ആഷസ് ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചപ്പോള്‍ 152 റണ്‍സിന് ഓസ്ട്രേലിയ പുറത്താകുകയായിരുന്നു.
എന്നാല്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. 110 റണ്‍സിന് ത്രീ ലയണ്‍സ് കങ്കാരുക്കളുടെ മുന്നില്‍ തകര്‍ന്ന് വീഴുകയായിരുന്നു. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് നാല് റണ്‍സ് നേടിയിട്ടുണ്ട്.
കനത്ത പോരാട്ടമായിരുന്നു ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇരു ടീമും കാഴ്ചവെച്ചത്. 20 വിക്കറ്റുകളായിരുന്നു മത്സരത്തിന്റെ ആദ്യ ദിനം തന്നെ വീണത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും മത്സരത്തില്‍ പിറന്നിരിക്കുകയാണ്. ബോക്‌സിങ് ഡേ ടെസ്റ്റിലെ (ഡിസംബര്‍ 26ന് നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍) ഒരു ദിവസം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴുന്ന മത്സരമായി മാറിയിരിക്കുകയാണിത്. ഇതിന് മുമ്പ് 1998ലെ ആഷസില്‍ ഒരു ദിവസം 16 വിക്കറ്റുകള്‍ വീണിരുന്നു. ഈ റെക്കോഡാണ് ഇന്നത്തെ മത്സരത്തില്‍ (ഡിസംബര്‍ 26) തിരുത്തിക്കുറിച്ചത്.
1 – ആഷസ് – 2025 – 20 വിക്കറ്റ്
2 – ആഷസ് – 1998 – 16 വിക്കറ്റ്
3 – ആഷസ് – 1950 – 15 വിക്കറ്റ്
4 – ആഷസ് – 2021 – 14 വിക്കറ്റ്
5 – ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി – 12 – വിക്കറ്റ്
അതേസമയം ആദ്യ ഇന്നിങ്‌സില്‍ ഓസീസിനെ എളുപ്പം തകര്‍ക്കാന്‍ സാധിച്ചത് ഇംഗ്ലണ്ട് പേസര്‍ ജോഷ് ടങ്ങിന്റെ കരുത്തിലാണ്. 11.2 ഓവറില്‍ രണ്ട് മെയ്ഡനടക്കം 45 റണ്‍സ് വിട്ടുകൊടുത്താണ് താരം വിക്കറ്റ് നേടിയത്. 3.97 എന്ന എക്കോണമിയും ജോഷ് നേടി.
ഓസീസിന് വേണ്ടി ഒന്നാം ഇന്നിങ്‌സില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത് 35 റണ്‍സ് നേടിയ മൈക്കള്‍ നെസെറാണ്. 29 റണ്‍സ് നേടി ഉസ്മാന്‍ ഖവാജയും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തി. മറ്റാര്‍ക്കും കാര്യമായ സംഭാവന ടീമിന് നല്‍കാന്‍ സാധിച്ചില്ല.
ഒന്നാം ഇന്നിങ്‌സില്‍ ത്രീ ലയണ്‍സിനായി സ്‌കോര്‍ ഉയര്‍ത്തിയത് ഹാരി ബ്രൂക്കാണ് 34 പന്തില്‍ നിന്ന് 41 റണ്‍സാണ് താരം നേടിയത്. ഗസ് ആറ്റ്കിന്‍സണ്‍ 28 റണ്‍സും നേടി. മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മൈക്കല്‍ നസെര്‍ നാല് വിക്കറ്റ് നേടയപ്പോള്‍ സ്‌കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റും നേടി മികവ് പുലര്‍ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റും നേടി.
Content highlight: The 2025 Ashes became the highest-scoring single-day Boxing Day Test match