| Saturday, 6th September 2025, 3:49 pm

ഇന്ത്യയില്‍ നുഴഞ്ഞുകയറിയ 14 ഭീകരര്‍ മുംബൈ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശം; ജോത്സ്യന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോയിഡ: മുംബൈയില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബീഹാര്‍ സ്വദേശിയായ അശ്വിനി കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ പാട്‌ലിപുത്രപുത്രയില്‍ നിന്നുള്ള ജോത്സ്യനാണെന്ന് തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

നോയിഡയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ബി.എന്‍.എസ് വകുപ്പുകളായ 196(1)(a)(b), 351(2), 351(3), 351(4) എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തു.

കൂടാതെ ഇയാളുടെ കൈവശമുണ്ടായിരുന്ന ഏഴ് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍, ആറ് മെമ്മറി കാര്‍ഡ് ഹോള്‍ഡറുകള്‍, ഒരു എക്‌സ്റ്റേണല്‍ സിം സ്ലോട്ട്, രണ്ട് ഡിജിറ്റല്‍ കാര്‍ഡുകള്‍, മറ്റ് ഇലക്ട്രോണിക് വസ്തുക്കളും പിടിച്ചെടുത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി മാതാപിതാക്കള്‍ക്കൊപ്പം നോയിഡയിലെ സെക്ടര്‍ 79ലാണ് ഇയാള്‍ താമസിച്ചിരുന്നത്. രാജ്യത്ത് 14 പാക് ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും 34 മനുഷ്യബോംബുകളെ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നുമായിരുന്നു പ്രതിയുടെ വാട്‌സ്ആപ്പ് സന്ദേശം.

400 കിലോ ആര്‍.ഡി.എക്‌സ് ഉപയോഗിച്ചായിരിക്കും ആക്രമണം നടത്തുകയെന്നും സന്ദേശമുണ്ടായിരുന്നു. ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ മേഖലയിലുടനീളം സംസ്ഥാന പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

ഗണേശോത്സവം, നബിദിനം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അതേസമയം ഫിറോസ് എന്ന സുഹൃത്തിനെ നിയമക്കുരുക്കില്‍ കുടുക്കാനാണ് അശ്വനി കുമാര്‍ ഭീഷണി സന്ദേശം അയച്ചതെന്നാണ് എഫ്.ഐ.ആര്‍. 2023ല്‍ ഫുല്‍വാരി ഷെരീഫ് സ്വദേശിയായ ഫിറോസ് നല്‍കിയ പരാതിയില്‍ അശ്വിനി കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൂന്ന് മാസത്തോളം ഇയാള്‍ ജയിലില്‍ കിടക്കുകയുമുണ്ടായി. ഇതിന്റെ പ്രതികാരമായാണ് അശ്വിനി കുമാര്‍ ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലീസിന്റെ വാദം.

ലഷ്‌കര്‍-ഇ-ജിഹാദി എന്ന പേരിലാണ് ഇയാള്‍ സന്ദേശം അയച്ചത്. ഹിന്ദുക്കളെ തുടച്ചുനീക്കുമെന്നും മുംബൈ നഗരത്തെ പിടിച്ചുകുലുക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.

Content Highlight: The astrologer arrested for Mumbai terror threat

We use cookies to give you the best possible experience. Learn more