വെറും മൂന്ന് സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ തുടരും ഇന്‍ഡസ്ട്രിയിലെ ചരിത്രവിജയമായി മാറി. മോഹന്‍ലാലിന്റെ ഫാന്‍ബോയ്‌യാണ് താനെന്ന് പലപ്പോഴായി തരുണ്‍ പറഞ്ഞിട്ടുണ്ട്. തരുണിന്റെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ഛോട്ടാ മുംബൈയിലെ ‘തലാ’ എന്ന ഗാനത്തിന് ചുവടുവെക്കുന്ന തരുണ്‍ മൂര്‍ത്തിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. തരുണിന്റെ നേതൃത്വത്തില്‍ നടന്ന സിനിമാ വര്‍ക്ക്‌ഷോപ്പായ പ്യൂപ്പയുടെ അവസാന ദിനത്തിലെ ആഘോഷത്തിനിടെയാണ് തരുണിലെ ഫാന്‍ ബോയ് ഉണര്‍ന്നത്. വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തവരുമായിട്ടായിരുന്നു ആഘോഷം.
പാട്ടിലെ ഹുക്ക് ലൈന്‍ എത്തിയപ്പോള്‍ എല്ലാവരോടുമൊപ്പം ‘തലാ’ എന്ന് ആര്‍ത്ത് വിളിച്ച തരുണിന്റെ വീഡിയോ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തു. ‘ഇതാണ് യഥാര്‍ത്ഥ ഫാന്‍ ബോയ്’, ‘ക്രേസി ഫാന്‍ ബോയ്’, ‘മോഹന്‍ലാല്‍ -തരുണ്‍ മൂര്‍ത്തി കോമ്പോയില്‍ ഒരു സിനിമ കൂടി വരണം’ എന്നിങ്ങനെ വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കാന്‍ സാധിച്ച സംവിധായകരില്‍ ഒരാളാണ് തരുണ്‍ മൂര്‍ത്തിയെന്നാണ് തുടരും എന്ന ചിത്രത്തിന് ശേഷം പലരും അഭിപ്രായപ്പെട്ടത്. ഇഷ്ടനടനെ താന്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ച തരുണ്‍ തുടരുമിന് പിന്നാലെ ഇന്‍ഡസ്ട്രിയിലെ വിലയേറിയ സംവിധായകനായി മാറി.
അധികം ഹൈപ്പില്ലാതെ വന്ന തുടരും മലയാളത്തിലെ ചരിത്രവിജയമായി മാറി. കേരളത്തില്‍ നിന്ന് മാത്രം 100 കോടി കളക്ഷന്‍ നേടിയ ആദ്യ ചിത്രമെന്ന നേട്ടം തുടരും സ്വന്തമാക്കി. ഇന്‍ഡസ്ട്രിയല്‍ ഹിറ്റെന്ന നേട്ടവും സ്വന്തമാക്കിയ തുടരും അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തിലെ ഗെയിം ചേഞ്ചറായി മാറിയിരുന്നു.
നിലവില്‍ നസ്‌ലെന്‍, അര്‍ജുന്‍ ദാസ്, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ടോര്‍പ്പെഡോയുടെ തിരക്കിലാണ് തരുണ്‍ മൂര്‍ത്തി. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ബിനു പപ്പുവാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുകയും ചെയ്തു. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Tharun Moorthy’s new dance video viral in social media