അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ‘സർവ്വം മായ’ തിയേറ്റർ റിലീസിന് ശേഷവും ഒ.ടി.ടി റിലീസിന് ശേഷവും ശക്തമായ ചർച്ചകൾക്ക് വഴിതെളിച്ച സിനിമയായിരുന്നു. ക്യൂട്ട് യക്ഷിയായ ഡെലൂലുവിനെയും നിവിൻ–അജു കോമ്പിനേഷനെയും പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. നിവിൻ പോളിയുടെ കംബാക്ക് എന്ന് വിലയിരുത്തപ്പെട്ട സിനിമ ബോക്‌സ് ഓഫീസിലും വലിയ നേട്ടമാണ് കൈവരിച്ചത്.
എന്നാൽ റിലീസിന് ദിവസങ്ങൾ കഴിഞ്ഞിട്ടും സർവ്വം മായയെ ചുറ്റിപ്പറ്റി ചില സംശയങ്ങൾ ഇപ്പോഴും പ്രേക്ഷകരെ വിടാതെ പിന്തുടരുകയാണ്. ഡെലൂലുവിന്റെ കാമുകൻ ആരാണ് എന്ന ചോദ്യം മുതൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. ബ്രെയിൻ ഡെത്ത് സംഭവിച്ച ഡെലൂലു എങ്ങനെ അവസാനം ‘യെസ്’ എന്ന വാക്ക് കേട്ടു? എന്നതാണ്.
റിയ ഷിബു, നിവിൻ പോളി, Photo: Nivin Pauly/ Facebook
സിനിമ തിയേറ്ററിൽ കണ്ടപ്പോൾ തന്നെ ഈ സംശയം തോന്നിയിരുന്നുവെന്നും, ഒ.ടി.ടിയിൽ വീണ്ടും കണ്ടപ്പോഴും അതിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നുമാണ് പലരുടെയും അഭിപ്രായം. സിനിമയിൽ ഡെലൂലു മരിക്കുന്നതിന് മുൻപ് ‘യെസ്’ എന്നൊരു വാക്ക് കേട്ടതായി നിവിനോട് തുറന്നുപറയുന്നുണ്ട്. എന്നാൽ ഫ്ലാഷ്ബാക്കിൽ ഡെലൂലുവിന് സംഭവിച്ച അപകടത്തിന് ശേഷം ഡോക്ടർമാർ അവർക്ക് ബ്രെയിൻ ഡെത്ത് ആണെന്ന് വിധിയെഴുതുകയും, ആ അവസ്ഥയിൽ ഒരാൾക്ക് തിരികെ വരാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
ഇങ്ങനെയൊരു അവസ്ഥയുള്ളതുകൊണ്ടാണ് പ്രേക്ഷകർ ചോദിക്കുന്നത് ബ്രെയിൻ ഡെത്ത് സംഭവിച്ച ഒരാൾക്ക്, ശാസ്ത്രീയമായി ചിന്തിച്ചാൽ, എങ്ങനെ ആ വാക്ക് കേൾക്കാൻ സാധിക്കുമെന്ന്.
അഖിൽ സത്യൻ, നിവിൻ പോളി, റിയ ഷിബു, പ്രീതി മുകുന്ദൻ, Photo: Nivin Pauly/ Facebook
ഈ കാര്യത്തിൽ സംവിധായകൻ ശ്രദ്ധിച്ചില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഉന്നയിക്കുന്നു.
അതേസമയം, ചിലർ ഈ ചോദ്യങ്ങളെ പരിഹസിച്ചും രംഗത്തെത്തിയിട്ടുണ്ട്.
ആത്മാവ് കൈകൊണ്ട് ഫോൺ എടുത്ത് ഡി.പി മാറ്റുന്നതും, ഓൺലൈനിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡ്രസ് ഓർഡർ ചെയ്യുന്നതും വിശ്വസിക്കാമെങ്കിൽ, ഇതും വിശ്വസിക്കാമല്ലോ, ഇവിടെ പ്രേതപ്പടത്തിന്റെ ലോജിക് എവിടെയോ വഴിതെറ്റി, ബാക്കി എല്ലാം ശാസ്ത്രീയമായി കറക്റ്റ് ആണെന്നാണോ? തുടങ്ങി നിരവധി കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു.
നിവിൻ പോളിക്കൊപ്പം ജനാർദ്ദനൻ, അൽത്താഫ് സലിം, വിനീത്, രഘുനാഥ് പാലേരി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയ സർവ്വം മായ ഏകദേശം 150 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
Content Highlight: The audience has an endless discussion about the movie Sarvam Maya.