ലാവരോടും നന്ദി പറയുന്നു. അവരോടുള്ള സ്നേഹവും പ്രാര്‍ത്ഥനും ഈ അവസരത്തില്‍ അറിയിക്കുന്നു.

എന്നെ ഞാനാക്കിയ മലയാളം സിനിമയോട് നന്ദി പറയുന്നു. ഇത് മലയാളം സിനിമക്ക് കിട്ടിയ അംഗീകാരമാണ്. ഈ അംഗീകാരം ഞാന്‍ മലയാള സിനിമയ്ക്ക് നല്‍കുന്നു. ഒരുപാട് മഹാരധന്‍മാര്‍ നടന്നുപോയ വഴിയിലൂടെയാണ് ഞാനും സഞ്ചരിക്കുന്നത്. ഇതിന് മുമ്പ് ഈ പുരസ്‌കാരം കിട്ടിയിരിക്കുന്നതൊക്കെ വലിയ മഹാന്‍മാര്‍ക്കാണ്. അതിന്റെയൊരു ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള നന്ദി ഞാന്‍ അറിയിക്കുന്നു.

എന്നോടൊപ്പം പ്രവര്‍ത്തിച്ച പലരും ഇന്നില്ല. അവരെയും ഞാന്‍ ഈ നിമിഷം ഓര്‍ക്കുന്നു. എല്ലാരും കൂടെ ചേര്‍ന്നതാണ് സിനിമ. എല്ലാരും കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍ എന്നൊരു നടന്‍ ഉണ്ടായിരിക്കുന്നത്.

ഒരുപാട് അവാര്‍ഡ് എനിക്ക് കിട്ടിയിട്ടുണ്ട്. ഇതിന്റെ പ്രത്യേകത എന്നുപറയുന്നത് ചലച്ചിത്ര രംഗത്തെ ഏറ്റവും മികച്ച അവാര്‍ഡ് ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഈ അവാര്‍ഡിന് പ്രസക്തിയുണ്ട്,’ മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന് പുരസ്‌കാരം കിട്ടിയതിന് പിന്നാലെ ചലച്ചിത്ര രാഷ്ട്രീയ മേഖലകളിലെ പ്രശസ്തര്‍ അദ്ദേഹത്തെ പ്രശംസിച്ചിരുന്നു.

മോഹന്‍ലാല്‍ സഹോദരന്‍ ആണെന്നും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരത്തില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ഒരു നടന് മാത്രമല്ല, സിനിമയില്‍ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ കലാകാരനാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റെ പുരസ്‌കാര നേട്ടം മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി മോഹന്‍ലാലിനെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്. അനുപമമായ കലാജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്നും അദ്ദേഹം കുറിച്ചു.

മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ് മോഹന്‍ലാലെന്നാണ് പ്രധാനമന്ത്രി മോദി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്. പതിറ്റാണ്ടുകളുടെ സമ്പന്നമായ തന്റെ കലാജീവിതം കൊണ്ട് മോഹന്‍ലാല്‍ മലയാള സിനിമയുടെയും നാടകവേദിയുടെയും വഴികാട്ടിയായെന്നും മോദി പറഞ്ഞു.

Content Highlight: The award is presented to Malayalam cinema; Proud to receive the award says Mohanlal

We use cookies to give you the best possible experience. Learn more