എന്താണ് തിരുപ്രംകുണ്ഡ്രത്തെ പ്രശ്നം?
നൂറ്റാണ്ടുകളായി ഹിന്ദു, മുസ്ലിം, ജൈന മതപാരമ്പര്യങ്ങൾ നിലനിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള ഇടമാണ് തമിഴ്നാട്ടിലെ തിരുപ്രംകുണ്ഡ്രം മല.
ഇവിടെ കാർത്തിക ദീപം തെളിക്കുന്നതിന് 150 വർഷത്തിലേറെയായി ഒരു സ്ഥാപിതമായ ആചാരമുണ്ട്. എന്നാൽ ആ ദീപം തെളിച്ചുവന്നത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനടുത്തുള്ള ദീപമണ്ഡപത്തിലാണ്. ഇപ്പോൾ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയ്ക്ക് ഏകദേശം 50 മീറ്റർ അകലെയുള്ള മലമുകളിലെ ഒരു കൽത്തൂണിൽ കൂടി ദീപം തെളിക്കണമെന്നാണ് പുതിയ ആവശ്യം. ചുരുക്കത്തിൽ ഇല്ലാത്ത ഒരു ആചാരം ഇപ്പോൾ പുതുതായി സൃഷ്ടിക്കണം എന്ന് പറയുന്നതാണ് പ്രശ്നം.
മലയിൽ ഏതൊക്കെ ആരാധനാലയങ്ങളുണ്ട്?
അരുള്മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം – മുരുകനു സമർപ്പിച്ച പുരാതന ഗുഹാക്ഷേത്രം.
ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗ – സൂഫി സന്യാസിയായ സിക്കന്ദർ ബാദുഷയുടെ ഖബറിടവും ദർഗയും.
ഉച്ചിപ്പിള്ളയാർ ക്ഷേത്രം – ഗണപതി ക്ഷേത്രം.
ജൈന ഗുഹകളും ശിലാശയ്യകളും – ജൈന സന്യാസിമാരുടെ ചരിത്രപരമായ സാന്നിധ്യത്തിന്റെ തെളിവുകൾ.
അരുള്മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗ
ഉച്ചിപ്പിള്ളയാർ ക്ഷേത്രം
വിവാദത്തിന്റെ നാൾവഴി
1862ൽ മലമുകളിൽ ദീപം തെളിക്കാൻ ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി ചരിത്രരേഖകളിലും പിന്നീട് വന്ന കോടതി നടപടികളിലും പരാമർശമുണ്ട്. ദർഗയുടെ നടത്തിപ്പുകാർ അതിനെ എതിർത്തു.
1912ൽ സമാനമായ മറ്റൊരു ശ്രമവും എതിർക്കപ്പെട്ടതായി കോടതി രേഖകളിൽ പരാമർശിക്കുന്നു.
1920ൽ മലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സിവിൽ കേസ് ഫയൽ ചെയ്തു.
1923ൽ കോടതി വിധി പ്രകാരം മലയുടെ ഭൂരിഭാഗം ക്ഷേത്രത്തിന്റേതായും ദർഗ സ്ഥിതിചെയ്യുന്ന കൊടുമുടി, അതിനോടു ചേർന്ന പ്രദേശം, പടികൾ തുടങ്ങിയവ മുസ്ലിം വിഭാഗത്തിന്റേതായും അംഗീകരിച്ചു. 1931-ൽ പ്രിവി കൗൺസിൽ ഈ വിധി ശരിവെച്ചു.
1996ൽ കാർത്തിക ദീപം മലമുകളിലെ തർക്കസ്ഥലത്തല്ല, ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനടുത്തുള്ള ദീപമണ്ഡപത്തിൽ തെളിക്കണമെന്ന നിലപാടാണ് മദ്രാസ് ഹൈക്കോടതി സ്വീകരിച്ചത്. അതിനുശേഷം ആ രീതിയാണ് തുടർന്നത്.
1920 ൽ തിരുപ്പറങ്കുൺട്രം ക്ഷേത്രദേവസ്ഥാനം മലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മധുര സബ്കോടതിയിൽ നൽകിയ കേസിൽ, ജഡ്ജി പി.ജി. രാമ അയ്യർ 1923 ഓഗസ്റ്റ് 25 ന് വിധി പ്രസ്താവിച്ചു. ആ വിധിയിലെ ചരിത്രപരമായ പരാമർശം 2026 ലെ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിലും ഉദ്ധരിച്ചിട്ടുണ്ട്.
അവിടെ പറയുന്നത്:
the attempts on the part of the Hindus to put up lights at the summit of the hillock…
അതായത്, മലമുകളിലെ വിളക്കുതൂണിൽ വെളിച്ചം തെളിക്കാൻ ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായി എന്നാണ് കോടതി രേഖപ്പെടുത്തുന്നത്. 1862ലും 1912ലും ഇത്തരത്തിൽ ശ്രമങ്ങളുണ്ടായെന്നും രണ്ടു സന്ദർഭങ്ങളിലും മജിസ്ട്രേറ്റ് അത് തടഞ്ഞെന്നും രേഖ പറയുന്നു.
വിളക്കുതൂണ്
അതിന് കോടതി രേഖ നൽകുന്ന കാരണം രണ്ടാണ്:
അവിടെ വിളക്ക് തെളിക്കുന്നത് സ്ഥാപിതമായ ആചാരമായിരുന്നില്ല (not customary);
അതുവഴി സമാധാനലംഘനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികാരികൾ കരുതിയിരുന്നു (breach of peace was apprehended). കൊളോണിയൽ ഭരണകാലത്തെ ഒരു കോടതിയാണ് പറയുന്നത് എന്നോർക്കണം.
1975ലെ കേസിൽ ദർഗയുടെ നടത്തിപ്പുകാർ നൽകിയ മൊഴി1862ലെ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുന്ന മറ്റൊരു രേഖ 1975ലെ സിവിൽ കേസാണ്.
തിരുപ്രംകുണ്ഡ്രം ക്ഷേത്രദേവസ്ഥാനം 1975ൽ ദർഗയുടെ നടത്തിപ്പുകാർക്കെതിരെ മറ്റൊരു കേസ് ഫയൽ ചെയ്തു. ദർഗയ്ക്കും കൊടിമരത്തിനും ഇടയിലുള്ള സ്ഥലത്ത് അവർ നിർമ്മാണപ്രവർത്തനം നടത്തുന്നതിനെതിരെയായിരുന്നു കേസ്.
ആ കേസിൽ ദർഗയുടെ നടത്തിപ്പുകാർ (Huqdars) നൽകിയ എഴുത്തുപരമായ മറുപടിയിൽ ഇങ്ങനെ പറഞ്ഞതായി 2026ലെ ഹൈക്കോടതി വിധി രേഖപ്പെടുത്തുന്നു:
1862ലും 1912ലും ഹിന്ദുക്കൾ മലയുടെ പടിഞ്ഞാറുഭാഗത്തുള്ള മുകൾ പ്രദേശത്തെ ഒരു തൂണിൽ വിളക്ക് തെളിക്കാൻ അവകാശവാദം ഉന്നയിച്ചു.ആ തൂൺ ദർഗയുടെ നടത്തിപ്പുകാർ ഉത്സവസമയങ്ങളിൽ ഉപയോഗിച്ചിരുന്നതായിരുന്നു.ഹിന്ദുക്കളുടെ ആ ശ്രമങ്ങളെ ദർഗയുടെ നടത്തിപ്പുകാർ വിജയകരമായി എതിർത്തു
അന്ന് പരാമർശിക്കുന്ന തൂൺ ഇന്നത്തെ ‘ദീപത്തൂൺ’ തന്നെയാണോ?
ഇവിടെയാണ് ഒരു പ്രധാന ചരിത്രപരമായ അനിശ്ചിതത്വം.
1975 ലെ മൊഴിയിൽ പരാമർശിക്കുന്ന തൂൺ ഇന്നത്തെ വിവാദത്തിലുള്ള അതേ കൽത്തൂൺ തന്നെയാണെന്ന് ഉറപ്പിക്കാൻ മതിയായ തെളിവ് ലഭ്യമല്ല. 2026 ജനുവരി 6 ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ, ദർഗയ്ക്കടുത്തുള്ള കൽത്തൂണിനെ Deepathoon എന്ന് വിളിച്ചിരിക്കുന്നത് നിലവിലെ റിട്ട് ഹർജിയിലാണ് ആദ്യമായി എന്ന നിരീക്ഷണമുണ്ട്.
കൂടാതെ, 1923ലെ സബ്കോടതി വിധിയിൽ ജഡ്ജി മല സന്ദർശിച്ചിട്ടും ആ തൂണിനെക്കുറിച്ച് പ്രത്യേക പരാമർശമില്ലെന്ന് പിന്നീട് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ 1862ലെ ശ്രമം ഇന്നത്തെ അതേ തൂണിലായിരുന്നു എന്ന് ഉറപ്പിച്ച് പറയാനാവില്ല.
1994ൽ ഹിന്ദു മുന്നണി നേതാവ് രാമഗോപാലൻ മലമുകളിൽ, ദർഗ സ്ഥിതിചെയ്യുന്ന ഭാഗത്ത്, ദീപം തെളിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും വലിയ നിയമ രാഷ്ട്രീയ തർക്കമായി മാറിയത്. അന്നത്തെ ഹർജിയിൽ ഹിന്ദു മുന്നണിയെ മലമുകളിൽ ദീപം തെളിക്കുന്നതിൽനിന്ന് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
1996ലെ മദ്രാസ് ഹൈക്കോടതി ഉത്തരവിൽ ഹിന്ദു മുന്നണിയുടെ പേര് വ്യക്തമായി പരാമർശിക്കുന്നുണ്ട്. ദീപം പതിവായി തെളിച്ചിരുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനടുത്തുള്ള മണ്ഡപത്തിൽ തന്നെ തെളിക്കണമെന്നും, ദേവസ്ഥാനം മാത്രമേ അത് നടത്താവൂ എന്നും കോടതി നിർദേശിച്ചു.
ഇപ്പോൾ എന്താണ് സംഭവിക്കുന്നത്?
പൊതുവായി Collective Victimhood Narrative എന്ന് പറയുന്ന ഒരു കാര്യം ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്ന ഒരു വിഭാഗമാണ് സംഘപരിവാർ. ഒരു സമൂഹം സാമൂഹികമായി ആധിപത്യം പുലർത്തുന്ന വിഭാഗമായിരിക്കുമ്പോഴും, സ്വന്തം ആധിപത്യം ഭീഷണിയിലാണെന്ന ബോധം സൃഷ്ടിച്ച് സ്വയം ഇരകളായി അവതരിപ്പിക്കുന്നതിനെയാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്. ഇതിന്റെ രാഷ്ട്രീയ രൂപങ്ങളാണ് Dominant Group Victimhood, Victimized Majority Narrative, Hijacked Victimhood എന്നിവ. വിശദമായി പറയാം.
Collective Victimhood Narrative എങ്ങനെയാണ് രൂപപ്പെടുന്നത്?
പലപ്പോഴും ഇതിന് അഞ്ച് ഘട്ടങ്ങളുണ്ട്.
ചരിത്രപരമായ മുറിവ് (Historical Grievance)
ഒരു സമൂഹത്തിന്റെ ചരിത്രത്തിൽ നടന്ന അക്രമം, വിവേചനം, അധികാരനഷ്ടം, ആരാധനാലയങ്ങളുടെ തകർച്ച തുടങ്ങിയ സംഭവങ്ങൾ ഓർമയിൽ നിലനിർത്തുന്നു. ഇത് കെട്ടിച്ചമച്ചതും ആവാം.
കൂട്ടായ സ്വത്വവുമായി ബന്ധിപ്പിക്കൽ (Identity Fusion)
ആ ചരിത്രസംഭവം വ്യക്തിയുടെ സ്വന്തം അനുഭവമല്ലെങ്കിലും, അത് തന്റെ സമൂഹത്തിന്റെ അപമാനമായും സ്വന്തം സ്വത്വത്തിന്റെ ഭാഗമായും കാണാൻ തുടങ്ങുന്നു.
ശത്രുവിനെ നിർവചിക്കൽ (Enemy Construction)
ആ ചരിത്രാനീതിക്ക് ഉത്തരവാദിയായ ഒരു വിഭാഗത്തെ ഇന്നും തുടരുന്ന ശത്രുവായി അവതരിപ്പിക്കുന്നു. നിലവിലെ സംഭവങ്ങളെ പഴയ മുറിവുമായി ബന്ധിപ്പിക്കൽ (Historical Continuity)
ഇന്നത്തെ ചെറിയതോ വ്യത്യസ്തമായതോ ആയ സംഭവങ്ങളെ പഴയ അനീതിയുടെ തുടർച്ചയായി ചിത്രീകരിക്കുന്നു.
Dominant Group Victimhood എന്നത്
ഒരു വിഭാഗം സമൂഹത്തിൽ അധികാരവും ആധിപത്യവും പുലർത്തുന്നുണ്ടെങ്കിലും, ആ വിഭാഗത്തിലെ അംഗങ്ങൾക്ക് തങ്ങളുടെ ആധിപത്യം നഷ്ടപ്പെടുകയാണെന്ന തോന്നൽ ഉണ്ടാവുകയും, അതോടൊപ്പം തങ്ങൾക്ക് ചരിത്രപരമായി ലഭിക്കേണ്ടതായിരുന്ന സ്ഥാനവും അംഗീകാരവും നിഷേധിക്കപ്പെടുകയാണെന്ന ബോധവും തോന്നിത്തുടങ്ങുന്ന സാഹചര്യമാണ്.
ഇത്തരം സാഹചര്യങ്ങളിൽ അവർ സ്വയം ഇരകളായി കാണാൻ തുടങ്ങുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ടത് ഇന്ത്യയിലെ പ്രബലവിഭാഗമായിട്ടുള്ള ഹിന്ദുക്കളിൽ ഒരു വിഭാഗത്തിന് ഈ തോന്നൽ വെറുതേ ഉണ്ടാകുന്നതല്ല.എന്നാൽ മറ്റൊരു വിഭാഗത്തിന്റെ വളർച്ചയെയോ അവകാശബോധത്തെയോ കാട്ടി അത് ഹിന്ദുക്കൾക്കെതിരായ ഭീഷണി ആയി അവതരിപ്പിക്കുന്നതിൽ സംഘപരിവാരും ഹിന്ദുത്വ ശക്തികളും വിജയിക്കുന്നു.
Hijacked Victimhood
ചരിത്രപരമായി ആധിപത്യം പുലർത്തിയിരുന്ന ഒരു വിഭാഗത്തെ രാഷ്ട്രീയ നേതാക്കൾ എങ്ങനെ അപകടത്തിലായിരിക്കുന്നവരായും പീഡിപ്പിക്കപ്പെടാൻ സാധ്യതയുള്ളവരായും അവതരിപ്പിക്കുന്നു?
അതിന്റെ രാഷ്ട്രീയ ലക്ഷ്യം എന്താണ്?
നിലവിലുള്ള അധികാരം സംരക്ഷിക്കുക, നഷ്ടപ്പെടുമെന്നു കരുതുന്ന സാമൂഹിക പദവി തിരിച്ചുപിടിക്കുക. ന്യൂനപക്ഷങ്ങളുടെ അവകാശവാദങ്ങളെ സംശയാസ്പദമാക്കുക.
സ്വന്തം വിഭാഗത്തെ സംരക്ഷിക്കുന്ന രക്ഷകനായി രാഷ്ട്രീയ നേതൃത്വത്തെ അവതരിപ്പിക്കുക. ഇവിടെ ഒരു ശ്രദ്ധേയമായ പ്രക്രിയയുണ്ട്, യഥാർത്ഥത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ ഉന്നയിക്കുന്ന അവകാശവാദങ്ങളെ, ആധിപത്യമുള്ള വിഭാഗത്തിന്റെ നിലനിൽപ്പിന് ഭീഷണിയായാണ് ചിത്രീകരിക്കുന്നത്. ഈ പറഞ്ഞ പണി ഇവിടെ കൃത്യമായി ഹിന്ദുത്വ ശക്തികൾ എടുക്കുന്നുണ്ട്.
ഇങ്ങനെ ഒരു പ്രോസസ്സ് വളരെ കൃത്യമായി ചെയ്തു വർഷങ്ങൾ നീണ്ട പ്രവർത്തനത്തിലൂടെയാണ് ബാബറി മസ്ജിദ് പൊളിക്കുക എന്നൊരു സംഗതിയിലേക്ക് ഹിന്ദുത്വ ശക്തികൾ എത്തിയത്. ഇവിടെയും അതേ തന്ത്രമാണ് ഹിന്ദുത്വ ഉപയോഗിക്കുന്നത്.
ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഇതിന്റെ രാഷ്ട്രീയ-മനഃശാസ്ത്രപരമായ ഘടന ഇങ്ങനെയാണ്:നിലവിലുള്ള ആധിപത്യം ഒരു മതവിഭാഗത്തിന് ജനസംഖ്യയിലും സ്ഥാപനങ്ങളിലും രാഷ്ട്രീയത്തിലും ഗണ്യമായ സ്വാധീനമുണ്ട്.
Status Threat
മറ്റൊരു വിഭാഗത്തിന്റെ സാമൂഹിക വളർച്ചയും അവകാശവാദങ്ങളും സ്വന്തം ആധിപത്യത്തിന് ഭീഷണിയാണെന്ന് വ്യാഖ്യാനിക്കുന്നു.
Victimhood Construction
“നമ്മുടെ സംസ്കാരം ആക്രമിക്കപ്പെടുന്നു”, “നമ്മുടെ മതത്തിന് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു” തുടങ്ങിയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു.
Moral Reversal
സ്വന്തം വിഭാഗത്തിന്റെ അധികാരവും പ്രത്യേക അവകാശവാദങ്ങളും സംരക്ഷണമായി അവതരിപ്പിക്കുന്നു. മറ്റുള്ളവരുടെ അവകാശവാദങ്ങൾ ആക്രമണമായി ചിത്രീകരിക്കപ്പെടുന്നു.
Redemption Politics
“നമ്മുടെ നഷ്ടപ്പെട്ട മഹത്വം തിരിച്ചുപിടിക്കണം” എന്ന ആഹ്വാനത്തിലൂടെ രാഷ്ട്രീയ ഏകീകരണം സൃഷ്ടിക്കുന്നു.
അയോധ്യയിലെ ആഖ്യാനം, രാമജന്മഭൂമി നഷ്ടപ്പെട്ടുവെന്ന ചരിത്രപരമായ മതപരമായ അവകാശവാദം, ബാബരി മസ്ജിദിനെ ആ നഷ്ടത്തിന്റെ പ്രതീകമായി അവതരിപ്പിക്കൽ , കർസേവയെ ചരിത്രപരമായ അവകാശം വീണ്ടെടുക്കാനുള്ള പ്രവർത്തനമായി ചിത്രീകരിക്കൽ, 1990ലെ സംഭവങ്ങളെ 1992ലെ ബാബരി മസ്ജിദ് തകർക്കലിലേക്കുള്ള രാഷ്ട്രീയ mobilizationന്റെ ഭാഗമാക്കി കാണൽ.
തിരുപ്രംകുണ്ഡ്രത്തിലെ ആഖ്യാനം
ദീപം തെളിയിക്കാനുള്ള അവകാശം തടയപ്പെടുന്നു എന്ന മതപരമായ അവകാശവാദം, സർവേക്കല്ലിനെ ഒരു മതപരമായ അവകാശത്തിന്റെയും സ്വത്വത്തിന്റെയും പ്രതീകമാക്കൽ, കോടതിവിധിയും ഭരണകൂടത്തിന്റെ നടപടികളും മതസ്വാതന്ത്ര്യത്തെ തടയുന്നുവെന്ന രീതിയിൽ അവതരിപ്പിക്കൽ. ഇല്ലാത്ത ഒരു ആചാരത്തെ വിവാദമാക്കി, വലിയൊരു മതസമൂഹത്തിന്റെ അവകാശപ്രശ്നമായി ഉയർത്തൽ.
പ്രാദേശിക വിഷയത്തിന്റെ പാൻ-ഇന്ത്യൻ രാഷ്ട്രീയവൽക്കരണം
തിരുപ്രംകുണ്ഡ്രം ഒരു പ്രത്യേക സ്ഥലമാണ്. അവിടത്തെ ക്ഷേത്രം, ദർഗ, പ്രദേശവാസികൾ, ക്ഷേത്ര ട്രസ്റ്റ്, അവിടത്തെ ചരിത്രപരമായ ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണമായ ഒരു പ്രാദേശിക പ്രശ്നമാണത്. എന്നാൽ RSS, BJP, ഹിന്ദു മുന്നണി തുടങ്ങിയ സംഘടനകൾ ഇതിനെ വിശാലമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി അവതരിപ്പിക്കുമ്പോൾ പ്രശ്നത്തിന്റെ സ്വഭാവം മാറുന്നു.
പ്രാദേശികമായി പരിഹരിക്കപ്പെടേണ്ട ഒരു മതാചാരത്തർക്കം പാൻ-ഇന്ത്യൻ ഹിന്ദു സ്വത്വത്തിന്റെയും അവകാശത്തിന്റെയും വിഷയമായി പുനർനിർവചിക്കപ്പെടുന്നു. 2025 ഡിസംബറിലെ The News Minute ഗ്രൗണ്ട് റിപ്പോർട്ട്, തിരുപ്രംകുണ്ഡ്രത്തെ ചുറ്റിപ്പറ്റി വിവിധ സംഘപരിവാർ സംഘടനകളുടെ സംഘടിതമായ രാഷ്ട്രീയ സാന്നിധ്യവും, അതിനെ “ദക്ഷിണേന്ത്യയുടെ അയോധ്യ” എന്ന രീതിയിൽ അവതരിപ്പിച്ച ചില പ്രചാരണങ്ങളും രേഖപ്പെടുത്തുന്നു.
ഏറ്റവും പ്രധാനപ്പെട്ട ചോദ്യം: ഹിന്ദുക്കൾക്കുവേണ്ടി സംസാരിക്കാനുള്ള അധികാരം ആർക്കാണ്?
തിരുപ്രംകുണ്ഡ്രത്തെ ക്ഷേത്രത്തിലെ വിശ്വാസികൾ, ക്ഷേത്രട്രസ്റ്റ്, അവിടത്തെ ആചാരപരമ്പര പിന്തുടരുന്നവർ എന്നിവർക്കു സ്വന്തം മതപരമായ കാര്യങ്ങളിൽ അഭിപ്രായവും തീരുമാനമെടുക്കാനുള്ള അവകാശവും ഉണ്ടല്ലോ. എന്നാൽ ഒരു പാൻ-ഇന്ത്യൻ സംഘടന അവിടെ എത്തി, “ഹിന്ദുക്കളുടെ അവകാശം ഇതാണ്, ദീപം തെളിയിക്കേണ്ടത് ഇവിടെയാണ്” എന്ന് പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികമായി ചോദിക്കേണ്ടതുണ്ട് ചോദ്യം, ആരാണ് അവരെ അവിടത്തെ ഹിന്ദുക്കളുടെ ഔദ്യോഗികമോ പൊതുവായതോ ആയ പ്രതിനിധികളാക്കിയത് എന്നതാണ്.
പ്രാദേശിക മതസമൂഹത്തിന്റെ പേരിൽ പുറത്തുനിന്നുള്ള രാഷ്ട്രീയ ശക്തി സംസാരിക്കാൻ തുടങ്ങുന്നു. പിന്നീട് ആ പ്രാദേശിക സമൂഹത്തിന്റെ സ്വന്തം നിലപാടുകൾ പോലും ആ സംഘടനയുടെ രാഷ്ട്രീയ നിലപാടിന് പിന്നിലായി പോകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ഒരു സംഘടന താൻ ഹിന്ദുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഇടപെടുന്നതെന്ന് അവകാശപ്പെടുന്നു. എന്നാൽ അതിന്റെ ഇടപെടൽ മൂലം പ്രാദേശിക ഹിന്ദുക്കളുടെ തന്നെ സ്ഥാപനപരമായ നിലപാടുകളും ആചാരപരമായ തീരുമാനങ്ങളും പിന്നിലാകുന്നുവെങ്കിൽ, ആ ഇടപെടലിന്റെ പ്രതിനിധാനസ്വഭാവം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
ഹിന്ദുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ ഇടപെടുന്ന സംഘപരിവാർ, തിരുപ്പറങ്കുൺട്രത്തെ ഹിന്ദുക്കളുടെ സ്വന്തം ആചാരപരമായ തീരുമാനങ്ങളെയും ക്ഷേത്രട്രസ്റ്റിന്റെ നിലപാടിനെയും മറികടക്കാൻ ആരുടെ അധികാരത്തിലാണ് ശ്രമിക്കുന്നത്? ഹിന്ദുക്കളുടെ പേരിൽ സംസാരിക്കാൻ അവരെ അധികാരപ്പെടുത്തിയത് ആരാണ്?”
ഇവിടെ ഇപ്പോൾ തിരുപ്രംകുണ്ഡ്രത്ത് താത്ക്കാലികമായി ദീപാരാധനയ്ക്ക് ദീപം തെളിക്കാനുള്ള അനുമതി സുപ്രീം കോടതിയിൽ നിന്ന് ലഭിക്കുന്നു. ഇവിടെ നമ്മൾ താരതമ്യം ചെയ്യേണ്ട മറ്റൊരു സംഭവമുണ്ട്, പ്രത്യേകിച്ച് ഈ താരതമ്യം ഇപ്പോൾ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത്.
1986 ഫെബ്രുവരി 1ന് ഫൈസാബാദ് ജില്ലാ ജഡ്ജി കെ.എം പാണ്ഡെ, ബാബറി പള്ളിയുടെ, ഹിന്ദുത്വ ശക്തികൾ കൈയ്യേറിയ സ്ഥലത്ത്, അകത്തേക്കുള്ള ഗേറ്റിലെ പൂട്ട് തുറന്ന് ഹിന്ദു വിശ്വാസികൾക്ക് ദർശനത്തിനും പൂജയ്ക്കും പ്രവേശനം അനുവദിക്കാൻ ഉത്തരവിട്ടു.
എന്നാൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ് ഭരണകാലത്താണ് ഈ സംഭവം നടന്നത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഭരണകൂടത്തിന്റെ പങ്കും അതിന്റെ രാഷ്ട്രീയ പശ്ചാത്തലവും പിന്നീട് വലിയ വിവാദമായി. പൂട്ടുതുറന്നതിനു പിന്നാലെ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.
മുസ്ലിം സംഘടനകൾ ഇതിനെതിരെ പ്രതിഷേധിച്ചു. അങ്ങനെ 1949 മുതൽ പരിമിതമായ നിയമഭരണപരമായ നിയന്ത്രണങ്ങൾക്കുള്ളിൽ നിലനിന്നിരുന്ന തർക്കം കൂടുതൽ തുറന്ന രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങിയത്. 1989 നവംബർ 9ന്, പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, വിവാദമായ മസ്ജിദ് ഘടനയ്ക്ക് സമീപമുള്ള സ്ഥലത്ത് വിശ്വഹിന്ദു പരിഷത്തിന് ശിലാന്യാസം നടത്താൻ അനുമതി ലഭിച്ചു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇത് നടന്നത്. ഈ നടപടിക്ക് കേന്ദ്രസർക്കാരിന്റെ സമ്മതവും രാഷ്ട്രീയ പിന്തുണയും ഉണ്ടായിരുന്നുവെന്ന തെളിവായിരുന്നു അത്.
രാജീവ് ഗാന്ധി
ബാബരിയിൽ സംഘപരിവാർ പരീക്ഷിച്ചു വിജയിച്ച ഒരു മാതൃകയുണ്ട്. ആദ്യം ഒരു പ്രത്യേക സ്ഥലവുമായി ബന്ധപ്പെട്ട മതപരമോ ചരിത്രപരമോ ആയ അവകാശവാദം ഉയർത്തുക, ആ അവകാശവാദം ഒരു പ്രാദേശിക തർക്കമായി നിലനിർത്തുക,
സംഘടിത രാഷ്ട്രീയ മതസംഘടനകൾ അതിനെ വിശാലമായ മതസ്വത്വത്തിന്റെ പ്രശ്നമായി അവതരിപ്പിക്കുന്നു, ഒരു പ്രത്യേക സംഭവമോ കോടതി ഉത്തരവോ പ്രസ്ഥാനത്തിന് പുതിയ രാഷ്ട്രീയ ഊർജം നൽകുന്നു, പിന്നീട് ആ സ്ഥലത്തെക്കുറിച്ചുള്ള തർക്കം രാജ്യവ്യാപകമായ മതരാഷ്ട്രീയത്തിന്റെ പ്രതീകമായി മാറുന്നു.
ബാബരിയിൽ 1986ലെ പൂട്ടുതുറക്കൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് പുതിയ അവസരം നൽകിയതുപോലെ, തിരുപ്പറങ്കുൺട്രത്തെ പ്രാദേശിക ആചാരത്തർക്കത്തെ പാൻ-ഇന്ത്യൻ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകമാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ബാബരി മസ്ജിദിന്റെ വിധിയെക്കുറിച്ച് പിന്നീട് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞത് താൻ ദൈവത്തിനോട് വഴി ചോദിച്ചു എന്നും ദൈവം കാണിച്ച വഴിയിലൂടെയാണ് താൻ ഈ വിധി എഴുതിയത് എന്നർത്ഥം വരുന്ന ഒരു വിവാദ പ്രസ്താവന ഉണ്ടല്ലോ. അത് മാത്രമാണ് ഇപ്പോൾ എല്ലാവരും ഓർത്തിരിക്കുന്നത്. പക്ഷേ അതിനു മുൻപ് ഒരു വിവാദ പ്രസ്താവന ഉണ്ടായിട്ടുണ്ട്.ആ പ്രസ്താവനയാണ് സത്യത്തിൽ കുരങ്ങനെ ഇതിന്റെ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്.
ഡി.വൈ ചന്ദ്രചൂഡ്
അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് 2010 സെപ്റ്റംബർ 30ന് പുറപ്പെടുവിച്ച അയോധ്യ-ബാബരി മസ്ജിദ് ഭൂമിത്തർക്ക വിധിയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ധരം വീർ ശർമ്മ (Justice Dharam Veer Sharma) നടത്തിയ പരാമർശത്തോടെയാണ് കുരങ്ങൻ ഈ ബാബരി പ്രശ്നത്തിന്റെ കേന്ദ്രബിന്ദു ആകുന്നതു. അയോധ്യ കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിലെ (ജസ്റ്റിസ് എസ്.യു ഖാൻ, ജസ്റ്റിസ് സുധീർ അഗർവാൾ, ജസ്റ്റിസ് ധരം വീർ ശർമ്മ) അംഗമായിരുന്ന ജസ്റ്റിസ് ധരംവീർ ശർമ്മയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
അയോധ്യയിലെ തർക്കഭൂമി പരിശോധിക്കുന്നതിനായി 2003ൽ കോടതി നിയോഗിച്ച സംഘത്തോടൊപ്പം താൻ അയോധ്യയിൽ പോയപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം വിവരിച്ചത്. അവിടെ എത്തിയപ്പോൾ ഒരു കുരങ്ങൻ വന്ന് കെട്ടിടത്തിന്റെ മുകളിൽ (അല്ലെങ്കിൽ താൽക്കാലിക ക്ഷേത്രത്തിന് മുകളിൽ) ഇരിക്കുന്നതും, തുടർന്ന് അവിടെയുള്ള സൈനികരുടെ (CRPF ജവാന്മാരുടെ) തോളിൽ വന്നിരിക്കുന്നതും താൻ കണ്ടു എന്നാണ് അദ്ദേഹം പറഞ്ഞത്.
അദ്ദേഹം നൽകിയ വ്യാഖ്യാനം: “അതൊരു സാധാരണ കുരങ്ങനായിരുന്നില്ല, ഹനുമാൻ തന്നെയായിരുന്നു അത്. വിധി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് എനിക്ക് ലഭിച്ച ഒരു ദൈവിക സൂചനയായിരുന്നു (Divine indication) ആ കാഴ്ച” എന്നാണ് ജസ്റ്റിസ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ബെഞ്ചിലെ മറ്റ് രണ്ട് ജഡ്ജിമാരായ ജസ്റ്റിസ് എസ്.യു. ഖാനും ജസ്റ്റിസ് സുധീർ അഗർവാളും തർക്കഭൂമി മൂന്നായി (രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നിവർക്ക്) വിഭജിച്ചു നൽകാൻ വിധിച്ചപ്പോൾ, ജസ്റ്റിസ് ധരം വീർ ശർമ്മ വ്യത്യസ്തമായ (Dissenting) വിധിയാണ് എഴുതിയത്.
തർക്കഭൂമി പൂർണ്ണമായും ഹിന്ദുക്കൾക്ക് (രാംലല്ലയ്ക്ക്) അവകാശപ്പെട്ടതാണെന്നും, അവിടെയുണ്ടായിരുന്ന ക്ഷേത്രം തകർത്താണ് ബാബരി മസ്ജിദ് നിർമ്മിച്ചതെന്നും അദ്ദേഹം തന്റെ വിധിന്യായത്തിൽ രേഖപ്പെടുത്തി. കുരങ്ങനെ കാണുമ്പോൾ ഹനുമാൻ ഭഗവാനാണ് ഇപ്പോൾ ഓർക്കുമ്പോൾ പുള്ളിക്കെന്താ വയ്യേ എന്ന് ചോദിക്കാൻ തോന്നുന്നു. കുരങ്ങനെ കാണുമ്പോൾ ഹനുമാൻ ഭഗവാനാണ് എന്ന് സാധാരണക്കാർ വിചാരിക്കുകയോ സാധാരണ ഒരു വിശ്വാസി വിചാരിക്കുകയോ പ്രാർത്ഥിക്കുകയോ ഒക്കെ ചെയ്യുന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ്.
ബാബരി മസ്ജിദ്
പക്ഷേ ഭരണഘടനാപരമായ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു ജഡ്ജി അതും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു തീരുമാനം എടുക്കേണ്ട ഒരു ജഡ്ജി അവിടെ പോയി നിൽക്കുമ്പോൾ, അയാൾ ഈ കുരങ്ങനെ ഒരു ഹനുമാൻ സ്വാമിയായിട്ട് കാണുകയും ആ സംഭവം തനിക്ക് വിധി എഴുതാനുള്ള സൂചന കൃത്യമായിട്ട് നൽകി എന്ന് പറയുമ്പോളേക്കും അദ്ദേഹം ഭരണഘടന ഉയർത്തിപ്പിടിച്ചിട്ടാണോ വിധി പറയുന്നത് അതോ ഹിന്ദുത്വ ഗ്രന്ഥങ്ങൾ ഉയർത്തിപ്പിടിച്ചിട്ടാണോ വിധി പറയുന്നത് എന്നുള്ള ഒരു പ്രാഥമികമായിട്ടുള്ള ഒരു ചോദ്യം അവിടെ ഉയരുന്നുണ്ട്.
2019 ലെ അയോധ്യ ബാബരി മസ്ജിദ് കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തോളം താൻ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും, ഒരു പരിഹാരം കാണാൻ കഴിയാതെ വന്നപ്പോൾ താൻ ദൈവത്തിന് മുന്നിലിരുന്ന് “ഇതിനൊരു വഴി കാണിച്ചു തരണമേ” എന്ന് പ്രാർത്ഥിച്ചുവെന്നുമാണ് അന്നത്തെ ബെഞ്ചിലെ ജഡ്ജിയായിരുന്ന ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞത്. “നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം എപ്പോഴും ഒരു വഴി കാണിച്ചുതരും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിലെ ജഡ്ജ് എന്ന നിലയിൽ, ഭരണഘടനയെയും തെളിവുകളെയും അടിസ്ഥാനമാക്കിയാണ് വിധി എഴുതിയതെന്ന് പറയുന്നതിന് പകരം ദൈവിക ഇടപെടലിനെക്കുറിച്ച് സംസാരിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.
1990 ഒക്ടോബറിൽ കർസേവകർ ബാബറി മസ്ജിദിന്റെ മുകളിൽ കാവി കൊടി ഉയർത്താനായി ശ്രമിച്ചു. ഒരുപക്ഷേ സായുധ ബറ്റാലിയനും വലിയ പോലീസ് ഉണ്ടാഹവും ഉണ്ടായിരുന്നത് കൊണ്ട് അന്ന് പള്ളി പൊളിക്കൽ നടന്നില്ല എന്ന് വേണം കരുതാൻ. മുലായം സിംഗ് യാദവ് ആയിരുന്നു അന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി.
ആയിരക്കണക്കിന് കർസേവകർ അയോധ്യയിലെ ബാബരി മസ്ജിദിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചു. കർശനമായ സുരക്ഷാ ക്രമീകരണങ്ങളും ബാരിക്കേഡുകളും മറികടന്ന് ചില കർസേവകർ പള്ളിയുടെ താഴികക്കുടത്തിന് മുകളിൽ കയറുകയും കാവി പതാക നാട്ടുകയും, പള്ളിയുടെ ഭാഗങ്ങൾക്ക് ചെറിയ തോതിൽ കേടുപാടുകൾ വരുത്തുകയും ചെയ്തു. പോലീസിന് വെടി വയ്ക്കേണ്ടി വന്നു. 16 കരസേവകർ നേരെയങ്ങു രാമരാജ്യം പൂകി.
പൊലീസ് ബലം പ്രയോഗിച്ച് കർസേവകരെ അവിടുന്ന് മാറ്റുകയും അപ്പോഴേക്കും അവർ ഈ ഹിന്ദുത്വയുടെ കോണകക്കൊടി ബാബറി മസ്ജിദിന് മുകളിൽ ഉയർത്തിയിരുന്നു.
മതേതര ഇന്ത്യയുടെ കഷ്ടകാലത്തിന് കൊടി ഉയർത്തിയ ഒരു കമ്പിൽ പിടിച്ചു ഒരു കുരങ്ങൻ ഇരിക്കുന്ന ഒരു ചിത്രം ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ വളരെ വൈറൽ ആവുകയുണ്ടായി. വി.എച്ച്.പിയുടെ ദേശീയ നേതാവാണ് ആ ചിത്രം പങ്കുവെച്ചത്. അപ്പൊ ഈ ഭഗവദ് ധ്വജ എന്ന് ഇവർ വിളിക്കുന്ന ഈ കോണകക്കൊടിയെ സംരക്ഷിക്കാൻ ഹനുമാൻ ഇറങ്ങി വന്നതാണ് എന്നായിരുന്നു വി.എച്ച്.പി അതിന് നൽകിയ വ്യാഖ്യാനം.
വി.എച്ച്.പിയുടെ ഈ നറേറ്റീവ് ആണ് 2010ൽ ഒരു ജഡ്ജി എടുത്ത് ഉപയോഗിക്കുന്നത് എന്ന് നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോൾ ഇവർ തിരുപ്രംകുണ്ഡ്രത്തെ വിവാദ സർവേക്കല്ലിനു മുകളിൽ ഒരു കുരങ്ങൻ കയറിയിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇത് ഹനുമാൻ സ്വാമി ആണെന്നും ഇതൊരു സൂചനയാണെന്നും പറയുന്നു.
ഇതേ നേരത്തെ നടത്തി വിജയിപ്പിച്ച അതേ പാറ്റേൺ പിന്തുടരാനാണ് ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്, സംഘപരിവാർ ശ്രമിക്കുന്നത്. നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം 1990 ൽ വി.എച്ച്.പി ഉണ്ടാക്കിയെടുത്ത ഒരു നരേറ്റീവിനെ വളരെ കൃത്യമായി എൻഡോഴ്സ് ചെയ്യുന്ന രീതിയിൽ 2010ൽ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജിയുടെ ഭാഗത്തുനിന്നുമുള്ള ഒരു പരാമർശം വരുന്നു. ഇന്ന് മറ്റൊരു ഇഷ്യുവിൽ സംഘപരിവാറും ഹിന്ദുത്വ ശക്തികളും കൃത്യമായി ഈ ഒരു കുരങ്ങന്റെ ചിത്രം എടുത്ത് ഉപയോഗിക്കുകയും ചെയ്യുന്നു.
തിരുപ്രംകുണ്ഡ്രം കുന്നിൻമുകളിലെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് (Sikandar Badusha Dargah) ഏകദേശം 50 മീറ്റർ മാത്രം അകലെയുള്ള കൽത്തൂണിൽ (‘ദീപത്തൂൺ’) കാർത്തിക ദീപം തെളിയിക്കാൻ അനുവദിച്ചാൽ അത് ഇരുവിഭാഗങ്ങൾക്കിടയിലും സംഘർഷത്തിനും ക്രമസമാധാന തകർച്ചയ്ക്കും ഇടയാക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രധാന വാദം. നൂറ്റാണ്ടുകളായി തിരുപ്രംകുണ്ഡ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക മഹാദീപം തെളിയിക്കുന്നത് കുന്നിന്റെ താഴ്ഭാഗത്തുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് (Uchipillaiyar temple) സമീപമുള്ള ദീപമണ്ഡപത്തിലാണ്.
ദർഗയ്ക്ക് സമീപമുള്ള കൽത്തൂൺ ദീപം തെളിയിക്കാനുള്ളതല്ലെന്നും, അത് ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച ഒരു സർവേ കല്ല് (Survey stone) മാത്രമാണെന്നുമാണ് സർക്കാരും ക്ഷേത്ര ഭരണസമിതിയും (Board of Trustees) വാദിക്കുന്നത്.
നവംബർ 24ലെ സംഭവവികാസങ്ങൾ, സുപ്രീം കോടതി അനുമതി ഉണ്ടായിരുന്നിട്ടും, നവംബർ 24ന് നടന്ന കാർത്തിക ദീപം ഉത്സവത്തിൽ പരമ്പരാഗത സ്ഥലമായ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ മാത്രമാണ് ദീപം തെളിയിച്ചത്. ഇരുവിഭാഗങ്ങളും സംഘടിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുകയും 5,600ലധികം പൊലീസുകാരെ വിന്യസിക്കുകയും ചെയ്തിരുന്നു.
കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടർന്ന് മധുര ജില്ലാ കളക്ടർ സുപ്രീം കോടതിയിൽ മാപ്പ് പറയുകയുണ്ടായി. ഉത്തരവ് നടപ്പിലാക്കാൻ ജില്ലാ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തിയെന്നും, എന്നാൽ പരമ്പരാഗത ആചാരങ്ങൾക്ക് വിരുദ്ധമായതിനാൽ ആളുകളെ അയക്കാൻ ക്ഷേത്ര ട്രസ്റ്റ് ബോർഡ് (Temple Board of Trustees) ഏകകണ്ഠമായി വിസമ്മതിക്കുകയായിരുന്നു എന്നുമാണ് സർക്കാർ കോടതിയിൽ ബോധിപ്പിച്ചത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ക്ഷേത്ര ഭരണസമിതി നിയോഗിക്കുന്നവർക്കാണ് വിളക്ക് തെളിയിക്കാൻ അനുമതി നൽകിയിരുന്നത് എന്നതിനാൽ സർക്കാരിന് മറ്റൊന്നും ചെയ്യാൻ സാധിച്ചില്ലെന്ന നിലപാടാണ് തമിഴ്നാട് സർക്കാർ സ്വീകരിച്ചത്.
“അവിടെ വിളക്ക് തെളിക്കുന്നത് സ്ഥാപിതമായ ആചാരമായിരുന്നില്ല (not customary);
അതുവഴി സമാധാനലംഘനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികാരികൾ കരുതിയിരുന്നു (breach of peace was apprehended)“
1862ലെ തിരുപ്രംകുണ്ഡ്രം സംഭവത്തിൽ അവിടെ വിളക്ക് തെളിക്കുന്നത് സ്ഥാപിതമായ ആചാരമല്ലെന്നും അതുവഴി സമാധാനലംഘനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഭരണകൂടം പരിഗണിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മജിസ്ട്രേറ്റ് ആ ശ്രമം തടഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനയും മതേതരത്വവും മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള നീതിന്യായവ്യവസ്ഥയിൽനിന്ന് നാം പ്രതീക്ഷിക്കുന്നത് അതിനേക്കാൾ ഉയർന്ന നിയമപരമായ ജാഗ്രതയാണ്.
എന്നാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, പ്രത്യേകിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ പാർലമെന്ററി ഭൂരിപക്ഷവും ഭരണകൂട സ്വാധീനവുമുള്ള കാലത്ത്, കോടതികളുടെ സമീപനത്തെക്കുറിച്ച് ചില അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഇവിടെ നമുക്ക് ബാബരി മസ്ജിദ് വിധിയെക്കുറിച്ച് പറയേണ്ടതുണ്ട്. അയോധ്യയിൽ മുസ്ലിംകൾ 1949 വരെ ആരാധന നടത്തിയിരുന്നതായി കോടതി അംഗീകരിച്ചിരുന്നു. 1528 മുതൽ 1949 വരെ ഏകദേശം 421 വർഷം മുസ്ലിം ആരാധനാലയമായിരുന്ന സ്ഥലമാണ്. എന്നാൽ ഈ മുഴുവൻ കാലയളവിലും തുടർച്ചയായ മുസ്ലിം ആരാധന നടന്നതായി തെളിവില്ല എന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
1856–1949 വരെ ഏകദേശം 92- 93 വർഷമാണ് കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ പരിഗണിച്ച മുസ്ലിം ആരാധനയുടെ കാലയളവ്. അതായത്, അവരുടെ ആരാധനയുടെ ചരിത്രപരമായ തുടർച്ചയ്ക്ക് തെളിവുണ്ടായിരുന്നു. തുടർന്ന് കോടതി കുറച്ചു സത്യങ്ങൾ അംഗീകരിക്കുന്നു.
1949 ഡിസംബർ 22–23 രാത്രിയിൽ മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചത് നിയമവിരുദ്ധമായിരുന്നു. 1992 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർത്തത് നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമായിരുന്നു ചരിത്രപരമായ ഒരു ക്ഷേത്രം തകർത്തിട്ടാണ് മസ്ജിദ് നിർമ്മിച്ചതെന്ന് തെളിയിക്കാനായിട്ടില്ല.
ചരിത്രപരമായ അനീതികൾക്ക് നിയമം ഉപയോഗിച്ച് കാലത്തിലേക്ക് തിരിച്ചുപോയി പരിഹാരം നൽകാനാവില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തിൽ തീരുമാനിക്കാനാവില്ല.
അപ്പോൾ നമ്മൾ വിചാരിക്കും ബാബരി മസ്ജിദ് പള്ളിപ്പറമ്പിൽ വീണ്ടും മസ്ജിദ് പണിയാൻ അനുവദിക്കും എന്ന്, അപ്പോളാണ് റിയൽ ട്വിസ്റ്റ് വരുന്നത്. പക്ഷെ, രാംലല്ല വിരാജ്മാന്റെ പേരിൽ കോടതി പള്ളിപ്പറമ്പ് അനുവദിച്ചു കൊടുത്തു.
2026 നവംബർ 20ന് സുപ്രീംകോടതി ദീപത്തൂണിൽ ഒരുതവണ ദീപം തെളിക്കാൻ അനുമതി നൽകി. അതോടൊപ്പം, ഈ അനുമതി സ്ഥാപിതമായ ആചാരത്തിനോ മതപരമായ അവകാശത്തിനോ അംഗീകാരമല്ലെന്നും ഭാവിയിൽ സമാനമായ അവകാശവാദങ്ങൾക്ക് ഇതിനെ തെളിവായി ഉപയോഗിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരും ക്ഷേത്ര ട്രസ്റ്റും, മതമൈത്രിയും സമാധാനവും തകർക്കുന്ന ഈ ഈ വിധി നടപ്പാക്കിയില്ല.
പക്ഷെ നവംബർ 27ന് കോടതി വീണ്ടും ഇടപെട്ട് എല്ലാ ഭക്തർക്കും ദീപം തെളിക്കാൻ അനുമതി നൽകുകയും മുൻ ഹൈക്കോടതി കണ്ടെത്തലുകളിലെ സ്റ്റേ ഒഴിവാക്കുകയും ചെയ്തു. ഇവിടെയാണ് മറ്റൊരു അപകടസാധ്യതയുള്ളത്. കോടതി വിലക്കിയെങ്കിലും, കോടതി പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്ന ഒരു സംവിധാനമല്ല ഹിന്ദുത്വ എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിധിയിൽ അത് നമ്മൾ കണ്ടതാണ്.
അത് കൊണ്ട് തന്നെ ഇന്ന് കോടതി അനുവദിച്ച ഒരു ചടങ്ങ് നാളെ ചരിത്രപരമായ ഒരു അവകാശവാദത്തിന്റെ രാഷ്ട്രീയ അടിത്തറയായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ട്. 1986 ഫെബ്രുവരി 1ന് ഫൈസാബാദ് ജില്ലാ ജഡ്ജി കെ.എം. പാണ്ഡെ, ബാബരി പള്ളിയുടെ ഹിന്ദുത്വ ശക്തികൾ കൈയ്യേറിയ സ്ഥലത്ത്, അകത്തേക്കുള്ള ഗേറ്റിലെ പൂട്ട് തുറന്ന് ഹിന്ദു വിശ്വാസികൾക്ക് ദർശനത്തിനും പൂജയ്ക്കും പ്രവേശനം അനുവദിക്കാൻ ഉത്തരവിട്ടത് അവസാനം ചെന്നു നിന്നത് ബാബരി പള്ളി പൊളിക്കുന്നതിലായിരുന്നു എന്ന് നമ്മൾ ഓർക്കേണ്ടതുണ്ട്.
ഇന്നാട്ടിലെ സമാധാനത്തേക്കുറിച്ച്, കൊളോണിയൽ ഭരണകാലത്തെ ഒരു കോടതിക്കുള്ള ഉത്കണ്ഠ പോലും മോദി സർക്കാരിന്റെ കാലത്തെ കോടതിക്ക് ഇല്ലാതെ പോകുന്നു എന്നതിനെ നിർഭാഗ്യകരം എന്നല്ല ദുരന്തം എന്നാണ് വിളിക്കേണ്ടത്.
ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി സംഘപരിവാർ തേടാവുന്ന വഴികളിലൊന്ന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായും വ്യാഖ്യാനിച്ചുകൊണ്ട് ജുഡീഷ്യറിയിലൂടെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതാണെന്ന് പറഞ്ഞത് ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ വൈസ് ചാൻസലറും ഇപ്പോൾ സുപ്രീം കോടതി അഭിഭാഷകനുമായ ഡോ. ജി മോഹൻ ഗോപാലാണ്.
2023 ഫെബ്രുവരിയിൽ Campaign for Judicial Accountability and Reforms സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ, ഭരണകൂടത്തിന്റെ ജുഡീഷ്യൽ നിയമനങ്ങളിലെ ഇടപെടലുകളെക്കുറിച്ചും ഭരണഘടനയെക്കാൾ മതഗ്രന്ഥങ്ങളെയും മതവിശ്വാസങ്ങളെയും നിയമത്തിന്റെ ഉറവിടമായി കാണുന്ന “theocratic judges” വർധിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹമിതിനു രണ്ട് ഘട്ടങ്ങളുണ്ടാകും എന്ന് പറഞ്ഞു.
ഒന്നാം ഘട്ടം – നീതിന്യായവ്യവസ്ഥയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുക
ഭരണഘടനയുടെ പരമാധികാരത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് മതപരമായ വിശ്വാസങ്ങളെയും ഗ്രന്ഥങ്ങളെയും നിയമത്തിന്റെ ഉറവിടമായി കാണുന്ന ജഡ്ജിമാർ നീതിന്യായവ്യവസ്ഥയിൽ സ്വാധീനം നേടുക. ഇത് പറയുമ്പോൾ ജഡ്ജിമാരുടെ നിയമനപ്രക്രിയയിലും അതിനുള്ള രാഷ്ട്രീയ സ്ഥാപനപരമായ സ്വാധീനമുണ്ടാകുന്ന കാര്യത്തിലും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി.
രണ്ടാം ഘട്ടം — ഭരണഘടനയെ തന്നെ പുനർവ്യാഖ്യാനിക്കുക
ഭരണഘടനയെ ഉപേക്ഷിക്കുകയോ ഔപചാരികമായി മാറ്റിയെഴുതുകയോ ചെയ്യാതെ, അതിന്റെ വ്യവസ്ഥകൾക്ക് ഹിന്ദുത്വപരമായ അർത്ഥം നൽകുന്ന രീതിയിൽ സുപ്രീംകോടതിയിലൂടെ വ്യാഖ്യാനിക്കുക. അങ്ങനെ ഇന്ത്യയെ ഔപചാരികമായി മതേതര ജനാധിപത്യമായി നിലനിർത്തിക്കൊണ്ടുതന്നെ, അതിന്റെ ഭരണഘടനാപരമായ ഉള്ളടക്കം ഒരു മതാധിഷ്ഠിത രാഷ്ട്രത്തിന്റെ സ്വഭാവത്തിലേക്ക് മാറ്റാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു 2023ൽ.
ഭയപ്പെടേണ്ട ഈ കാര്യമാണോ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിൽ ഇത് ഇന്ത്യൻ ജനാധിപത്യം സംഘപരിവാർ, കോടതികളിലൂടെ അവസാനിപ്പിക്കുന്നതിന്റെ തുടക്കമായിരിക്കും. The beginning of the end
എന്ന് പറയുന്ന പോലെ. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാൻ മാത്രമേ ഒരു ജനാധിപത്യ വിശ്വാസിക്ക് ഇപ്പോൾ കഴിയുകയുള്ളൂ എന്നതാണ് രാജ്യത്തിന്റെ ദുരവസ്ഥ.
ഇപ്പോൾ കോടതി ഇത് അംഗീകരിച്ചു കൊടുത്താൽ സംഭവിക്കുന്ന ഒരു കാര്യം, സംഘപരിവാർ കാലങ്ങളായിട്ട് ഉന്നയിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്. അയോധ്യ, മഥുര, കാശി എന്നിവ തങ്ങൾക്ക് വിട്ടു തന്നില്ല എങ്കിൽ, ഹിന്ദുത്വ മുഗൾ ഭരണകാലത്തും മറ്റും തകർക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ മൂന്നെണ്ണം മാത്രമാണ് തങ്ങൾ തിരികെ ആവശ്യപ്പെടുന്നത്.
അത് തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ 3000 പള്ളികൾ ഇരിക്കുന്നത് ഇതുപോലെ തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ മുകളിലാണെന്നും അത് തങ്ങൾ അതിലെല്ലാം തങ്ങൾ തിരിച്ചുപിടിക്കാനായിട്ട് ശ്രമിക്കും എന്നും പറയുന്ന ഒരു ഭീഷണിയുടെ സ്വരമുള്ള ഒരു മുദ്രാവാക്യം ഇവർ ഉയർത്താറുണ്ട്. ഇതൊരു സംഘപരിവാർ നരേറ്റീവാണ്.
ഉത്തർപ്രദേശിലെ ജ്ഞാൻവാപി മസ്ജിദ് (വാരണാസി), ഷാഹി ഈദ്ഗാഹ് മസ്ജിദ് (മഥുര), ഷാഹി ജുമാ മസ്ജിദ് (സംഭൽ), ടീലേ വാലി മസ്ജിദ് (ലഖ്നൗ), Bullet ജമാ മസ്ജിദ് (ബദായൂൻ), അടാല മസ്ജിദ് (ജൗൻപൂർ), ഷാഹി മസ്ജിദ് (ഫത്തേപൂർ സിക്രി, മധ്യപ്രദേശിലെ ഭോജ്ശാല കമാൽ മൗല മസ്ജിദ് (ധാർ), ബീജാമണ്ഡൽ മസ്ജിദ് (വിദിഷ), കർണാടകയിലെ ജുമാ മസ്ജിദ് / മലാളി പള്ളി (മംഗളൂരു) ജാമിഅ മസ്ജിദ് (ശ്രീരംഗപട്ടണം), പീർ പാഷാ ബംഗ്ലാവ് / ദർഗ (ബീദർ), രാജസ്ഥാനിലെ അജ്മീർ ദർഗ (അജ്മീർ), അധായി ദിൻ കാ ഝോംപ്ര (അജ്മീർ), ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് (കുത്തബ് മിനാർ സമുച്ചയം, ഡൽഹി), ജുമാ മസ്ജിദ് (അഹമ്മദാബാദ്, ഗുജറാത്ത്), വിശാൽഗഡ് കോട്ടയിലെ ദർഗ (കോലാപൂർ, മഹാരാഷ്ട്ര) നിലവിൽ ഇത്രയും സ്ഥലങ്ങളിൽ ഹിന്ദുത്വ ശക്തികൾ ക്ഷേത്രം പൊളിച്ചിട്ടാണ് പള്ളി പണിതത് എന്ന് പറഞ്ഞിട്ട് കോടതിയിൽ ഹർജികൾ നൽകിയിട്ടുണ്ട്, കേസുകൾ നടക്കുന്നുണ്ട്.
തിരുപ്രംകുണ്ഡ്രത്തെ അവകാശവാദം അനുവദിച്ചു കൊടുത്താൽ സംഭവിക്കുന്ന ഒരു കാര്യം, ഇത്രയും ഈ പറഞ്ഞ സ്ഥലങ്ങളിലൊക്കെ ഓരോ ആചാരങ്ങളുടെ പേരിൽ ഓരോ ഡിസ്പ്യൂട്ടും ആയിട്ട് കോടതിയെ സമീപിക്കാനുള്ള ഒരു സാഹചര്യം ഹിന്ദുത്വയ്ക്ക് മുമ്പിൽ തുറക്കും എന്നുള്ളതാണ്. രാജ്യത്ത് ഇത്രയും ഇടങ്ങളിലാണ് സമാധാന അന്തരീക്ഷം ബാധിക്കപ്പെടാൻ സാധ്യതയുള്ളത്.
ഹ്യൂബ്രിസ് സിൻഡ്രോം (Hubris Syndrome) എന്നൊരു കാര്യമുണ്ട് സോഷ്യൽ സൈക്കോളജിയിൽ. ഉന്നത അധികാരവും ദീർഘകാലത്തെ പദവിയും, ഒരാളിൽ (ജഡ്ജിമാരെയും രാഷ്ട്രീയ നേതാക്കളേയും പോലെയുള്ളവരിലും മറ്റും) ഉണ്ടാക്കുന്ന അമിതമായ അഹന്തയെയും ആത്മവിശ്വാസത്തെയും വിശേഷിപ്പിക്കുന്ന പദമാണിത്.
തനിക്ക് തെറ്റുപറ്റില്ലെന്നും (Infallibility), താൻ സാധാരണ നിയമങ്ങൾക്കും വിമർശനങ്ങൾക്കും അതീതനാണെന്നും ഇവർ വിശ്വസിക്കുന്നു. സ്വന്തം വിധികളെയും അഭിപ്രായങ്ങളെയും മറ്റുള്ളവർ ചോദ്യം ചെയ്യുന്നത് ഇവർക്ക് അംഗീകരിക്കാൻ കഴിയില്ല. രാജ്യത്തിന്റെ പ്രധാന മന്ത്രി (സംഘപുത്രനായ) സ്വയം താൻ “ബയോളജിക്കൽ” തലത്തിനപ്പുറമാണെന്ന് തള്ളുന്ന നാടാണ്.
ഇനി വരാനിരിക്കുന്ന ഘട്ടം Judges can join the party and have fun with those non-biological creatures എന്നതാണെന്നു തോന്നുന്നു. 1944-ലെ ഹിറ്റ്ലർ വധശ്രമക്കേസിലെ (July 20 plot) പ്രതികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർക്ക് വധശിക്ഷ വിധിച്ച, ഹിറ്റ്ലറുടെ താല്പര്യത്തിനനുസരിച്ചാണ് താൻ ഓരോ കേസും വിധിക്കുന്നതെന്ന് പറഞ്ഞ, പീപ്പിൾസ് കോർട്ടിന്റെ പ്രസിഡന്റായിരുന്ന റോളണ്ട് ഫ്രെയ്സ്ലറെ പോലുള്ള, ഫാസിസ്റ്റ് കാലത്ത് ‘മൈ ലോർഡ്സിന്’ ഫോളോ ചെയ്യാവുന്ന ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്.
ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉത്തർപ്രദേശിലെ മണ്ണല്ല തമിഴ്നാട്ടിലേത്, ദ്രാവിഡ മണ്ണാണ്. ഉത്തർപ്രദേശിൽ ഒരു കുരങ്ങനെ കാണിച്ചുകൊണ്ട് ഹനുമാനാണെന്ന് പറഞ്ഞ് ഒരു ഭൂമി പിടിച്ചെടുക്കാനും ഒക്കെ അത് ആയുധമാക്കുന്നത് പോലെ അത്രഎളുപ്പമല്ല തമിഴ്നാട് പോലെ ഒരു സ്ഥലത്ത് ഒരു കുരങ്ങൻ കയറി ഇരിക്കുന്നു എന്ന് പറഞ്ഞ് അവിടം പിടിച്ചടക്കാൻ.
ചരിത്രം പരിശോധിച്ചാൽ ഇന്നുവരെ ഹിന്ദുത്വ ശക്തികൾക്ക് പെരിയോറിന്റെ, ദ്രാവിഡന്റെ മണ്ണ് എന്ന തമിഴ്നാട്, വഴങ്ങിയിട്ടില്ല. അത് കൊണ്ട് ഹിന്ദുത്വ ഇന്ന് ഉയർത്തിക്കാട്ടുന്ന കുരങ്ങനെ കുരങ്ങാനായി മാത്രം തിരിച്ചറിയാനും അവിടുത്തെ മനുഷ്യന് കഴിയും. അതുകൊണ്ട് സംഘപരിവാർ എന്തിനോ വേണ്ടി തിളയ്ക്കേണ്ട, ഹിന്ദുത്വ ഇവിടെ വേവില്ല എന്ന് തീരുമാനിച്ചുറപ്പിച്ച നാടണത്. തിരുപ്രംകുണ്ഡ്രം മല ബാലികേറാമല തന്നെയാണ് ഹിന്ദുത്വയ്ക്ക്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.
content highlight: The author worries that these court decisions could spark similar religious disputes at other mosques across India, though they believe Tamil Nadu’s Dravidian politics will stop such polarization from succeeding in the state