വിശ്വപ്രസിദ്ധ ആഷസിന്റെ 2025-26 പതിപ്പിലെ ആദ്യ മത്സരം ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ബാറ്റ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ആതിഥേയര്‍ 172 റണ്‍സിന് പുറത്താക്കിയിരുന്നു. സന്ദര്‍ശകരെ തകര്‍ക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്.
സ്റ്റാര്‍ക് ഇംഗ്ലണ്ടിന്റെ ഏഴ് ബാറ്റര്‍മാരെ പുറത്താക്കിയാണ് താണ്ഡവമാടിയത്. താരം ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത് 12.5 ഓവറുകള്‍ എറിഞ്ഞാണ്. 4.52 എക്കോണമിയില്‍ പന്തെറിഞ്ഞ പേസര്‍ വെറും 58 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.
ആഷസിലെ വിക്കറ്റ് വേട്ടയോടെ സ്റ്റാര്‍ക്കിന് ഒരു സൂപ്പര്‍ നേട്ടം തന്റെ അക്കൗണ്ടിലാക്കാനായി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ 5+ വിക്കറ്റ് നേടുന്ന ഇടം കൈയ്യന്‍ പേസര്‍മാരുടെ ലിസ്റ്റിലാണ് ഓസീസ് താരം ഇടം പിടിച്ചത്. ഈ ലിസ്റ്റില്‍ താരം 17 തവണ 5+ വിക്കറ്റുകള്‍ വീഴ്ത്തി രണ്ടാം സ്ഥാനത്താണ്. പാക് ഇതിഹാസം വസീം അക്രമാണ് മുന്നിലുള്ളത്.
(താരം – ടീം – ഇന്നിങ്സ് – എണ്ണം എന്നീ ക്രമത്തില്‍)
വസീം അക്രം – പാകിസ്ഥാന്‍ – 181 – 25
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 193 – 17
അലന്‍ ഡേവിഡ്‌സണ്‍ – ഓസ്‌ട്രേലിയ – 182 – 14
മിച്ചല്‍ ജോണ്‍സന്‍ – ഓസ്‌ട്രേലിയ – 140 – 14
ചാമിന്ദ വാസ് – ശ്രീലങ്ക – 194 – 12
സ്റ്റാര്‍ക്കിന് പുറമെ, ബ്രണ്ടന്‍ ഡൊഗ്ഗെറ്റ് രണ്ട് വിക്കറ്റും കാമറൂണ്‍ ഗ്രീന് ഒരു വിക്കറ്റും നേടി.
ഇംഗ്ലണ്ട് നിരയില്‍ ഹാരി ബ്രൂക്ക് (61 പന്തില്‍ 52), ഒല്ലി പോപ്പ് (58 പന്തില്‍ 46), ജെയ്മി സ്മിത് (22 പന്തില്‍ 33) എന്നിവര്‍ തിളങ്ങി.
നിലവില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 35 ഓവറുകള്‍ പിന്നിടുമ്പോള്‍ ആറിന് 107 റണ്‍സാണ് എടുത്തത്. അലക്‌സ് കാരി (21 പന്തില്‍ 22), മിച്ചല്‍ സ്റ്റാര്‍ക് (എട്ട് പന്തില്‍ ഒമ്പത്) എന്നിവരാണ് ക്രീസിലുള്ളത്.
ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്, ബെന്‍ സ്റ്റോക്സ്, ബ്രൈഡന്‍ കാഴ്സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
Content Highlight: The Ashes: Mitchell Starc became second left arm pacer to secure most 5+ wickets hauls in Tests