| Wednesday, 27th August 2025, 8:43 am

ഞാൻ എന്നെ ഏറ്റവും സ്റ്റൈലിഷായി കണ്ട് കയ്യടിച്ച ഒരേയൊരു സിനിമ അതാണ്: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായിട്ടാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2024ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാന്‍ സംഗീതിന് സാധിച്ചു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ പ്രേമലുവാണ് സംഗീതിനെ ജനപ്രിയനാക്കിയത്. പിന്നീട് മോഹന്‍ലാലിന്റെ ചിത്രം തുടരുമിലും സംഗീത് ചെറിയ വേഷത്തില്‍ എത്തിയിരുന്നു. മോഹന്‍ലാലിന്റെയൊപ്പം തന്നെയുള്ള ഹൃദയപൂര്‍വ്വമാണ് വരാനിരിക്കുന്ന സിനിമ. ആസിഫ് അലിക്കൊപ്പം ടിക്കി ടാക്ക എന്ന സിനിമയിലും സംഗീത് പ്രതാപ് അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത്.

ടിക്കി ടാക്കയെക്കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല. ഞാനെന്നെ ഏറ്റവും സ്‌റ്റൈലിഷായിട്ട് കണ്ട, എന്റെ കൂടെയുള്ള എല്ലാ ആക്ടേഴ്സിനെയും സ്റ്റെലിഷായിട്ട കണ്ട സിനിമയാണ് ടിക്കി ടാക്ക.

ഞാന്‍ ചെയ്തിട്ടുള്ള പെര്‍ഫോമന്‍സിലെ വേറെ ടൈപ്പ് ഓഫ് പെര്‍ഫോമന്‍സാണ് ഈ ചിത്രം. നമ്മള്‍ തന്നെ നമ്മളെ കണ്ട് കയ്യടിച്ച ഒരേയൊരു സിനിമ ടിക്കി ടാക്കയാണ്,’ സംഗീത് പ്രതാപ് പറയുന്നു.

അവരുടെ വിഷനാണ് പടമെന്നും സംവിധായകന്‍ രോഹിത്ത് വി.എസ് നല്ല വിഷനുള്ള ഡയറക്ടറാണെന്നും സംഗീത് പറയുന്നു. തനിക്ക് രോഹിത്തിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അതിന് കാരണം എല്ലാ സബ്ജെക്ടും രോഹിത്തിന്റെ കണ്ണില്‍ വേറെ രീതിയിലാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സിനിമയ്ക്കും അങ്ങനെയൊരു സ്വഭാവം ഉണ്ടാകേണ്ടതാണെന്നും ഈ സിനിമയില്‍ മുഴുനീള കഥാപാത്രമല്ലെന്നും എന്നാലും ഇംപോര്‍ട്ടന്റ് കഥാപാത്രമാണെന്നും സംഗീത് പ്രതാപ് പറഞ്ഞു.

ടിക്കി ടാക്ക

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും സംവിധായകന്‍ രോഹിത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. മുമ്പൊന്നും കാണാത്ത മേക്ക് ഓവറില്‍ ആസിഫ് അലി എത്തുന്ന ചിത്രം ബിഗ് ബഡ്ജറ്റായാണ് എത്തുന്നത്. ചിത്രത്തില്‍ നസ്‌ലെനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വര്‍ഷാവസാനം ചിത്രം പ്രദര്‍ശനത്തിനെത്തും.

Content Highlight: That’s the only movie that has ever struck me as the most stylish says Sangeeth Prathap

We use cookies to give you the best possible experience. Learn more