ആഷസിലെ ഒന്നാം ടെസ്റ്റില്‍ ആതിഥേയരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും കടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഒമ്പതിന് 123 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ 13 പന്തില്‍ മൂന്ന് നേടിയ നഥാന്‍ ലിയോണും ഒരു പന്ത് പോലും നേരിടാതെ ബ്രണ്ടന്‍ ഡൊഗ്ഗെറ്റുമാണ് കങ്കാരുക്കള്‍ക്കായി ക്രീസിലുള്ളത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ മറുപടിക്ക് ചുക്കാന്‍ പിടിച്ചത്.
സ്റ്റോക്‌സ് മത്സരത്തില്‍ ഫൈഫറുമായാണ് തിളങ്ങിയത്. താരം ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത് ആറ് ഓവറുകള്‍ മാത്രം എറിഞ്ഞാണ്. 23 റണ്‍സ് വിട്ടുകൊടുത്ത് 3.83 എക്കോണമിയിലാണ് ഇംഗ്ലണ്ട് നായകന്‍ പന്തെറിഞ്ഞത്.
ഇതോടെ ഒരു നേട്ടവും സ്റ്റോക്സിന് സ്വന്തം പേരില്‍ ചേര്‍ക്കാനായി. ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗറില്‍ മൂന്നാമതെത്താനാണ് താരത്തിന് സാധിച്ചത്. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയെ മറികടന്നാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടറുടെ നേട്ടം.
(താരം – ടീം – ബൗളിങ് ഫിഗര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
കപില്‍ ദേവ് – ഇന്ത്യ – അഡ്ലെയ്ഡ് – 1985 – 8/106
ഗാരി സോബേഴ്സ് – വെസ്റ്റ് ഇന്‍ഡീസ് – ബ്രിസ്ബെയ്ന്‍ – 1968 – 6/73
ബെന്‍ സ്റ്റോക്‌സ് – ഇംഗ്ലണ്ട് – പെര്‍ത്ത് – 2025 – 5/23*
ജസ്പ്രീത് ബുംറ – ഇന്ത്യ – പെര്‍ത്ത് – 2025 – 5/30
ക്യാപ്റ്റന് പുറമെ, ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കാഴ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ഓസ്ട്രേലിയ്ക്കായി അലക്‌സ് കാരി 26 പന്തില്‍ 26 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 50 പന്തില്‍ 24 റണ്‍സും നേടി. ഇവര്‍ക്ക് പുറമെ ട്രാവിസ് ഹെഡ് (35 പന്തില്‍ 21), സ്റ്റീവ് സ്മിത് (49 പന്തില്‍ 17), മിച്ചല്‍ സ്റ്റാര്‍ക് (12 പന്തില്‍ 12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തില്‍ ഇംഗ്ലണ്ടിനെ ആതിഥേയര്‍ 172 റണ്‍സിന് പുറത്താക്കിയിരുന്നു. സന്ദര്‍ശകര്‍ക്കായി ഹാരി ബ്രൂക്ക് 61 പന്തില്‍ 52 റണ്‍സ് എടുത്ത് ടോപ് സ്‌കോററായി. ഒപ്പം ഒല്ലി പോപ്പ് (58 പന്തില്‍ 46), ജെയ്മി സ്മിത് (22 പന്തില്‍ 33) എന്നിവരും മികവ് പുലര്‍ത്തി.
കങ്കാരുക്കള്‍ക്കായി സ്റ്റാര്‍ക്ക് ഏഴ് വിക്കറ്റുകള്‍ നേടിയപ്പോള്‍ ബ്രണ്ടന്‍ ഡൊഗ്ഗെറ്റ് രണ്ടും ഗ്രീന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: The Ashes: Ben Stokes registers third best figures for a captain against Australia in Australia in Tests surpassing Jasprit Bumrah