| Wednesday, 17th December 2025, 10:06 am

ഓസീസിന്റെ തലയരിഞ്ഞ് ആര്‍ച്ചര്‍; അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി ഖവാജ

ഫസീഹ പി.സി.

ആഷസിലെ മൂന്നാം ടെസ്റ്റ് അഡ്ലെയ്ഡ് ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് 194 റണ്‍സെടുത്തിട്ടുണ്ട്. 74 പന്തില്‍ 48 റണ്‍സെടുത്ത അലക്‌സ് ക്യാരിയും ഒമ്പത് പന്തില്‍ അഞ്ച് റണ്‍സെടുത്ത ജോസ് ഇംഗ്ലിഷുമാണ് ക്രീസിലുള്ളത്.

ടോസ് നേടി ബാറ്റിങ് ഇറങ്ങിയ ഓസീസിന് സ്‌കോര്‍ ബോര്‍ഡിലേക്ക് 33 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ ജെയ്ക്ക് വെതറാള്‍ഡ് പുറത്തായി. 27 പന്തില്‍ 18 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്.

ജോഫ്ര ആര്‍ച്ചര്‍. Photo: Smile posts/x.com

അടുത്ത ഓവറില്‍ അതേ സ്‌കോറില്‍ തന്നെ ട്രാവിസ് ഹെഡും തിരികെ നടന്നു. ബ്രൈഡന്‍ കാഴ്സാണ് താരത്തിന്റെ വിക്കറ്റെടുത്തത്. 28 പന്തില്‍ പത്ത് റണ്‍സായിരുന്നു ഹെഡിന്റെ സംഭാവന.

പിന്നാലെ ഒത്തുചേര്‍ന്ന മാര്‍നസ് ലബുഷാന്‍ – ഉസ്മാന്‍ ഖവാജ സഖ്യം ടീമിനെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍, 61 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഈ സഖ്യം പിരിഞ്ഞു. 40 പന്തില്‍ 19 റണ്‍സെടുത്ത ലബുഷാനെ മടക്കി ആര്‍ച്ചര്‍ ഒരിക്കല്‍ കൂടി കങ്കാരുക്കള്‍ക്ക് പ്രഹരമേല്പിക്കുകയായിരുന്നു.

ഉസ്മാന്‍ ഖവാജ Photo: Cric360Cricket/x.com

പിന്നാലെ കാമറൂണ്‍ ഗ്രീന്‍ ബാറ്റിങ്ങെത്തി. എന്നാല്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ താരം റണ്‍സൊന്നും നേടാതെ മടങ്ങി. ഈ വിക്കറ്റും ആര്‍ച്ചര്‍ തന്നെയാണ് സ്വന്തമാക്കിയത്.

അതിന് ശേഷമാണ് ഖവാജയും അലക്‌സ് കാരിയും ഒരുമിച്ചത്. ഇരുവരും ചേര്‍ന്ന് 91 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. വില്‍ ജാക്സിന്റെ പന്തില്‍ ജോഷ് ടങ്ങിന് ക്യാച്ച് നല്‍കി ഖവാജ പുറത്താവുകയായിരുന്നു. 126 പന്തില്‍ 82 റണ്‍സായിരുന്നു താരത്തിനെ സമ്പാദ്യം.

Content Highlight: The Ashes: England’s Jofra Archer takes three wickets while Australian batter Usman Khawaja hit half century

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more