| Friday, 7th August 2026, 9:40 pm

ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നേ ട്വിസ്റ്റ്; ഇന്‍ഫാന്റിനോയ്ക്ക് പിന്തുണയുമായി അര്‍ജന്റീന ഫുട്‌ബോള്‍

ശ്രീരാഗ് പാറക്കല്‍

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് പൂര്‍ണ പിന്തുണയുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഇന്‍ഫാന്റിനോയുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു എ.എഫ്.എയുടെ പിന്തുണ.

ഇന്‍ഫാന്റോയുടെ ഭരണം ലോക ഫുട്‌ബോളിന്റെ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയെന്ന് എ.എഫ്.എ പ്രസ്താവനയില്‍ പറഞ്ഞു. ഫിഫ ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള വിവാദ പദ്ധതി പിന്‍വലിച്ചതിന് പിന്നാലെയാണ് എ.എഫ്.എയുടെ ഈ പിന്തുണ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

ജിയാനി ഇന്‍ഫാന്റിനോ

‘ഇനിയും കൂടുതല്‍ മികവുറ്റ ഫുട്‌ബോള്‍ അന്തരീക്ഷം ഉണ്ടാക്കാന്‍ ജിയാനി ഇന്‍ഫാന്റിനോയെ പിന്തുണയ്ക്കുന്നു. വരാനിരിക്കുന്ന ഫിഫ കോണ്‍ഗ്രസ് ഇന്‍ഫാന്റിനോയുടെ നേതൃത്വത്തില്‍ തന്നെ മുന്നോട്ടുപോകും,’ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഒപ്പുവെച്ച പ്രസ്താവനയില്‍ പറഞ്ഞത്.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആണ് ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായി അര്‍ജന്റീനയുടെ ഭാഗത്ത് നിന്ന് ലഭിച്ച പിന്തുണയില്‍ വലിയ ആശ്വാസമാണ് ഇന്‍ഫാന്റീനോയ്ക്ക് നല്‍കിയത്. അര്‍ജന്റീനക്ക് പുറമെ ഈജിപ്ത്, മൊറോക്കോ, നൈജീരിയ രാജ്യങ്ങളുടെ ഫുട്‌ബോള്‍ അസോസിയേഷനുകളും ഇന്‍ഫാന്റിനോക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ഫാന്റിനോയ്‌ക്കെതിരേ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എതിര്‍പ്പ് ശക്തവുമാണ്. 2027-2031 കാലയളവിലേക്കുള്ള ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിന്‍വലിക്കുന്നതായി വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഭരണനിര്‍വഹണം, നേതൃത്വം, മൂല്യങ്ങള്‍, ആശയവിനിമയം എന്നീ മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടായ വീഴ്ചകള്‍ കാരണം ലോക ഫുട്‌ബോളിനെ നയിക്കാന്‍ ഇന്‍ഫാന്റിനോയ്ക്ക് ആവശ്യമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി വെയ്ല്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഫുട്‌ബോളിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാത്ത ഇത്തരം സമീപനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlight: The Argentine Football Association extends full support to FIFA President Gianni Infantino

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more