| Thursday, 9th July 2026, 6:02 pm

മോഹന്‍ലാലിന്റെ കഥാപാത്രം മരിക്കുന്നത് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടുണ്ടാവില്ല; അത് പ്രതീക്ഷിച്ചിരുന്നു: മഹേഷ് നാരായണന്‍

ആര്യ.പി

എഡിറ്റിങ് ടേബിളില്‍ നിന്ന് തുടങ്ങി ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രാഫ്റ്റ്‌സ്മാന്‍മാരിലൊരാളായി മാറിയ വ്യക്തിയാണ് മഹേഷ് നാരായണന്‍.

ഇറാഖിലെ നഴ്‌സുമാരുടെ അതിജീവന കഥ പറഞ്ഞ ‘ടേക്ക് ഓഫി’ലൂടെ സംവിധാന രംഗത്തേക്ക് കടന്ന അദ്ദേഹം, ലോക്ക്ഡൗണ്‍ കാലത്ത് ‘സി യു സൂണ്‍’ എന്ന സ്‌ക്രീന്‍ലൈഫ് പരീക്ഷണത്തിലൂടെയും, ‘മാലിക് ‘എന്ന പൊളിറ്റിക്കല്‍ ത്രില്ലറിലൂടെയുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

മുംബൈ പോലീസ്, വിശ്വരൂപം, എന്നുനിന്റെ മൊയ്തീന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററായി തിളങ്ങിയ മഹേഷ് നാരായണന്‍ ഏറ്റവും ഒടുവില്‍ മോഹന്‍ലാല്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പേട്രിയറ്റ് എന്ന ചിത്രമാണ് സംവിധാനം ചെയ്തത്.

വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രം എത്തിയതെങ്കിലും ബോക്‌സ് ഓഫീസില്‍ വിജയിക്കാന്‍ ചിത്രത്തിനായില്ല. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററില്‍ ലഭിച്ചത്. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന് വിമര്‍ശനങ്ങളും ലഭിച്ചിരുന്നു.

ട്വന്റി-20 പോലെ മോഹന്‍ലാലിനേയും മമ്മൂക്കയേയും വെച്ച് ഒരു സിനിമ ചെയ്യാമെന്ന ആലോചനയില്‍ ഉണ്ടായ ഒരു സിനിമയായിരുന്നില്ല പേട്രിയറ്റെന്ന് മഹേഷ് നാരായണന്‍ പറയുന്നു. ഒപ്പം പേട്രിയറ്റിന് വന്ന വിമര്‍ശനങ്ങളെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിക്കുന്നുണ്ട്.

പേട്രിയറ്റ് സിനിമയില്‍ നിന്ന് photo: facebook

‘ഇതില്‍ രണ്ട് വശങ്ങളുണ്ട്. പോസിറ്റീവായിട്ടും നെഗറ്റീവായിട്ടും ഉണ്ടാകും. സിനിമ കണ്ടു തീരുമ്പോള്‍ നിങ്ങള്‍ സാറ്റിസ്‌ഫൈഡ് ആണോ എന്നതേ ഞാന്‍ നോക്കുന്നുള്ളൂ. ഞങ്ങള്‍ ഈ പടത്തില്‍ സാറ്റിസ്‌ഫൈഡ് ആണെന്ന് പറഞ്ഞ് ഒരുപാട് പേര്‍ വിളിച്ചു. തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആ ഹൈ കിട്ടിയെന്ന് പറഞ്ഞു.

എന്നാല്‍ അവര്‍ രണ്ടുപേരും കൈ കോര്‍ത്ത് അഭിനയിക്കുന്ന സിനിമകള്‍ കണ്ട് ശീലിച്ചവര്‍ക്ക് ചിലപ്പോള്‍ സാറ്റിസ്‌ഫൈഡ് ആയിട്ടുണ്ടാവില്ല. അത് ഡിപ്പന്‍ഡ്‌സ് ആണ്. അത് നമുക്ക് നേരത്തെ അറിയാമായിരുന്നു. ഇതിന് ഇങ്ങനെ ഒരു അവസ്ഥ വരാമെന്ന് തോന്നിയിരുന്നു.

അടിസ്ഥാനപരമായി ഇതിനെ സിനിമയായി കാണാനും ഇവരെയൊക്കെ ഒരു ആക്ടേഴ്‌സ് ആയി പ്രസന്റ് ചെയ്യാനും നമുക്ക് കഴിയണമല്ലോ. താരമെന്ന നിലയില്‍ ഇവര്‍ വേറെയും ഒരുപാട് സിനിമകള്‍ ചെയ്യുന്നുണ്ടല്ലോ.

മോഹന്‍ലാല്‍

മമ്മൂക്കയും ലാല്‍സാറും ഒരു അഭിമുഖത്തില്‍ അത് പറഞ്ഞിരുന്നു. അവര്‍ വെറും ആക്ടേഴ്‌സ് ആയിട്ടാണ് വന്നിരിക്കുന്നത് എന്ന്. ലാല്‍ സാറിന് ഈ കഥാപാത്രം ഇഷ്ടപ്പെട്ടിട്ടാണ് വന്നത്. ഞാന്‍ ഇങ്ങനെ ഒരു കഥാപാത്രം ചെയ്തിട്ട് കുറേക്കാലമായി എന്ന് ലാല്‍സാര്‍ പറഞ്ഞു. അതിനൊരു രസമുണ്ടെന്നും ആ രസം ചോര്‍ന്നുപോകാതെ നിങ്ങള്‍ ചെയ്താല്‍ മതിയെന്നും എനിക്ക് വേണ്ടി പുതുതായിട്ട് ഒന്നും ആഡ് ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അത് തന്നെയായിരുന്നു എല്ലാവരുടേയും തീരുമാനം. സിനിമ ഇറങ്ങിയ ശേഷം എനിക്ക് അവരുടെ ഭാഗത്ത് നിന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അവര്‍ ഹാപ്പിയായിട്ടാണ് ഇരിക്കുന്നത്. ബാക്കിയുള്ള സംഭവങ്ങള്‍ എനിക്ക് തീരുമാനിക്കാന്‍ പറ്റുന്ന കാര്യമല്ല.

സിനിമ കൊടുത്തുകഴിഞ്ഞാല്‍ പിന്നെ അത് പ്രേക്ഷകന്റേതാണല്ലോ. അതിന് ശേഷം കിട്ടുന്ന ഫീഡ് ബാക്ക്‌സ് നമുക്ക് എടുക്കാമെന്നെയുള്ളൂ. റഹീമിന് സംഭവിച്ച കള്‍മിനേഷന്‍ ഫാക്ടര്‍ ആക്‌സെപ്ട് ചെയ്യാന്‍ പറ്റാത്ത കുറേ ആള്‍ക്കാര്‍ ഉണ്ട്. അത് ഞങ്ങള്‍ക്കെല്ലാം സര്‍പ്രൈസ് ആയിരുന്നു.

ഞങ്ങള്‍ അതിനെ കുറിച്ച് ആലോചിച്ചു. ഞാന്‍ അതിനകത്ത് രക്തസാക്ഷിത്വം എന്ന ഹൈറ്റാണ് ആലോചിച്ചിരുന്നത്. അത് കിട്ടുന്നുണ്ടെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. പക്ഷേ ചിലപ്പോള്‍ ആളുകള്‍ക്ക് ഈ പറഞ്ഞ സാധനം ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല. അപ്പോഴും സിനിമ ഓവര്‍ ഓള്‍ വര്‍ക്കായി എന്ന് കുറേപ്പേര്‍ പറഞ്ഞു,’ മഹേഷ് നാരായണന്‍ പറയുന്നു.

Content Highlight: The audience might not have been able to accept Mohanlal’s character dying, Mahesh Narayanan on Patriot Movie

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more