| Tuesday, 12th August 2025, 9:05 am

വില്ലനെന്ന് പറഞ്ഞാല്‍ സമ്മതിച്ചില്ലെങ്കിലെന്ന് കരുതി 'ലാലേട്ടൻ്റെ കൂട്ടുകാരൻ' എന്നുപറഞ്ഞു: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും മൂന്ന് സിനിമകള്‍ കൊണ്ട് മലയാളസിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെയാണ് തരുണ്‍ സംവിധാനരംഗത്തേക്ക് കടന്നത്. ആദ്യചിത്രം കൊണ്ട് തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.

രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. അവസാനമായി ചെയ്ത തുടരുംസൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോൾ പ്രകാശ് വർമയെ സിനിമയിലേക്ക് എത്തിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘സുനിലേട്ടന്‍ പ്രകാശേട്ടന്റെ ഫോട്ടോ കാണിച്ചുതന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു ‘ഇത് പ്രകാശ് വര്‍മ അല്ലേ. ഇയാള്‍ അഭിനയിക്കുമോ’ എന്നാണ് ഞാന്‍ ചോദിച്ചത്.

അപ്പോള്‍ സുനിലേട്ടന്‍ പറഞ്ഞു ‘എന്റെ ഒരു മനസമാധാനത്തിന് വേണ്ടി ഫോട്ടോ കാണിച്ചതാണ്. ഇങ്ങനെയുള്ള ആളാണ് സിനിമയില്‍ വന്നിരുന്നതെങ്കില്‍ നന്നായിരിക്കും’ എന്ന്.

ഞാന്‍ അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു ‘ചേട്ടാ ഇയാള്‍ താടിയൊക്കെ വടിച്ചുകഴിഞ്ഞാല്‍, കഷണ്ടിയും കേറിയ നെറ്റിയും, ആ മീശയുമൊക്കെ വെച്ചുകഴിഞ്ഞാല്‍ കോട്ടയംകാരന്‍ അച്ചായന്‍ പൊലീസിന്റെ ലുക്ക് ഉണ്ട്. ഇങ്ങേരെ പോലെയുള്ള ആളെ കിട്ടിക്കഴിഞ്ഞാല്‍ ചെയ്യാം’ എന്ന്,’ തരുൺ പറയുന്നു.

പ്രകാശ് വർമയെ അഭിനയിക്കാൻ കിട്ടിയാൽ താൻ ഓക്കെയാണെന്നും ഫോട്ടോ കണ്ടപ്പോൾ തന്നെ ഇഷ്ടമായെന്നും തരുൺ കൂട്ടിച്ചേർത്തു.

അങ്ങനെയാണ് പ്രകാശ് വര്‍മയെ വിളിച്ചതെന്നും അപ്പോള്‍ പ്രകാശ് വര്‍മ ഞെട്ടിപ്പോയെന്നും തരുണ്‍ പറയുന്നു. പുതിയ സിനിമക്ക് ഓള്‍ ദി ബെസ്റ്റ് എന്നൊക്കെ പറഞ്ഞിട്ട് പോയ ആളാണ് പ്രകാശ് വര്‍മയെന്നും കെ.ആര്‍ സുനില്‍ കഥാപാത്രത്തെക്കുറിച്ച് പ്രകാശ് വര്‍മയോട് പറഞ്ഞത് ഒരു പാവമാണെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.

വില്ലന്‍ ആണെന്ന് പറഞ്ഞാല്‍ സമ്മതിച്ചില്ലെങ്കിലോ എന്നുവിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞതെന്നും മോഹന്‍ലാലിന്റെ കൂട്ടുകാരന്‍ എന്നാണ് പ്രകാശ് വര്‍മയോട് പറഞ്ഞതെന്നും തരുണ്‍ പറഞ്ഞു. തുടരും ടീമിൻ്റെ ഗെറ്റ് ടുഗെദറിൽ ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടരും

മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് തുടരും.

Content Highlight: Tharun Moorthy talking about Prakash Varma

We use cookies to give you the best possible experience. Learn more