| Monday, 8th September 2025, 7:03 pm

ക്രമസമാധാനം തടസപ്പെടുത്തിയെന്നാരോപണം: ജമ്മുവിലെ ഏക ആം ആദ്മി എം.എല്‍.എ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പൊതു ക്രമസമാധാനം തടസപ്പെടുത്തിയെന്നാരോപിച്ച് ജമ്മു കാശ്മീരിലെ ഏക ആം ആദ്മി പാര്‍ട്ടി (എ.എ.പി) എം.എല്‍.എ മെഹ്‌രാജ് മാലിക്കിനെതിരെ അഫസ്റ്റ് ചെയ്തു. പൊതുസുരക്ഷാ നിയമം (പി.എസ്.എ) ചുമത്തി അറസ്റ്റ് ചെയ്ത ദോഡ എം.എല്‍.എയെ ജയിലിലേക്ക് മാറ്റിയതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പി.എസ്.എ പ്രകാരം, ക്രമസമാധാനം തടസപ്പെടുത്തുന്നത് ഒരാള്‍ക്ക് വിചാരണ ഇല്ലാതെ രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതനുസരിച്ച് ജമ്മുവില്‍ ആദ്യമായാണ് ഒരു സിറ്റിങ് എം.എല്‍.എയെ ജയിലിലടക്കുന്നതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോശം ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് മെഹ്‌രാജ് മാലിക്കിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എം.എല്‍.എയെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ മാലിക് മോശം വാക്കുകള്‍ ഉപയോഗിക്കുന്നതായാണ് ആരോപണം.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ജമ്മു കാശ്മീരിലെ ദോഡ നിയോജക മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഗജയ് സിങ് റാണയെ 4538 വോട്ടിന് മാലിക് പരാജയപ്പെടുത്തിയാണ് മാലിക് നിയമസഭയിലെത്തിയത്. ആം ആദ്മി പാര്‍ട്ടിക്ക് ജമ്മുവില്‍ ആദ്യ വിജയം നേടിക്കൊടുത്തതും മാലിക്കാണ്.

സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒമര്‍ അബ്ദുല്ലയ്ക്ക് പിന്തുണ നല്‍കിയ ആം ആദ്മി എം.എല്‍.എ ഈ വര്‍ഷം ജൂണില്‍ ഒമര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് പ്രതിപക്ഷത്തേക്ക് മാറാനും തീരുമാനിച്ചിരുന്നു.

നിലവില്‍ മാലിക്കിനെതിരെ പി.എസ്.എ ചുമത്തിയ നടപടിയെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് പ്രസിഡന്റും എം.എല്‍.എയുമായ ഹന്ദ്വാര സജാദ് ലോണ്‍ അപലപിച്ചു.

‘മാലിക്കിനെതിരെ പി.എസ്.എ ഉപയോഗിക്കുന്നതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് ആത്മാവില്ലാത്ത ജനാധിപത്യമാണ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ ഇഷ്ടം ഇപ്പോഴും വിധേയമായി തുടരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്ക് വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഉദ്ദേശം എന്താണ്?,’ ഹന്ദ്വാര സജാദ് ലോണ്‍ പ്രതികരിച്ചു.

Content Highlight: The Aam Aadmi Party MLA was detained on charges of disturbing public order

We use cookies to give you the best possible experience. Learn more