| Monday, 8th June 2026, 7:35 am

ഖത്തറിലെ 172 ഉം വീഴും; പുതുചരിത്രമെഴുതാന്‍ ലോകകപ്പ്

ഫസീഹ പി.സി.

ലോകമൊന്നാകെ ഒരു കാല്‍പന്ത് ആരവങ്ങള്‍ ഉയരാന്‍ ഇനി വെറും മൂന്ന് ദിവസങ്ങളുടെ ദൂരം മാത്രം. മെക്സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാവുന്ന 2026 ഫിഫ ലോകകപ്പിന് ജൂണ്‍ 11ന് തിരിതെളിയും. പിന്നീടങ്ങോട്ട് ജൂലൈ 19 വരെ ഒരു മാസത്തിലധികം വരുന്ന ദിനരാത്രികള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആഘോഷാരാവായിരിക്കും.

48 രാജ്യങ്ങളാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പില്‍ ഇത്തവണ കിരീടത്തിനായി മാറ്റുരക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന ഖ്യാതിയോടെയെത്തുന്ന ടൂര്‍ണമെന്റ് ഏതെല്ലാം റെക്കോഡുകള്‍ തകര്‍ക്കുമെന്ന ആകാംക്ഷ ഏവരിലുമുണ്ട്.

ലോകകപ്പ് ട്രോഫി.

അങ്ങനെ ലോകകപ്പിന്റെ 23ാം എഡിഷനില്‍ ഉടഞ്ഞ് വീണേക്കാവുന്ന ഒരു റെക്കോഡുണ്ട്. ഒരു എഡിഷനില്‍ ഏറ്റവും ഗോളുകള്‍ എന്ന നേട്ടമാണിത്. ഖത്തറില്‍ നടന്ന 2022 ലോകകപ്പാണ് ഈ നേട്ടത്തില്‍ ഒന്നാമത്. കഴിഞ്ഞ ലോകകപ്പില്‍ പിറന്നത് 172 ഗോളുകളാണ്.

ഗോളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് രണ്ട് എഡിഷനുകളുണ്ട്. ഇത് 1998, 2014 ലോകകപ്പുകളായിരുന്നു. 171 ഗോളുകള്‍ വീതമാണ് ഈ എഡിഷനിലും പിറന്നത്. മൂന്ന് തവണയും ടൂര്‍ണമെന്റില്‍ പങ്കെടുത്തത് 64 മത്സരങ്ങളും 32 ടീമുകളാണ്.

എന്നാല്‍, ഇത്തവണത്തെ ലോകകപ്പില്‍ 48 ടീമുകളാണ് കളത്തിലിറങ്ങുന്നത്. 104 മത്സരങ്ങളും നടക്കും. അതിനാല്‍ തന്നെ ഗോളിന്റെ ഈ റെക്കോഡ് ഇത്തവണ തിരുത്തി കുറിക്കപ്പെട്ടേക്കാം. ടീമുകള്‍ കുറഞ്ഞത് 230 ഗോളെങ്കിലും അടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

2010 ലോകകപ്പ് ഉദ്‌ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്ന മെക്സിക്കോയും സൗത്ത് ആഫ്രിക്കയും. Photo: Asare Boadu/x.com

അതേസമയം, 2010 ലോകകപ്പിലേത് സമാനമായി മെക്‌സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് ഇത്തവണത്തെ ലോകകപ്പിന് തുടക്കമാവുക. മെക്‌സിക്കോയിലെ എസ്റ്റാഡിയോ ആസ്‌ടെക്കയാണ് വേദി.

പിന്നാലെ ഓരോ ടീമുകളും കളത്തിലിറങ്ങും. ഫാന്‍ ഫേവറേറ്റുകളായ ബ്രസീല്‍ ജൂണ്‍ 14നിനും അര്‍ജന്റീന ജൂണ്‍ 17നിനും ആദ്യ മത്സരം കളിക്കും. 17നാണ് പോര്‍ച്ചുഗലിന്റെ ആദ്യം മത്സരം.

Content Highlight: The 172 goals scored in 2022 FIFA World Cup is the record of single edition  with most goals; Will 2026 FIFA World Cup break it?

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more