| Friday, 18th September 2026, 8:05 am

തമിഴ്‌നാട്ടില്‍ ഹിന്ദി പഠിപ്പിക്കില്ലെന്ന മനോഭാവം മാറ്റണം: സര്‍ക്കാരിനോട് സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: തമിഴ്‌നാട് സര്‍ക്കാരിന്റെ ഹിന്ദിക്കെതിരായ മനോഭാവം മാറ്റണമെന്ന് സുപ്രീം കോടതി.
തമിഴ്‌നാടിന്റെ മണ്ണില്‍ ഹിന്ദി പഠിപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു.

എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബി.വി നാഗരത്‌നയുടെ വാക്കാലുള്ള പരാമര്‍ശം.
ചെന്നൈയിലെ ജനങ്ങള്‍ ദല്‍ഹിയെ അകറ്റി നിര്‍ത്തരുതെന്നും ഇരുപക്ഷവും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തമിഴ്നാട്ടില്‍ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് ഭീഷണിയായി കാണരുതെന്നും കോടതി പറഞ്ഞു. ‘നിങ്ങളുടെ മനോഭാവം മാറണം. തമിഴ്നാടിന്റെ മണ്ണില്‍ ഹിന്ദി പഠിപ്പിക്കില്ല എന്ന് പറയാനാവില്ല. ഭാഷാ വിഷയം കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ചര്‍ച്ച ചെയ്യൂ. രണ്ടാം ഭാഷയായി തമിഴ് വേണമെങ്കില്‍ അത് പരിഗണിക്കാവുന്ന വിഷയമാണ്. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കേന്ദ്ര മന്ത്രാലയ സെക്രട്ടറിയുമായി സംസാരിക്കണം,’ ജസ്റ്റിസ് നാഗരത്‌ന നിര്‍ദേശിച്ചു.

മുമ്പ് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഹിന്ദിയുടെ കാര്യത്തില്‍ കേന്ദ്രം വാശിപിടിക്കുകയാണെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത മറുപടി പറഞ്ഞു. എങ്കിലും മറ്റൊരു റൗണ്ട് ചര്‍ച്ചയ്ക്ക് കൂടി സമ്മതമാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

എന്നാല്‍ എല്ലാ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനായി ഭൂമി കണ്ടെത്തണമെന്ന 2025 ഡിസംബര്‍ 15-ലെ ഉത്തരവ് പാലിക്കണമെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശം.

പൂര്‍ണമായും കേന്ദ്ര ഫണ്ട് ഉപയോഗിച്ച് കേന്ദ്ര പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നവോദയ വിദ്യാലയ സമിതി നടത്തുന്ന റെസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ് നവോദയ വിദ്യാലയങ്ങള്‍. സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള ഭിന്നതകള്‍ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നവോദയ സ്‌കൂളുകളില്‍ ഹിന്ദി ഉള്‍പ്പെടുന്ന ത്രിഭാഷാ നയം പിന്തുടരുമ്പോള്‍, തമിഴ്നാട്ടില്‍ ദ്വിഭാഷാ നയമാണ് നിലവിലുള്ളതെന്നതാണ് പദ്ധതിയെ സംസ്ഥാനം എതിര്‍ക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

സ്‌കൂളുകള്‍ക്കോ ഹിന്ദി പഠിപ്പിക്കുന്നതിനോ സംസ്ഥാനം എതിരല്ലെന്നും മറിച്ച് നവോദയ പദ്ധതിയുമായി ബന്ധപ്പെട്ട ഭാഷാ നയത്തോടാണ് എതിര്‍പ്പെന്നും ഗുപ്ത വ്യക്തമാക്കി. ‘ത്രിഭാഷാ നയം സംസ്ഥാന നയത്തിന് എതിരും തമിഴിനെ മറികടക്കുന്നതുമാണ്. ഭരണഘടന ഉദ്ദേശിക്കുന്ന രീതിയിലുള്ള ഏകീകരണമല്ല. നവോദയ കേന്ദ്ര ഗവണ്‍മെന്റ് സ്‌കൂളല്ല, മറിച്ച് ഒരു സൊസൈറ്റി നടത്തുന്ന സ്‌കൂളാണ്. ഹിന്ദിക്ക് പ്രാധാന്യം നല്‍കണമെന്ന വാശി ഇവിടെയുണ്ട്,’ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

എന്നാല്‍ വിദ്യാലയത്തിനായുള്ള ഭൂമി കണ്ടെത്താനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. നടപടി പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കുകയും ഈ നടപടികള്‍ക്കൊപ്പം നയപരമായ ചര്‍ച്ചകള്‍ തുടരണമെന്ന് ഉത്തരവിടുകയും ചെയ്തു.

Content Highlight: The attitude of not teaching Hindi in Tamil Nadu must change: Supreme Court to the government.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more