| Friday, 10th October 2025, 9:24 am

ഭീഷ്മപർവ്വത്തിന് ശേഷം മലയാളത്തിൽ അത്തരം റോളുകൾ ചെയ്തില്ല: സുദേവ് നായർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിന്ദിയിലൂടെ അരങ്ങേറി പിന്നീട് മലയാളത്തിലെ ആദ്യ ചിത്രമായ മൈ ലൈഫ് പാർട്ണറിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടനാണ് സുദേവ് നായർ.

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസിൽ സ്ഥാനം നേടാൻ നടന് കഴിഞ്ഞു. ഇപ്പോൾ വില്ലൻ കഥാപാത്രങ്ങളോട് ഇഷ്ടക്കൂടുതലുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടൻ.

‘എന്റെ ലുക്ക് അങ്ങനെ ആയതുകൊണ്ടാണ്. അല്ലാതെ ഒന്നുമല്ല. സമൂഹത്തിൽ പൊതുവെ പുറത്തു നിന്ന് വരുന്ന ആളുകളോട് പേടിയോ ഇഷ്ടമില്ലായ്മയോ ഒക്കെ തോന്നുന്നത് സ്വാഭാവികമാണ്. അക്കാരണം കൊണ്ടുതന്നെ അധികം എക്‌സ്‌പ്ലൈൻ ചെയ്യാതെ തന്നെ കാരക്ടർ എനിക്ക് ഈസിയായി ചെയ്യാൻ സാധിക്കും. ഇപ്പോൾ ഞാൻ ഔട്ട്‌സൈഡറല്ല. മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്.

അതുകൊണ്ട് ഇനി അതുപോലുള്ള വില്ലൻ റോളുകൾ ചെയ്താൽ അത്രത്തോളം ഇഫക്ടിവ് ആവണമെന്നില്ല. സ്വാഭാവികമായും പ്രേക്ഷകർക്ക് മടുപ്പും കാഴ്ച വിരസതയുമുണ്ടാവും. അക്കാരണത്താൽ ഭീഷ്മപർവം കഴിഞ്ഞപ്പോൾ മലയാളത്തിൽ അത്തരം റോളുള്ള പടങ്ങളൊന്നും ചെയ്തിരുന്നില്ല,’ സുദേവ് നായർ പറയുന്നു.

താൻ ആ സമയത്ത് തെലുങ്കിലും തമിഴിലും കന്നടയിലും ചെയ്തത് വില്ലൻ റോളുകളായിരുന്നെന്നും നടൻ പറഞ്ഞു. മൂന്ന് വർഷം അതുപോലെ റൗണ്ട് അടിച്ചുവെന്നും തനിക്ക് ചെയ്യാനിഷ്ടം കോമഡിയും ആക്ഷനുമാണെന്നും സുദേവ് നായർ കൂട്ടിച്ചേർത്തു. താൻ അഭിനയം തുടങ്ങിയത് തന്നെ കോമഡി ചെയ്താണെന്നും പറഞ്ഞ അദ്ദേഹം താൻ പരസ്യങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയതെന്നും പറയുന്നു.

അങ്ങനെയാണ് മാധുരി ദീക്ഷിതും ജൂഹി ചൗളയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സൗമിക് സെൻ സംവിധാനം ചെയ്യ ഗുലാബ് ഗ്യാങ് (2014) എന്ന ചിത്രത്തിൽ അഭിനയിക്കുന്നതെന്നും അതിന് ശേഷം നാട്ടിൽ വന്ന് അവസരങ്ങൾ തേടിക്കൊണ്ടിരുന്നപ്പോഴാണ് ‘മൈ ലൈഫ് പാർട്ണർ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്നും സുദേവ് നായർ കൂട്ടിച്ചേർത്തു.

Content highlight: That’s why I didn’t do such roles after Bhishmaparvam says Sudev Nair

We use cookies to give you the best possible experience. Learn more