| Wednesday, 20th August 2025, 11:59 am

ഞാന്‍ താടി ഷേവ് ചെയ്യാത്തതിന്റെ കാരണം അതാണ്, നമുക്ക് നോക്കാം: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്തുകൊണ്ടാണ് താടി വടിക്കാത്തത്? കഴിഞ്ഞ കുറച്ചുകാലങ്ങളായി മോഹന്‍ലാലിന് നേരെ നീളുന്ന ഏറ്റവും വലിയ ചോദ്യമായിരുന്നു ഇത്.

തുടര്‍ച്ചായി വന്ന സിനികളിലെല്ലാം താടിവെച്ച കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ ചെയ്തത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തില്‍ സ്വന്തം താടിയെ ട്രോളിക്കൊണ്ട് മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന ഡയലോഗും വൈറലായിരുന്നു.

എന്നാല്‍ അടുത്തിടെ ട്രിം ചെയ്ത് ഒതുക്കിയ താടിയുമായി മോഹന്‍ലാല്‍ പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കും അങ്ങനെയൊന്നാണ്.

എന്തുകൊണ്ടാണ് താടി ഷേവ് ചെയ്യാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹന്‍ലാല്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താടിയെ കുറിച്ച് ലാല്‍ മനസുതുറന്നത്.

ഒരുപാട് സിനിമകളുടെ കണ്ടിന്യുവിറ്റി ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ ഷേവ് ചെയ്യാന്‍ പറ്റാത്തതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. വേണമെങ്കില്‍ മീശയും ഷേവ് ചെയ്‌തേക്കാമെന്നും തമാശ രൂപേണ മോഹന്‍ലാല്‍ പറയുന്നു.

‘മീശ ഷേവ് ചെയ്യാം, അല്ലെങ്കില്‍ മീശ പിരിക്കാം. അങ്ങനെയൊക്കെ ഉടനെ തന്നെ കാണാം. അത്തരം കഥാപാത്രങ്ങള്‍ വരണമെന്ന് മാത്രം. അടുത്തതായി അഭിനയിക്കുന്നത് ദൃശ്യം 3 യില്‍ ആണ്. അത് കഴിഞ്ഞ് ഒരു പൊലീസ് ഓഫീസറുടെ വേഷമാണ്.

അതില്‍ നമുക്ക് മീശപിരിക്കാം. അത് കഴിഞ്ഞ് വേണമെങ്കില്‍ മീശ ഷേവ് ചെയ്യാം. അങ്ങനെയൊക്കെ ചെയ്യാമല്ലോ. ഒരുപാട് സിനിമകളുടെ കണ്ടിന്യുവിറ്റി ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ ഷേവ് ചെയ്യാന്‍ പറ്റാത്തത്’, മോഹന്‍ലാല്‍ പറയുന്നു.

അഭിമുഖത്തില്‍ ലാലിനൊപ്പം നടന്‍ പ്രകാശ് വര്‍മയും പങ്കുചേര്‍ന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ പ്ലാനിങ്ങിലുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം ഈശ്വരന്റെ കയ്യിലാണെന്നായിരുന്നു പ്രകാശ് വര്‍മയുടെ മറുപടി.

വെറുതെ ഒരു കഥയുമായിട്ട് ലാല്‍ സാറിന്റെ അടുത്ത് പോകാന്‍ പറ്റില്ലെന്നും അദ്ദേഹത്തിന് ആ കഥ ചാലഞ്ചിങ് ആയി തോന്നണമെന്നും പ്രകാശ് വര്‍മ പറഞ്ഞു. അങ്ങനയൊന്ന് സംഭവിക്കട്ടെയെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പ്രകാശ് വര്‍മ പറഞ്ഞു.

Content Highlight: That’s the reason I don’t shave my beard, let’s see: Mohanlal

We use cookies to give you the best possible experience. Learn more