ആഷസിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ. അഡ്ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ 82 റണ്‍സിനാണ് ഓസീസിന്റെ വിജയം. അലക്‌സ് കാരിയുടെ മികവിലാണ് കങ്കാരുപ്പട വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 435 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 352 റണ്‍സിന് പുറത്താവുകയായിരുന്നു. അതോടെ മൂന്നാം മത്സരത്തിലെ വിജയത്തിനൊപ്പം മറ്റൊരു ആഷസും പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കി. നേരത്തെ, പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.
ഓസ്‌ട്രേലിയ: 371 & 349
ഇംഗ്ലണ്ട്: 286 & 352
T: 435
മത്സരത്തില്‍ 435 എന്ന റണ്‍സ് ലക്ഷ്യമിട്ട് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ തുടക്കത്തില്‍ തന്നെ പതറിയിരുന്നു. സ്‌കോര്‍ ബോര്‍ഡിലേക്ക് 31 റണ്‍സ് ചേര്‍ത്തപ്പോഴേക്കും രണ്ട് പേരെ നഷ്ടമായിരുന്നു. പിന്നാലെ ജോ റൂട്ടുമായും ഹാരി ബ്രൂക്കുമായും സാക് ക്രോളി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുകള്‍ ഉയര്‍ത്തി ടീമിനെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു.
സാക് ക്രോളി. Photo: Criccatch/x.com
പക്ഷേ, ആദ്യത്തേത് റൂട്ട് പുറത്തായതോടെ 78 റണ്‍സിലും രണ്ടാം കൂട്ടുകെട്ട് ബ്രൂക്ക് തിരികെ നടന്നതോടെ 68 റണ്‍സിലും അവസാനിച്ചു. പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടി ത്രീ ലയണ്‍സിന് നഷ്ടമായി. ക്രോളി ടീമിന്റെ ആറാം വിക്കറ്റാനായാണ് തിരികെ നടന്നത്. 151 പന്തില്‍ 85 റണ്‍സ് എടുത്തായിരുന്നു താരത്തിന്റെ മടക്കം.
പിന്നാലെ ഒത്തുചേര്‍ന്ന ജെയ്മി സ്മിത്തും വില്‍ ജാക്സും ചേര്‍ന്ന് 91 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 83 പന്തില്‍ 60 റണ്‍സുമായി സ്മിത്ത് മടങ്ങിയെങ്കിലും വില്‍ ജാക്സ് ബാറ്റിങ്ങിനെത്തിയ ബ്രൈഡന്‍ കാര്‍സുമായി ചേര്‍ന്ന് 52 റണ്‍സ് ചേര്‍ത്ത് ടീമിന് പ്രതീക്ഷ നല്‍കി. പക്ഷേ, ജാക്സ് 137 പന്തില്‍ 47 റണ്‍സില്‍ മടങ്ങിയതോടെ ഇംഗ്ലണ്ടിന് അധികനേരം പിടിച്ച് നില്‍ക്കാനായില്ല.
എട്ടാം വിക്കറ്റ് വീണതിന് ശേഷം 15 റണ്‍സ് ചേര്‍ത്തപ്പോഴേക്കും പത്താം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. കാര്‍സ് 64 പന്തില്‍ 39 റണ്‍സുമായി പുറത്താവാതെ നിന്നു.
ഓസീസിനായി പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട് ഒരു വിക്കറ്റും നേടി.
ട്രാവിസ് ഹെഡും അലക്സ് കാരിയും. Photo: Robert Cianflone/x.com
നേരത്തെ, ഓസീസിനായി രണ്ടാം ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡ് സെഞ്ച്വറിയും അലക്‌സ് കാരി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഹെഡ് 219 പന്തില്‍ 170 റണ്‍സും കാരി 128 പന്തില്‍ 72 റണ്‍സും സ്‌കോര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ കാരി സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. 143 പന്തില്‍ 106 റണ്‍സായിരുന്നു താരത്തിന്റെ ആദ്യ ഇന്നിങ്‌സിലെ സ്‌കോര്‍.
Content Highlight: The Ashes: Australia won Ashes as they defeated England in third test