| Thursday, 10th September 2026, 4:44 pm

തുടരുമില്‍ കണ്ട മോഹന്‍ലാല്‍ അല്ല അതിമനോഹരത്തില്‍, എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്‌കൂളാണ് അദ്ദേഹം: തരുണ്‍ മൂര്‍ത്തി

അശ്വിന്‍ രാജേന്ദ്രന്‍

വളരെ സൈലന്റായ ചെറിയ സിനിമയുമായെത്തി തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ തുടരും. തുടര്‍ പരാജയങ്ങളില്‍ വലഞ്ഞ മോഹന്‍ലാല്‍ എന്ന നടന്റെ പ്രതാപകാലം അവസാനിച്ചു എന്ന് വിധിയെഴുതിയ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് താനാണ് മലയാള സിനിമയിലെ ഒരേ ഒരു രാജാവ് എന്ന് ഒരിക്കല്‍ കൂടി വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു തുടരും തിയേറ്റര്‍ വിട്ടത്.

മോഹന്‍ലാലിന്റെ സ്ലീപ്പര്‍ സെല്‍ ഫാന്‍സിനെ തിയേറ്ററുകളിലെത്തിച്ച് ബോക്സ് ഓഫീസില്‍ നിന്നും 234 കോടിയോളം കളക്ഷന്‍ നേടിയ ചിത്രം മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍-ശോഭന ഹിറ്റ് ജോഡി ഒന്നിച്ച ചിത്രത്തില്‍ ടാക്സി ഡ്രൈവറായ ഷണ്മുഖം എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

തുടരും. Photo: IMDB

തുടരുമിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത വലിയ ആവേശത്തോടെയും സന്തോഷത്തോടെയും ആയിരുന്നു സിനിമാ ലോകം ഏറ്റെടുത്തത്. തരുണ്‍ മൂര്‍ത്തിക്കൊപ്പം എന്നതിലുപരി വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്നു എന്നതായിരുന്നു പ്രൊജക്ടിന്റെ പ്രധാന ആകര്‍ഷണം. കഴിഞ്ഞ ദിവസം ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മോഹന്‍ലാലിനെ കുറിച്ചും താരത്തെ നായകനാക്കി താന്‍ ഒരുക്കുന്ന അതിമനോഹരം എന്ന ചിത്രത്തെ കുറിച്ചും തരുണ്‍ മൂര്‍ത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘തുടരുമില്‍ കണ്ട മോഹന്‍ലാല്‍ അല്ല ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന അതിമനോഹരത്തിലുള്ളത്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ ക്യാരക്ടറിനോടുള്ള അപ്രോച്ചും രീതികളുമെല്ലാം വ്യത്യസ്തമാണ്. ഞാനും തുടരുമില്‍ എടുത്ത അപ്രോച്ച് വ്യത്യസ്തമാണ്. ഞങ്ങള്‍ രണ്ടുപേരുടെയും അപ്രോച്ചില്‍ വ്യത്യാസമുണ്ട്. ആ ഡയമെന്‍ഷന്‍ ചേഞ്ച് നമ്മുടെ സ്റ്റേജിങ്ങിനെയും ക്യാരക്ടര്‍ ഫീഡിങ്ങിനെയും എല്ലാം ചേഞ്ച് ചെയ്യുന്നുണ്ട്.

എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്‌കൂളാണ് മോഹന്‍ലാല്‍. ഞാന്‍ ആ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയിട്ട് ഇവിടെയുള്ളവര്‍ക്ക് അത് പറഞ്ഞുകൊടുക്കുന്നു. ഈ വര്‍ഷം തന്നെ ചെയ്യേണ്ട സിനിമയായിട്ടാണ് അതിമനോഹരം ഞങ്ങളുടെ പ്ലാനിലുള്ളത്. മറ്റ് ബുദ്ധിമുട്ടുകളൊന്നും വന്നില്ലെങ്കില്‍ ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും,’ തരുണ്‍ പറഞ്ഞു.

Photo: Ott Play

രതീഷ് രവി തിരക്കഥ നിര്‍വഹിച്ച് ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 24നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഇതോടെ വലിയ ആവേശത്തിലാണ് ലാല്‍ ആരാധകര്‍. വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയ 2026 ലെ എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും താരം അതിമനോഹരത്തിലൂടെ തകര്‍ത്തെറിയെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Tharun Moorthy talks about Mohanlal and his upcoming movie Athimanoharam

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more