ന്യൂദല്‍ഹി: സി.ജെ.പി യുടെ നേതൃത്വത്തിലുളള 37 ദിവസത്തെ സമരം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് സ്ഥാപകന്‍ അഭിജിത് ദീപ്‌കെ.കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഇനിയും ഏറെ ദൂരം പോവാനുണ്ടെന്നും ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അടുത്തതായി എന്ത് ചെയ്യണമെന്നോ അല്ലെങ്കില്‍ വൈകുന്നേരം വരെ എന്ത് സംഭവിക്കുമെന്നോ ചിന്തിക്കാതെ എനിക്ക് ഉറങ്ങാനും എന്റെ കിടപ്പുമുറിയില്‍ ഇന്ന് ഉണരാനും കഴിഞ്ഞു. 37 ദിവസത്തെ പ്രതിഷേധം വളരെ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു,’ദീപ്‌കെ പറഞ്ഞു.
മുപ്പത്തേഴ് ദിവസമായി ജന്തര്‍ മന്ദറില്‍ കാത്തിരിക്കുന്ന എല്ലാവര്‍ക്കും താന്‍ നന്ദി പറയുന്നതായും രാജ്യത്തിനായി ഓരോരുത്തരും ചെയ്ത കാര്യങ്ങളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സമരത്തില്‍ പങ്കെടുത്തവര്‍ക്കും പിന്തുണച്ചവര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
തങ്ങളെ കോക്രോച്ചുകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് നന്ദിയെന്ന് ഇന്നലെ ദീപ്‌കെ പറഞ്ഞിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അങ്ങനെ വിളിച്ചിരുന്നില്ലെങ്കില്‍ ഇന്നിതൊന്നും നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.ജെ.പിയുടെ ശക്തമായ സമരത്തിന് പിന്നാലെ ഇന്നലെയായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. ഇന്ത്യന്‍ ചരിത്രത്തിലെ ജെന്‍ സി വിപ്ലവമായി ഈ പ്രതിഷേധം അടയാളപ്പെടുത്തപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: The 37 days were not easy at all; thanks to those who supported me: Abhijit Deepke.