| Saturday, 16th May 2026, 9:50 pm

മൂന്നാമത് കുട്ടിക്ക് 30,000, നാലാമന് 40,000; ജനസംഖ്യ കൂട്ടാൻ ‘ബമ്പർ പ്രഖ്യാപനവുമായി’ ചന്ദ്രബാബു നായിഡു

ആദര്‍ശ് എം.കെ.

അമരാവതി: ആന്ധ്രാപ്രദേശിൽ ജനസംഖ്യാ വർധനവ് ലക്ഷ്യമിട്ട് നിർണായക സാമ്പത്തിക പ്രോത്സാഹന പദ്ധതികളുമായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. മൂന്നാമതും നാലാമതുമായി ജനിക്കുന്ന കുട്ടികൾക്ക് സംസ്ഥാന സർക്കാർ വൻതുക ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയുമാണ് പ്രഖ്യാപനം.

ശ്രീകാക്കുളം ജില്ലയിലെ നരസന്നപേട്ടയിൽ ‘സ്വർണ്ണാന്ധ്ര സ്വച്ഛാന്ധ്ര’ ശുചീകരണ പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനങ്ങൾ നടത്തിയത്.

കുട്ടികൾ ജനിച്ചാലുടൻ തന്നെ ഈ തുക കുടുംബങ്ങൾക്ക് കൈമാറുമെന്നും പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഒരു മാസത്തിനുള്ളിൽ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞാൻ ഒരു പുതിയ തീരുമാനമെടുത്തിട്ടുണ്ട്. മൂന്നാമത്തെ കുട്ടി ജനിച്ചാലുടൻ 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും ഞങ്ങൾ നൽകും. ഇതൊരു ശരിയായ തീരുമാനമല്ലേ?” അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചോദിച്ചു.

നേരത്തെ ജനസംഖ്യാ നിയന്ത്രണ നടപടികളെ ശക്തമായി പിന്തുണച്ചിരുന്ന താൻ നിലപാട് മാറ്റുകയാണെന്നും, ജനനനിരക്ക് വർധിപ്പിക്കുന്നതിനായി സമൂഹം ഇപ്പോൾ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ജനസംഖ്യാ വളർച്ചാ നിരക്ക് കുറയുന്നതിലുള്ള ആശങ്ക മുഖ്യമന്ത്രി പങ്കുവെച്ചു.

വരുമാനം വർധിക്കുന്നതിനനുസരിച്ച് പല ദമ്പതികളും ഒരു കുട്ടിയെ മാത്രം മതിയെന്ന് തീരുമാനിക്കുന്നുവെന്നും ആദ്യത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ മാത്രം രണ്ടാമത്തെ കുട്ടിയെക്കുറിച്ച് ആലോചിക്കുന്ന പ്രവണത നിലനിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യ സ്ഥിരമായി നിലനിൽക്കണമെങ്കിൽ പ്രത്യുത്പാദന നിരക്ക് (Total Fertility Rate – TFR) 2.1 ആയിരിക്കണം. എന്നാൽ സംസ്ഥാനത്ത് ഇത് കുറഞ്ഞുവരുന്നത് സമ്പദ്‌ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുട്ടികൾ ഒരിക്കലും ഒരു ഭാരമല്ലെന്നും അവർ രാജ്യത്തിന്റെ ആസ്തിയാണെന്നും നായിഡു പറഞ്ഞു.

സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പ്രതിവർഷം 15,000 രൂപ നൽകുന്ന ‘തള്ളിക്കി വന്ദനം’ പദ്ധതിയുടെ തുക വർധിപ്പിക്കാൻ ആലോചിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

നേരത്തെ രണ്ടാം കുട്ടിക്ക് 25,000 രൂപ നൽകുന്ന കാര്യം സർക്കാർ പരിഗണിച്ചിരുന്നെങ്കിലും ഇപ്പോൾ അത് മൂന്നും നാലും കുട്ടികളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആഗോളതലത്തിലെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും നായിഡു നിർദേശിച്ചു. വർക്ക് ഫ്രം ഹോം രീതി പിന്തുടരുക, സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് കുറയ്ക്കുക, പൊതുഗതാഗതം ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹം ജനങ്ങൾക്ക് നൽകി.

Content Highlight: The Andhra Pradesh government has announced financial assistance for third and fourth children.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more