| Wednesday, 4th February 2026, 2:50 pm

ആത്മാവായി വന്ന് പ്രേമിച്ചത് കണ്ടു… അപ്പോൾ ആത്മാവിനെ പ്രേമിച്ചവരുമുണ്ടായിരുന്നല്ലേ!...; ചർച്ചയായി യമണ്ടൻ പ്രേമകഥയും സർവ്വം മായയും

നന്ദന എം.സി

ആത്മാക്കൾക്കും പ്രണയവും സൗഹൃദവും തോന്നുമെന്ന് കാണിച്ചുതന്ന സിനിമയാണ് നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ. എന്നാൽ ഈ ആശയം മലയാളികൾക്ക് പുത്തരിയല്ല എന്ന ചർച്ചയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

സർവ്വം മായയിലെ ഡെലൂലു എന്ന കഥാപാത്രം മരിച്ചശേഷം നായകനെ കാണുകയും സൗഹൃദം വളരുകയും അത് പിന്നീട് പ്രണയമായി മാറുകയും ചെയ്യുന്ന രീതിയാണ് സിനിമ പറയുന്നത്. ഈ കഥാപാത്രത്തെ വിസ്മയ തുമ്പത്തിലെ റീത്തയുമായി താരതമ്യം ചെയ്തുള്ള ചർച്ചകൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും, ഇപ്പോൾ മറ്റൊരു സിനിമ കൂടി പ്രേക്ഷകർ ഉദാഹരണമായി മുന്നോട്ടുവയ്ക്കുകയാണ്.

സർവ്വം മായ, Photo: YouTube/ Screengrab

ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥയാണ് ഇപ്പോൾ സർവ്വം മായയുമായി താരതമ്യം ചെയ്യപ്പെടുന്ന മറ്റൊരു ചിത്രം. ആ സിനിമയിൽ, മറ്റാരോടും തോന്നാത്ത ഒരു ‘സ്പാർക്ക്’ നായകന് ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ടപ്പോൾ മാത്രം തോന്നുന്നു. അവളെ തേടിയുള്ള യാത്രയിൽ അവൾ മരിച്ചുവെന്ന് നായകൻ തിരിച്ചറിയുന്നു. ഇവിടെ നായകൻ അറിയാതെ ഒരു ആത്മാവിനെയാണ് പ്രണയിക്കുന്നത്.

സർവ്വം മായയിൽ ആത്മാവായ ഡെലൂലുവിന് നായകനോടാണ് പ്രണയം തോന്നുന്നത്. അവൾ മരിച്ചതിന് ശേഷം അവനെ കാണുന്നു, സൗഹൃദം വളരുന്നു, ഇഷ്ടമായി മാറുന്നു. എന്നാൽ നായകന്റെ ജീവിതത്തിൽ മറ്റൊരു പ്രണയം വരുമ്പോൾ, സ്വന്തം ഇഷ്ടം തുറന്നു പറഞ്ഞ ശേഷം അവൾ എന്നെന്നേക്കുമായി ഭൂമി വിടുന്നു. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നൊരു വേദന പ്രേക്ഷക മനസിൽ ബാക്കി വച്ചാണ് സിനിമ അവസാനിക്കുന്നതെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഒരു യമണ്ടൻ പ്രേമകഥ, Photo: IMDb

അതേസമയം ഒരു യമണ്ടൻ പ്രേമകഥയിൽ, നായകന്റെ പ്രണയം അറിയാതെ തന്നെ അവൾ ഈ ലോകത്തോട് വിട പറയുന്നു. ഒരു വട്ടമെങ്കിലും അവൾ അത് അറിഞ്ഞിരുന്നെങ്കിൽ എന്നൊരു ആഗ്രഹമാണ് ആ സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച് അവസാനിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നു.

ഇരു സിനിമകളിലെയും സാമ്യം ചൂണ്ടിക്കാണിക്കുന്ന പ്രേക്ഷകർ പറയുന്നത്, ഒന്നിൽ നായിക പ്രണയം പറഞ്ഞ് യാത്രയാകുമ്പോൾ, മറ്റൊന്നിൽ നായകന്റെ പ്രണയം അറിയുന്നതിന് മുമ്പേ നായിക യാത്രയാകുന്നു എന്നതാണ്.

സർവ്വം മായ, Photo: YouTube/ Screengrab

ഇതിനൊപ്പം, അനുഗ്രഹീതൻ ആന്റണിയിലെ സണ്ണി വെയിനിന്റെ കഥാപാത്രം, സുരേഷ് ഗോപി നായകനായ മേഘ സന്ദേശത്തിലെ നായിക തുടങ്ങി മരണമടഞ്ഞ കഥാപാത്രങ്ങളെയും പ്രേക്ഷകർ ചർച്ചയിലേക്കു കൂട്ടിക്കൊണ്ടുവന്നു. ‘ഇവരെയെല്ലാം വെച്ച് നോക്കുമ്പോൾ ഡെലൂലു തന്നെയാണ് ബെറ്റർ, ‘ആഹാ… ആത്മാവായി വന്ന് പ്രേമിച്ചത് കണ്ടു, അപ്പോൾ ആത്മാവിനെ പ്രേമിച്ചവരുമുണ്ടായിരുന്നല്ലേ!’ തുടങ്ങി രസകരമായ കമന്റുകളും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.

പ്രണയവും ഫാന്റസിയും ചേർത്ത് പറഞ്ഞ കഥകൾ മലയാള സിനിമയിൽ മുമ്പ് ഉണ്ടായിരുന്നുവെങ്കിലും, സർവ്വം മായ മറ്റൊരു പ്രതീതിയാണ് പ്രേക്ഷകർക്ക് നൽകിയത്.

Content Highlight: The audience is comparing the movie Sarvam Maya and the movie Oru Yamandan Prema Katha.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more