| Saturday, 24th January 2026, 12:57 pm

ഭ്രാന്തന്‍ ഫാന്‍ബോയ് എന്ന് പറയുന്നത് ചുമ്മാതല്ല, വൈറലായ എ.ഐ ഫോട്ടോ മോഹന്‍ലാലിനെവെച്ച് റീക്രിയേറ്റ് ചെയ്ത തരുണ്‍ ബ്രില്യന്‍സ്

അമര്‍നാഥ് എം.

സോഷ്യല്‍ മീഡിയയെ ഒന്നാകെ ഇളക്കിമറിച്ച ഒന്നായിരുന്നു കഴിഞ്ഞദിവസം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ. പുതിയ ചിത്രത്തിനായി താടി വടിച്ച് മീശ പിരിച്ചുനില്‍ക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോ മലയാളികള്‍ ഒന്നാകെ ആഘോഷിച്ചു. കഴിഞ്ഞകുറച്ചു കാലമായി മോഹന്‍ലാല്‍ താടിയെടുക്കുന്നു എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.

താടിയെടുത്ത ശേഷം മോഹന്‍ലാല്‍ ആദ്യമായി പങ്കുവെച്ച ചിത്രം പല പേജുകളിലും ചര്‍ച്ചയായിരുന്നു. അതിലൊന്നാണ് മോഹന്‍ലാലിന്റെ പോസ്. തരുണ്‍ മൂര്‍ത്തി- മോഹന്‍ലാല്‍ പ്രൊജക്ട് അനൗണ്‍സ് ചെയ്ത സമയത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ഫാന്‍മെയ്ഡ് ചിത്രമുണ്ടായിരുന്നു. പൊലീസ് യൂണിഫോമില്‍ മേശപ്പുറത്തിരുന്നുകൊണ്ട് മീശ പിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു വൈറലായത്.

മോഹന്‍ലാല്‍ Photo: Vasiley Ztaisev/ Facebook

‘തരുണിന്റെ പടത്തില്‍ ലാലേട്ടനെ ഇതുപോലെ കിട്ടണം’ എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം പ്രചരിച്ചത്. എ.ഐ ആണെങ്കില്‍ കൂടി മോഹന്‍ലാലിനെ കാണാനാഗ്രഹിച്ച രീതിയില്‍ കിട്ടാന്‍ പോകുന്നു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ പ്രസന്റ് ചെയ്തത് അതേ രീതിയിലാണെന്നത് ചര്‍ച്ചയായിരിക്കുകയാണ്.

തുടരും സിനിമയുടെ പ്രൊമോഷന്റെ സമയത്ത് ബിനു പപ്പു ‘ഭ്രാന്തന്‍ ഫാന്‍ബോയ്’ എന്നാണ് തരുണിനെ വിശേഷിപ്പിച്ചത്. അത് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് തരുണ്‍ അടുത്ത സിനിമക്കായി ഇഷ്ടനടനെ അവതരിപ്പിച്ചിരിക്കുന്നത്. എ.ഐയില്‍ കാണിച്ച അതേ പോസില്‍ തന്നെ മോഹന്‍ലാലിനെ കാണിച്ചതില്‍ ആരാധകരും ത്രില്ലിലാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം നടന്നിരുന്നു.

L365 Photo: Trendswood/ X.com

തൊടുപുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തുടരും എന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ സ്‌കൈ ലെവല്‍ ഹൈപ്പാണ് ഇപ്പോള്‍ തന്നെ ലഭിക്കുന്നത്. പൊലീസ് ത്രില്ലറായി ഒരുങ്ങുന്ന L366 ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ചിത്രത്തിലെ നായികയായി മീര ജാസ്മിനെയാണ് പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആഷിക് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം. മുമ്പ് ഓസ്റ്റിന്‍ ഡാനെ സംവിധായകനാക്കിക്കൊണ്ടാണ് L365 അനൗണ്‍സ് ചെയ്തത്. പിന്നീട് ഈ പ്രൊജക്ട് വൈകുകയും തരുണുമായി മോഹന്‍ലാല്‍ വീണ്ടും ഒന്നിക്കുകയുമായിരുന്നു. യാതൊരു ഹൈപ്പുമില്ലാതെ വന്ന് ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ തുടരുമിന് ശേഷം ഈ കോമ്പോ ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

നായകവേഷത്തിലും അതിഥിവേഷത്തിലും ഈ വര്‍ഷം നിരവധി പ്രൊജക്ടുകളിലാണ് മോഹന്‍ലാല്‍ ഭാഗമാകുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റില്‍ അതിഥിവേഷം ചെയ്യുമ്പോള്‍ നായകനായി വേഷമിടുന്ന ദൃശ്യം 3 ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Tharun Moorthy recreates the pose in viral AI Photo with Mohanlal

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more