തിരുവനന്തപുരം: കേരള നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ ‘റിവേഴ്സ് റെമിറ്റന്‍സ്’ പരാമര്‍ശം ഒരു കണക്കിലെ പിഴവ് മാത്രമായി കാണാന്‍ കഴിയില്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ്അബ്ദുല്‍ ഹക്കീം അസ്ഹരി.
കണക്ക് തെറ്റിയാല്‍ തിരുത്താം. എന്നാല്‍ ആ കണക്കിനെ പൊതിഞ്ഞുനില്‍ക്കുന്ന ഒരു ആശയലോകമുണ്ടെന്നും അതാണ് കൂടുതല്‍ അപകടകരമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍, നിയമസഭ എന്ന വേദിയില്‍ പറഞ്ഞ വാക്കുകളായതിനാല്‍ ആ ഗൗരവത്തില്‍ തന്നെയാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിസൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇത് ഊഹാപോഹങ്ങള്‍ പറയേണ്ട മേഖലയല്ല. കാല്‍നൂറ്റാണ്ടായി ആധികാരിക പഠനങ്ങള്‍ നടക്കുന്ന മേഖലയാണ്. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് 1998 മുതല്‍ ആരംഭിച്ചതും ഇപ്പോള്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് , ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് എന്നിവ ചേര്‍ന്ന് നടത്തുന്നതുമായ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം, 2023-ല്‍ കേരളത്തിലേക്ക് വന്ന പ്രവാസി പണം 2,16,893 കോടി രൂപയാണ്.
ഇത് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 1.7 ഇരട്ടിയും ആഭ്യന്തര ഉത്പാദനത്തിന്റെ 23.2 ശതമാനവുമാണ്. അതേസമയം, ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ നാടുകളിലേക്ക് അയക്കുന്ന തുക കേരള സര്‍ക്കാരിനുവേണ്ടി ജി.ഐ.എഫ്.ടി നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം ഏകദേശം 17,500 കോടി രൂപയെന്നും, പിന്നീടുള്ള പ്രൊജക്ഷനുകളില്‍ 25,000 കോടിയുടെ പരിസരത്താണെന്നും കണക്കാക്കുന്നു. അതായത്, കേരളത്തിലേക്ക് വരുന്ന പ്രവാസി പണത്തിന്റെ എട്ട് മുതല്‍ പരമാവധി പന്ത്രണ്ട് മുതല്‍ പതിനഞ്ച് ശതമാനം വരെ മാത്രം,’ ഹക്കീം അസ്ഹരി പറഞ്ഞു.
കെ.എം.എസ് 2023 ആദ്യമായി കണക്കാക്കിയ കേരളത്തില്‍ നിന്നുള്ള ആകെ പുറത്തേക്കുള്ള പണമൊഴുക്ക് പോലും 43,378 കോടി രൂപയാണെന്നും അത് കേരളത്തിലേക്കുള്ള വരവിന്റെ അഞ്ചിലൊന്ന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘ അതിലാകട്ടെ, വിദേശ പഠനഫീസ് അടക്കം കേരളീയര്‍ തന്നെ പുറത്തേക്ക് അയക്കുന്ന യഥാര്‍ത്ഥ’റിവേഴ്സ് റെമിറ്റന്‍സും’ ഉള്‍പ്പെടുന്നു. എവിടെയാണ് ‘സിംഹഭാഗം’? കണക്ക് ഇതായിരിക്കെ, ‘സാമ്പത്തിക അടിത്തറ മാന്തുന്നു’ എന്ന പ്രയോഗം വസ്തുതയല്ല, ഒരു ആഖ്യാനമാണ്. ആ ആഖ്യാനത്തിന്റെ ഘടനയാണ് പരിശോധിക്കപ്പെടേണ്ടത്.
ലോകമെമ്പാടുമുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന വ്യാകരണം ഒന്നാണ്. സമ്പദ്വ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ക്ക് ഘടനാപരമായ കാരണങ്ങള്‍ അന്വേഷിക്കുന്നതിനുപകരം, ഏറ്റവും ദുര്‍ബലരായ കുടിയേറ്റക്കാരെ ചൂണ്ടിക്കാണിക്കുക.
‘അവര്‍ നമ്മുടെ പണം കൊണ്ടുപോകുന്നു’, ‘അവര്‍ നമ്മുടെ വിഭവങ്ങള്‍ ഊറ്റുന്നു’ എന്ന വാചകങ്ങള്‍ അമേരിക്കയിലും യൂറോപ്പിലും നാം കേട്ടതാണ്. അതേ വാചകഘടനയും അതേ യുക്തിയും കേരള നിയമസഭയില്‍ മുഴങ്ങുമ്പോള്‍ അതിന്റെ പേര് മാറുന്നില്ല. കുടിയേറ്റക്കാരന്റെ കൂലിയെ ‘ചോര്‍ച്ച’യായി ചിത്രീകരിക്കുന്ന നിമിഷം, ആ അധ്വാനം ഇവിടെ സൃഷ്ടിച്ച മൂല്യം, കെട്ടിടങ്ങള്‍, റോഡുകള്‍, കൃഷിയിടങ്ങള്‍, ഹോട്ടലുകള്‍, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവ അദൃശ്യമാക്കപ്പെടുന്നു. കൂലി കൊടുത്തില്ലെങ്കിലും അധ്വാനം വേണം എന്ന ആഗ്രഹത്തിന് സാമ്പത്തിക ശാസ്ത്രത്തില്‍ പേരില്ല, ചരിത്രത്തില്‍ പേരുണ്ട്.
ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ധാരണ കൂടിയുണ്ട്. അതിസങ്കുചിതമായ ഒരു ദേശീയതാ സങ്കല്പം. കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സമ്പാദിക്കുന്ന പണം അതിര്‍ത്തിക്കുള്ളില്‍ തന്നെ നില്‍ക്കണം എന്ന ചിന്ത, ഇന്ത്യ എന്ന ഒറ്റ സാമ്പത്തിക ഇടത്തെയും തൊഴില്‍ തേടി എവിടെയും സഞ്ചരിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെയും (അനുച്ഛേദം 19) നിരാകരിക്കുന്നതാണ്. മുര്‍ഷിദാബാദില്‍ നിന്നോ നാഗാവില്‍ നിന്നോ വരുന്ന തൊഴിലാളി വിദേശിയല്ല; ഈ രാജ്യത്തിന്റെ പൗരനാണ്. അയാളുടെ കൂലി അയാളുടെ കുടുംബത്തിലേക്ക് പോകുന്നത് സാമ്പത്തിക പ്രക്രിയയാണ്, കുറ്റകൃത്യമല്ല,’ എസ്.വൈ.എസ് പ്രസിഡന്റ് പറഞ്ഞു.
അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തിന്റെ ബാധ്യതയല്ലെന്നും മലയാളിയുടെ സാമൂഹിക വികസനത്തിന്റെ മറ്റൊരു മുഖമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കൈവരിച്ച നേട്ടങ്ങളും, തലമുറകളായി തുടരുന്ന പ്രവാസവും, ഉയര്‍ന്ന കൂലിനിരക്കും ചേര്‍ന്ന് മലയാളി യുവത കായികാധ്വാനം ആവശ്യമായ മേഖലകളില്‍ നിന്ന് പടിപടിയായി മാറിനിന്നപ്പോള്‍ ആ വിടവ് നികത്തിയത് അതിഥി തൊഴിലാളികളാണെന്നും നിര്‍മ്മാണം, കൃഷി, തോട്ടം, ഹോട്ടല്‍, മത്സ്യബന്ധനം തുടങ്ങി അധ്വാനം ആവശ്യമായ ഏതാണ്ട് എല്ലാ മേഖലകളും ഇന്ന് മുന്നോട്ടുപോകുന്നത് അവരുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.
‘നാട്ടിലെ ചായക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വരെ ഇന്ന് അതിഥി തൊഴിലാളികളാണ് എന്നത് ഈ സാമൂഹിക മാറ്റത്തിന്റെ ഏറ്റവും ദൃശ്യമായ അടയാളമാണ്. ഈ കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് അതിഥി തൊഴിലാളികളില്‍ വലിയൊരു വിഭാഗം നാട്ടിലേക്ക് മടങ്ങിയപ്പോള്‍ കേരളം നേരിട്ട തൊഴില്‍ പ്രതിസന്ധി നാം കണ്ടതാണ്. നിര്‍മാണ സൈറ്റുകള്‍ നിശ്ചലമായി. നിരവധി പദ്ധതികള്‍ വൈകി. ചെറുതും വലുതുമായ കമ്പനികള്‍ പ്രതിസന്ധിയിലായി. നമ്മുടെ സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കുന്ന ഈ കൈകളെയാണ് ഇന്ന് ‘അടിത്തറ മാന്തുന്നവര്‍’ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു സാമ്പത്തിക മൂലധനത്തെ വിലയിരുത്തുന്നിടത്ത് തീര്‍ത്തും സ്റ്റേറ്റ് റെവന്യൂവിനെ മാത്രം ആശ്രയിച്ച് മദ്യ വരുമാനത്തെ പരാമര്‍ശിക്കുന്നതും ഒരു അപക്വതയാണ്. ഒരര്‍ത്ഥത്തില്‍ സങ്കുചിതമായ അധികാര കേന്ദ്രീകൃത വിശകലനമാണത്,’ അസ്ഹരി പറഞ്ഞു.
കേരളം എന്ന സമൂഹത്തിന്റെ ആധുനിക ചരിത്രം കുടിയേറ്റത്തിന്റെ ചരിത്രമാണെന്നും സിലോണിലേക്കും മലയായിലേക്കും ബര്‍മ്മയിലേക്കും പോയ തലമുറകള്‍ മുതല്‍ ഗള്‍ഫ് മണലാരണ്യങ്ങളില്‍ വിയര്‍പ്പൊഴുക്കിയ ലക്ഷങ്ങള്‍ വരെ, അവര്‍ അയച്ച പണമാണ് ഈ നാടിന്റെ വീടുകളും വിദ്യാഭ്യാസവും ആരോഗ്യവും പടുത്തുയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്നും ലോകമെങ്ങുമുള്ള മലയാളി പ്രവാസി സമൂഹമാണ് കേരളീയ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത്. ഇന്ത്യയിലെ ആകെ എന്‍.ആര്‍.ഐ. നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് കേരള ബാങ്കുകളിലാണ്. കുടിയേറ്റം കൊണ്ട് ജീവിക്കുന്ന ഒരു നാടിന്റെ മുഖ്യമന്ത്രി, തന്റെ നാട്ടിലേക്ക് കുടിയേറിവന്നവരുടെ റെമിറ്റന്‍സിനെ ഭീഷണിയായി ചിത്രീകരിക്കുമ്പോള്‍, അത് ചരിത്രത്തോടുള്ള നന്ദികേട് മാത്രമല്ല, അപകടകരമായ ഒരു കീഴ്വഴക്കം കൂടിയാണ്.
കാരണം, ഈ യുക്തിക്ക് അതിര്‍ത്തികളില്ല. കേരളത്തിലെ തൊഴിലാളിയുടെ റെമിറ്റന്‍സ് ‘അടിത്തറ മാന്തലാണ്’ എങ്കില്‍, ദുബായിലെയും റിയാദിലെയും ഭരണാധികാരികള്‍ക്ക് മലയാളിയുടെ റെമിറ്റന്‍സിനെക്കുറിച്ചും അതേ വാദം ഉന്നയിക്കാം. ബാംഗ്ലൂരിലും മുംബൈയിലും ഡല്‍ഹിയിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തെക്കുറിച്ച് അവിടങ്ങളിലെ രാഷ്ട്രീയ നേതൃത്വവും ഇതേ ഭാഷ സ്വീകരിക്കാം. നമ്മുടെ നിയമസഭയില്‍ നിന്ന് ഈ ആഖ്യാനത്തിന് നിയമസാധുത ലഭിച്ചാല്‍, അതിന്റെ ആദ്യ ഇരകളില്‍ ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളികളായിരിക്കും,’ അദ്ദേഹം പറഞ്ഞു.
പ്രവാസത്തിന്റെ വേദന ഏറ്റവും നന്നായി അറിയുന്ന ഒരു ജനത, മറ്റൊരു പ്രവാസിയോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണിവയെന്നും കുടിയേറ്റ തൊഴിലാളിയെ സാമ്പത്തിക പ്രതിയാക്കുന്ന ആഖ്യാനം കേരളത്തിന്റെ പൊതുബോധത്തില്‍ സ്ഥാനം പിടിക്കരുതെന്നും അസ്ഹരി പറഞ്ഞു.
‘കേരളത്തിന് മുന്നിലുള്ള യഥാര്‍ത്ഥ സാമ്പത്തിക ചോദ്യങ്ങള്‍ തൊഴില്‍ സൃഷ്ടി, വ്യവസായ നിക്ഷേപം, ധനകാര്യ സുസ്ഥിരത, തൊഴിലാളികളുടെ രജിസ്‌ട്രേഷനും സാമൂഹിക സുരക്ഷയുമാണ്. അവയ്ക്കുള്ള ഉത്തരം തേടേണ്ടത് പഠനങ്ങളിലും നയങ്ങളിലുമാണ്; അയല്‍ സംസ്ഥാനത്തുനിന്ന് വന്ന് നമ്മുടെ വീടും റോഡും നഗരങ്ങളും പണിയുന്ന മനുഷ്യന്റെ ഗൂഗിള്‍ പേ കണക്കിലല്ല. നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ തിരുത്താനുള്ള മഹാമനസ്‌കത ജനാധിപത്യത്തിന്റെ അലങ്കാരമാണ്. ആ തിരുത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം കുറിച്ചു.
Content Highlight: That statement by V.D. Satheesan is not merely a calculation error; it reflects a specific ideological mindset, and that is what makes it even more dangerous: State President, Sunni Yuvajana Sangham.