| Tuesday, 5th August 2025, 8:03 am

ഒരു മലയാളചിത്രം ലോകത്ത് മുഴുവൻ പ്രദർശിപ്പിക്കാമെന്ന് ആ സിനിമ കാണിച്ചുതന്നു: ഉദയകൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിരുന്ന അദ്ദേഹം പിന്നീട് ത്രില്ലർ ഴോണറുകളിലേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു.

വെട്ടം, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, ദോസ്ത്, സി.ഐ.ഡി മൂസ, പുലിമുരുകൻ, ക്രിസ്റ്റഫർ, ആറാട്ട് എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. ഇപ്പോൾ വിജയചിത്രങ്ങളുടെ രണ്ടാം ഭാഗത്തെക്കുറിച്ചും അപ്പോൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും സംസാരിക്കുകയാണ് ഉദയകൃഷ്ണ.

മൂസ ഇറങ്ങുമ്പോൾ തന്നെ അതിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതാണ്. പക്ഷേ ഇതുവരെയായും അത് സംഭവിച്ചില്ല. അതിന്റെ സംവിധായകൻ ഇപ്പോൾ തിരക്കുള്ള നടനാണ്. അദ്ദേഹം തിരക്ക് മാറ്റിവെച്ചു മുന്നോട്ടുവരികയും നിർമാതാവ് മുന്നിട്ടിറങ്ങുകയും ചെയ്താൽ ഉറപ്പായും മൂസ വീണ്ടും വരും,’ ഉദയകൃഷ്ണ പറയുന്നു.

പുലിമുരുകന്റെ കാര്യവും അതുപോലെ തന്നെയാണെന്നും ഉദയകൃഷ്ണ പറഞ്ഞു. നമ്മുടെ സിനിമയ്ക്ക് 100 കോടിക്ക് മുകളിലും കളക്ഷൻ വരാമെന്ന് തെളിയിച്ച സിനിമയാണ് പുലിമുരുകൻ എന്നും ഒരു മലയാള സിനിമ ലോകത്ത് മുഴുവൻ പ്രദർശിപ്പിക്കാമെന്നും ആ ചിത്രം കാണിച്ചുതന്നുവെന്നും അദ്ദേഹം പറയുന്നു.

ഒന്നാം ഭാഗം വലിയ ഹിറ്റാണെങ്കിൽ രണ്ടാം ഭാഗത്തിനു വലിയ ബിസിനസ് സാധ്യതയാണെന്നും അതുകൊണ്ടുതന്നെ നിർമാതാവിനെ സംബന്ധിച്ച് റിസ്‌ക് കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, എഴുത്തുകാരനെ സംബന്ധിച്ചു റിസ്ക്‌ക് കൂടുമെന്നും ഒരു കഥാപാത്രത്തിന്റെ ഉയർച്ചതാഴ്ചകളും പോരാട്ടങ്ങളും അതിജീവനവുമൊക്കെയായിരിക്കും ആദ്യ ഭാഗത്തിന്റെ കഥയെന്നും ഉദയകൃഷ്ണ കൂട്ടിച്ചേർത്തു.

രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ നായകൻ പ്രതിസന്ധികളെ ഒക്കെ അതിജീവിച്ച് കഴിഞ്ഞിരിക്കുമെന്നും അയാളുടെ ജീവിതത്തിൽ പുതിയ പ്രതിസന്ധികൾ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, അങ്ങനെ ഉണ്ടാക്കുന്ന പ്രതിസന്ധികൾക്ക് പലപ്പോഴും സ്വാഭാവികത ഉണ്ടാകണമെന്നില്ലെന്നും ഇത് എഴുത്തുകാരൻ നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ പ്രവചനാതീതമാണ്. ഏതു സിനിമയും എപ്പോൾ വേണമെങ്കിലും വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ പതിപ്പിൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: That film showed that a Malayalam film can be shown all over the world: Udayakrishna

We use cookies to give you the best possible experience. Learn more