| Sunday, 24th May 2026, 1:17 pm

തുടരും പോലെ അടിപ്പടമല്ല... അതിമനോഹരം സാധാരണ പൊലീസ് സിനിമയാണെന്ന് തരുണ്‍ മൂര്‍ത്തി

അമര്‍നാഥ് എം.

മോഹന്‍ലാലിന്റെ ഫാന്‍ ബോയ് തന്റെ ഇഷ്ടനടനെ താന്‍ കാണാനാഗ്രഹിക്കുന്ന തരത്തില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു തുടരും. അനൗണ്‍സ്‌മെന്റ് മുതല്‍ വെറുമൊരു ഫാമിലി ചിത്രമെന്ന പ്രതീതി തന്ന തുടരും തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. കരിയറിലെ രണ്ടാമത്തെ 200 കോടിയും കേരളത്തില്‍ നിന്ന് മാത്രം 100 കോടിയും തുടരും സ്വന്തമാക്കി.

ഇന്‍ഡസ്ട്രി ഹിറ്റായ തുടരുമിന് ശേഷം ഈ കോമ്പോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. അനൗണ്‍സ്‌മെന്റ് സമയത്തെ പ്രതീക്ഷ ഇരട്ടിയാക്കിക്കൊണ്ട് ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഏറെക്കാലത്തിന് ശേഷം താടിയെടുത്ത്, മീശ പിരിച്ച ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

ടി.എസ് ലൗലജന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ട് 70 ശതമാനത്തോളം പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഴോണറിനെക്കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തുടരും പോലെ സര്‍പ്രൈസ് ആക്ഷന്‍ ചിത്രമാണോ എന്ന ചോദ്യത്തോട് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘പൊലീസ് പ്രൊസീജ്യര്‍ + ഫാമിലി ഡ്രാമ’ എന്നാണ് തരുണ്‍ നല്‍കിയ മറുപടി. തരുണിന്റെ ആദ്യ രണ്ട് സിനിമകളായ ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നിവ പോലെ റിയലിസ്റ്റിക്കായിട്ടുള്ള കഥ പറച്ചിലാകും അതിമനോഹരത്തിന്റേതെന്ന് ഇതോടെ പലരും അനുമാനിക്കുകയാണ്. പൊലീസ് ഇന്‍വെസ്റ്റിഗേഷനൊപ്പം ഈ എലമെന്റുകളും അതിമനോഹരത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യേണ്ട പ്രൊജക്ടായിരുന്നു ഇത്. L366 എന്ന് താത്കാലിക ടൈറ്റില്‍ നല്‍കിയ ചിത്രത്തിലേക്ക് പിന്നീട് തരുണ്‍ എത്തുകയായിരുന്നു. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. തുടരുമിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുമ്പോള്‍ ഇന്‍ഡസ്ട്രി ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. ജഗദീഷ്, മുകേഷ്, അശോകന്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തൊടുപുഴയിലും മുംബൈയിലുമായാണ് അതിമനോഹരത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന തരുണ്‍ മൂര്‍ത്തി ഇത്തവണയും ഞെട്ടിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Tharun Moorthy reveals the genre of Athimanoharam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more