| Monday, 23rd November 2026, 12:35 pm

തുടരും എന്ന ചിക്കന്‍ ബിരിയാണി തന്ന ഹൈപ്പിന്റെ ബാധ്യത; അതിമനോഹരത്തിന് ഓരോ തവണയും പോസ്റ്റിട്ട് വിശദീകരിക്കേണ്ട വരുന്ന തരുണ്‍ മൂര്‍ത്തി

അമര്‍നാഥ് എം.

കാടടച്ച ഹൈപ്പോടെ വന്ന എമ്പുരാന് പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ആരാധകര്‍ക്ക് ലഭിച്ച ഉത്സവമായിരുന്നു തുടരും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഓരോ അപ്‌ഡേറ്റിലും ഫാമിലി ഫീല്‍ഗുഡ് സിനിമയുടെ പ്രതീതി സമ്മാനിച്ച് തിയേറ്ററില്‍ വെടിക്കെട്ട് നടത്തുകയായിരുന്നു തുടരുമിലൂടെ തരുണ്‍ മൂര്‍ത്തി.

മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ഫാന്‍ബോയ് ഡയറക്ടര്‍ സിനിമാലോകത്തെ ഞെട്ടിച്ചു. എന്നാല്‍തുടരും എന്ന ചിത്രത്തിന്റെ ഗംഭീര വിജയം തരുണ്‍ മൂര്‍ത്തിക്ക് ഒരു ബാധ്യതയായെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. മോഹന്‍ലാലുമൊത്ത് വീണ്ടും ഒന്നിക്കുന്ന അതിമനോഹരം റിലീസിന് തയാറെടുക്കുകയാണ്.

അനൗണ്‍സ്‌മെന്റും മീശ പിരിച്ച മോഹന്‍ലാലിന്റെ ഗെറ്റപ്പുമെല്ലാം സ്‌കൈ ലെവല്‍ ഹൈപ്പാണ് സമ്മാനിച്ചത്. എന്നാല്‍ ഓരോ അപ്‌ഡേറ്റിന് ശേഷം ‘സാധാരണ പൊലീസ് പ്രൊസീജറല്‍ ഡ്രാമ’ എന്നാണ് അതിമോനഹരത്തെക്കുറിച്ച് സംവിധായകന്‍ വിശേഷിപ്പിക്കുന്നത്. ഫാന്‍മെയ്ഡ് പോസ്റ്ററുകളെപ്പോലും തരുണ്‍ പ്രോത്സാഹിപ്പിക്കുന്നില്ല. തിയേറ്ററിലെ പ്രൊമോഷണല്‍ സ്റ്റാന്‍ഡിയെക്കുറിച്ച് തരുണ്‍ പങ്കുവെച്ച പോസ്റ്റ് വലിയ വാര്‍ത്തയായിരുന്നു.   vc

തുടരും എന്ന സിനിമക്ക് ശേഷം അതേ കോമ്പോ ഒന്നിക്കുമ്പോള്‍ ആരാധകര്‍ ഉറപ്പായും പ്രതീക്ഷ വെക്കുമെന്നും അത് കുറക്കാന്‍ ശ്രമിച്ചാലും നടക്കില്ലെന്നുമാണ് കമന്റുകള്‍. ‘ഊണ് പ്രതീക്ഷിച്ച് പോയവര്‍ക്ക് കിട്ടിയ ചിക്കന്‍ ബിരിയാണിയായിരുന്നു തുടരും’ എന്നും വീണ്ടും ഒന്നിക്കുമ്പോള്‍ ‘ചിക്കന്‍ ബിരിയാണിയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും’ ചിലര്‍ അഭിപ്രായപ്പെടുന്നു.

പൊലീസ് പ്രൊസീജറല്‍ ഡ്രാമയാണെങ്കില്‍ ‘വരൂ, ഒരിക്കല്‍കൂടി മോഹന്‍ലാലിനെ ആഘോഷമാക്കാം’ എന്ന ടാഗ്‌ലൈന്‍ എന്തിനാണെന്നും ചോദ്യങ്ങളുണ്ട്. ചിത്രത്തില്‍ സര്‍പ്രൈസുകളുണ്ടാകുമെന്ന് ഉറപ്പാണെന്നും അത് റിവീല്‍ ചെയ്യാതെയുള്ള പ്രൊമോഷന്‍ നടത്തിയാല്‍ മതിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

സൂര്യയുടെ സീന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ രീതി മാതൃകയാക്കണമെന്നും കമന്റുകളുണ്ട്. സൂര്യയുടെ കഥാപാത്രം ശരിക്ക് ആരാണെന്ന് പോലും റിവീല്‍ ചെയ്യാതെയാണ് അണിയറപ്രവര്‍ത്തകര്‍ സീനിന് പ്രൊമോഷന്‍ നല്‍കിയത്.

യഥാര്‍ത്ഥ കഥ ലീക്കായെങ്കിലും തിയേറ്ററില്‍ പ്രേക്ഷകരെ സര്‍പ്രൈസ്ഡാക്കിയ എലമെന്റുകള്‍ സീനിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചു. ഇതേ രീതി പിന്തുടര്‍ന്നാല്‍അതിമനോഹരവും വര്‍ക്കാകുമെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Tharun Moorthy’s marketing of Athimanoharam, movie discussing in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more