| Tuesday, 19th May 2026, 11:37 am

പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ പഴയ ഗവര്‍ണറുടെ നിയമോപദേഷ്ടാവ്

നിഷാന. വി.വി

തിരുവന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായി തെരഞ്ഞെടുത്തത് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേഷ്ടാവിനെ.

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു തീരുമാനം അറിയിച്ചത്. സര്‍വ്വകലാശാലകളില്‍ സംഘ്പരിവാര്‍ അജണ്ട നടത്താന്‍ ഗവര്‍ണര്‍ ശ്രമിച്ചിരുന്ന കാലത്തെ ഗവര്‍ണറുടെ നിയമോപദേഷ്ടാവായ ജാജു ബാബുവിനെയാണ് അഡ്വക്കേറ്റ് ജനറലായി തെരഞ്ഞെടുത്തിരിക്കുന്നത്.

മുന്‍ സര്‍ക്കാരിനെതിരായി ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരയതും ജാജു ബാബുവായിരുന്നു.
സര്‍വകലാശാലകളിലെ വി.സി നിയമന വിവാദത്തിലെ കേസുകളടക്കം നടന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. എന്നാല്‍ പിന്നീട് ആരിഫ് മുഹമ്മദ് ഖാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ജാജു ബാബു രാജിവെക്കുകയായിരുന്നു.

സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള മുന്‍ ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്റെ നിലപാടുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഹൈക്കോടതയില്‍ നിന്നടക്കം ഗവര്‍ണര്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു.

സംഘപരിവാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ഗവര്‍ണറുടെ മുഖ്യ നിയമോപദേശകനായിരുന്നയാളെ യു.ഡി.എഫ് മന്ത്രിസഭയുടെ നിയമോപദേശകനാക്കിയത് വലിയ വിവാദമായി മാറിയിട്ടുണ്ട്.

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളുടെ വി.സി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് നിയമനം നടത്താനാവില്ലെന്നും ഗവര്‍ണര്‍ക്ക് ഈ വിഷയത്തില്‍ വിവേചനാധികാരമുണ്ടെന്നും കാണിച്ച് ഗവര്‍ണര്‍  ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

സര്‍ക്കാര്‍ നല്‍കിയ പാനല്‍ മറികടന്ന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി കെ.ശിവപ്രസാദ്, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസ് എന്നിവരെയായിരുന്നു അന്നത്തെ ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്.

Content Highlight: The Advocate General of the new UDF government is the legal advisor of the old governor.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more