| Saturday, 14th February 2026, 5:00 pm

ഡെലൂലുവിന്റെ ആ താടിക്കാരൻ പ്രഭേന്ദു തന്നെ; സർവ്വം മായയിലെ ക്ലോസപ്പ് ഷോട്ടിൽ ഒളിഞ്ഞിരിക്കുന്ന ആ സത്യം

നന്ദന എം.സി

സർവ്വം മായയുടെ ചർച്ചകൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ചിത്രം തിയേറ്ററിൽ നേടിയ വലിയ വിജയത്തിന് പിന്നാലെ ഒ.ടി.ടി റിലീസിനുശേഷവും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിവിൻ–അജു കോംബോയും ക്യൂട്ട് യക്ഷിയായെത്തിയ ഡെലൂലുവും സിനിമയ്ക്ക് വലിയ പ്രേക്ഷക പിന്തുണ നേടിക്കൊടുത്തിരുന്നു. എന്നാൽ റിലീസിന് മാസങ്ങൾ കഴിഞ്ഞിട്ടും അവസാനിക്കാത്ത ഒരു ചോദ്യമാണ് ഇപ്പോഴും ആരാധകരുടെ ചർച്ചാവിഷയം. ഡെലൂലുവിന്റെ കാമുകൻ ആരാണ്? എന്നുള്ളത്.

റിയ ഷിബു, നിവിൻ പോളി, Photo: Nivin Pauly/ Facebook

ഇപ്പോഴിതാ സിനിമയിലെ ഒരു ക്ലോസപ്പ് ഷോട്ടാണ് പുതിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ഡെലൂലു തന്റെ പേര് വെളിപ്പെടുത്തുന്ന നിർണായക രംഗത്തിൽ ക്യാമറ പ്രഭേന്ദുവിന്റെ മുഖത്തേക്ക് അടുക്കുന്ന ആ നിമിഷം തന്നെയാണ് ആരാധകർ വീണ്ടും വിശകലനം ചെയ്യുന്നത്.

ആ ക്ലോസപ്പ് ഷോട്ടിലെ പ്രഭേന്ദുവിന്റെ കണ്ണുകളിലുണ്ടായ അമ്പരപ്പ് സാധാരണയല്ലെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. വർഷങ്ങളായി നഷ്ടപ്പെട്ടു എന്നു കരുതിയ പ്രണയിനിയെ അപ്രതീക്ഷിതമായി കാണുമ്പോഴുണ്ടാകുന്ന ആ ആഴത്തിലുള്ള വികാരമാണ് ആ മിഴികളിൽ പ്രതിഫലിക്കുന്നതെന്നാണ് അവരുടെ വിലയിരുത്തൽ. സിനിമ പറയാതെ പറഞ്ഞ രഹസ്യം ആ ഒരു ഷോട്ടിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

റിയ ഷിബു, നിവിൻ പോളി, Photo: YouTube/ Screengrab

എന്നാൽ മറുവിഭാഗം ഇതെല്ലാം അതിരുവിട്ട വ്യാഖ്യാനങ്ങളാണെന്ന നിലപാടിലാണ്. കാമുകിയെ നേരിൽ കണ്ടിട്ട് തിരിച്ചറിയാത്ത ഒരാൾ, പേര് കേട്ടിട്ട് ആളെ മനസ്സിലാക്കുമോ? എന്ന ചോദ്യമാണ് ചിലർ ചോദിക്കുന്നത്.

ഡെലൂലുവിന്റെ കാമുകൻ പ്രഭേന്ദു അല്ലെന്നും ഇത് ഓരോ പ്രേക്ഷകരും കാണുന്ന രീതിക്കനുസരിച്ചിരിക്കുമെന്നും എല്ലാ കാണികളും വ്യത്യസ്‍ത ചിന്താഗതിയുള്ളവരാണെന്നും ഓരോ പ്രേക്ഷകർക്കും ഓരോ തരത്തിൽ സിനിമയെ സമീപിക്കാമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഡിസംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രം ഇന്നും പ്രേക്ഷകർക്കിടയിൽ ഇത്തരം ചർച്ചകൾക്ക് വഴിയൊരുക്കുന്നത് തന്നെ സിനിമയുടെ ഏറ്റവും വലിയ വിജയമായി വിലയിരുത്താം. ക്ലൈമാക്സിൽ നിവിൻ കണ്ണുകൾ അടയ്ക്കുന്ന രംഗത്തിൽ ഒളിഞ്ഞിരിക്കുന്നത് പ്രണയത്തിന്റെ സത്യമോ, അല്ലെങ്കിൽ പ്രേക്ഷകരുടെ ഭാവനയോ എന്ന ചോദ്യത്തിന് ഉത്തരമില്ലെങ്കിലും, ‘സർവ്വം മായ’ വീണ്ടും സോഷ്യൽ മീഡിയയിൽ പുതിയ പുതിയ ചർച്ചകൾക്കും ചോദ്യങ്ങൾക്കും വഴിയൊരുക്കുകയാണ്.

Content Highlight: The audience has once again made Sarvam Maya a topic of discussion.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more