| Sunday, 24th August 2025, 12:00 pm

മലയാള സിനിമയ്ക്ക് അന്യനാടുകളില്‍ വലിയ സ്വീകാര്യത നേടാന്‍ ആ മോഹന്‍ലാല്‍ ചിത്രത്തിന് കഴിഞ്ഞു: ആന്റണി പെരുമ്പാവൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവാണ് ആന്റണി പെരുമ്പാവൂര്‍. 1987ല്‍ മോഹന്‍ലാലിന്റെ ഡ്രൈവറായി കരിയര്‍ ആരംഭിച്ച ആന്റണി പെരുമ്പാവൂര്‍ പിന്നീട് ഹ്രസ്വ വേഷങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. 2000ല്‍ അദ്ദേഹം മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്ന ആശിര്‍വാദ് സിനിമാസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനി സ്ഥാപിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു എമ്പുരാന്‍. വിവാദങ്ങളിലും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ എമ്പുരാന്‍ മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റായി മാറി. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍.

‘മലയാള സിനിമയ്ക്ക് അന്യനാടുകളില്‍ വലിയ സ്വീകാര്യത നേടിക്കൊടുക്കാന്‍ എമ്പുരാന്‍ സിനിമയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പേരെടുത്ത കമ്പനികളുമായി കൈകോര്‍ത്താണ് ഓരോ സംസ്ഥാനത്തും ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്. രാജ്യത്തിനുപുറത്ത് നമ്മള്‍ ഉദ്ദേശിക്കുന്ന വലുപ്പത്തില്‍ പലപ്പോഴും മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നു മുമ്പ്.

അവിടത്തെ വലിയ കമ്പനികള്‍ മറ്റുഭാഷയിലുള്ള സിനിമകള്‍ സ്വീകരിക്കാനാണ് കൂടുതലായി താത്പര്യപ്പെട്ടത്. അമേരിക്കയിലെല്ലാം ചുരുക്കം തിയേറ്റുകളാണ് ഇതുവരെ ലഭിച്ചിരുന്നത്. അതിനെല്ലാം എമ്പുരാനിലൂടെ വലിയൊരു മാറ്റംവന്നു. എമ്പുരാന്‍ സിനിമയുടെ വലുപ്പവും മറ്റുകാര്യങ്ങളും മനസിലാക്കിയാണ് പലരും ചിത്രം സ്വീകരിക്കാന്‍ മുന്നോട്ടുവന്നത്. ചിത്രത്തിന് വിദേശരാജ്യങ്ങളില്‍ ലഭിച്ച കളക്ഷന്‍ മലയാളസിനിമയ്ക്ക് ആവേശം പകരുന്നതാണ്,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

മലയാള സിനിമയുടെ ഓവര്‍സീസ് മാര്‍ക്കറ്റ് എമ്പുരാന്‍ മാറ്റിയെഴുതിയെന്നും അന്യദേശങ്ങളില്‍ വലിയ രീതിയില്‍ മലയാള സിനിമ റിലീസ് ചെയ്യാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പലതും എത്തിപ്പിടിക്കാന്‍ പറ്റാത്ത ദൂരത്തിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ വിജയങ്ങള്‍ നേടുമ്പോള്‍ ആളുകള്‍ നമ്മളെ അംഗീകരിക്കുമെന്നും എമ്പുരാന്‍ നേടിയ കളക്ഷന്‍ വിദേശരാജ്യങ്ങളില്‍ മലയാളസിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചുവെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്ക് അത്ഭുതകരമായ വിജയം സമ്മാനിച്ച ചിത്രമാണ് എമ്പുരാനെന്നും അതുകൊണ്ടുതന്നെ എമ്പുരാന് തുടര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥ അങ്ങനെയാണ് പറഞ്ഞുനിര്‍ത്തിയതെന്നും നിലവില്‍ കണ്ട കാഴ്ചകള്‍ പലതും പൂര്‍ത്തിയാക്കാന്‍ മൂന്നാം ഭാഗം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: That Mohanlal film was able to gain great acceptance for Malayalam cinema in foreign countries: Antony Perumbavoor

We use cookies to give you the best possible experience. Learn more