ബാഴ്‌സലോണ ഇതിഹാസം സാവി ഹെര്‍ണാണ്ടസ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ കായിക ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ സ്പാനിഷ് ഇതിഹാസത്തിന്റെ പ്രതിഫലം താങ്ങാവുന്നതിലുമപ്പുറമാണെന്ന് കാണിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) അപേക്ഷ നിരസിച്ചു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
എന്നാല്‍ ഈ അപേക്ഷ വ്യാജമാണമെന്നാണ് വ്യക്തമാകുന്നത്. സാവിയുടെ പേരില്‍ ഇന്ത്യയില്‍ നിന്ന് തന്നെയുള്ള 19കാരനാണ് വ്യാജ മെയില്‍ ഐ.ഡിയില്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചത്.
സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ നമന്‍ സൂരി ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അദ്ദഹം ഇക്കാര്യം പറയുന്നത്. ‘xaviofficialfcb@gmail.com’ എന്ന ഇ-മെയില്‍ ഐ.ഡിയിലൂടെയാണ് അപേക്ഷ സമര്‍പ്പിച്ചത്.
സാവിയുടെയും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെയും പേരില്‍ വന്ന അപേക്ഷകള്‍ വ്യാജമാണെന്ന് എ.ഐ.എഫ്.എഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരുവരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചുവെന്നും എന്നാല്‍ ഫെഡറേഷന്‍ ഇ അപേക്ഷകള്‍ തള്ളിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എ.ഐ.എഫ്.എഫ് ഇക്കാര്യം വ്യക്തമാക്കിയത്.
സാവിയും എ.ഐ.എഫ്.എഫും തമ്മില്‍ ഒരു തരത്തിലുമുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ നേരത്തെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ മുഖ്യ പരിശീലകന്റെ റോളിലേക്ക് 170ലധികം അപേക്ഷകള്‍ക്കൊപ്പമാണ് ‘സാവിയുടെയും ഗ്വാര്‍ഡിയോളയുടെയും’ അപേക്ഷ ഫെഡറേഷന് ലഭിച്ചത്. ഇവരുടെ പേരില്‍ അപേക്ഷ വന്നുവെന്ന ടീം ഡയറക്ടര്‍ സുബ്രതോ പോളിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചു.
എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ ഈ അപേക്ഷകള്‍ ക്രെഡിബിളല്ല എന്ന് സ്ഥിരീകരിച്ചു. ഇതോടെ ആരാധകരെ പിടിച്ചുകുലുക്കിയ അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
Content Highlight: The application received by AIFF in the name of Xavi is fake.