| Thursday, 4th June 2026, 6:51 pm

എന്തൊക്കെയായിരുന്നു... ലാലേട്ടന്‍ സ്‌ക്രിപ്റ്റില്‍ കൈ കടത്തി, ആന്റണിയും തരുണും തമ്മില്‍ ഉടക്കി; അതിമനോഹരം ഉപേക്ഷിച്ചെന്ന വാര്‍ത്തക്ക് മറുപടിയുമായി തരുണ്‍ മൂര്‍ത്തി

അമര്‍നാഥ് എം.

തന്റെ ഇഷ്ടനടനൊപ്പം ആദ്യമായി ഒന്നിച്ച ചിത്രം സിനിമാലോകത്ത് ചരിത്രമാക്കിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒരു സാധാരണ കുടുംബ ചിത്രം പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായി കിട്ടിയ ട്രീറ്റായിരുന്നു തുടരും. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യചിത്രമായി തുടരും മാറി.

ഇന്‍ഡസ്ട്രി ഹിറ്റായ തുടരുമിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. അനൗണ്‍സ്‌മെന്റ് മുതല്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപ്രേമികള്‍ക്ക് ആഘോഷമായിരുന്നു. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ മീശ മാത്രം വെച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണ് അതിമനോഹരം.

ചിത്രം ഉപേക്ഷിച്ചെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചില റൂമറുകള്‍ പ്രചരിച്ചിരുന്നു. സംവിധായകനും മോഹന്‍ലാലും തമ്മില്‍ സ്‌ക്രിപ്റ്റിനെക്കുറിച്ച് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നാണ് ചിലര്‍ അഭ്യൂഹം പരത്തിയത്. മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരും തരുണും തമ്മില്‍ തര്‍ക്കമുണ്ടായെന്നും റൂമറുകള്‍ പരന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

ചിത്രത്തെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പുറത്തുവരുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടെന്നും അതിനെക്കുറിച്ച് പലരും തനിക്ക് മെസേജയച്ച് സിനിമയെക്കുറിച്ച് ചോദിക്കുന്നുണ്ടെന്നും തരുണ്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തരുണ്‍ പ്രതികരിച്ചത്.

‘കഴിഞ്ഞ 78 ദിവസമായി ആരംഭിച്ച ഷൂട്ടാണ് സിനിമയുടേത്. തൊടുപുഴയിലായിരുന്നു ഷൂട്ട് ആരംഭിച്ചത്. മഴയും കാലാവസ്ഥയും ഞങ്ങളുടെ ചില പ്ലാനുകള്‍ തെറ്റിച്ചു. പക്ഷേ, ഞങ്ങളുടെ ടീം അതെല്ലാം മറികടന്ന് സിനിമ പൂര്‍ത്തിയാക്കാനുള്ള എല്ലാ പരിശ്രമവും നടത്തുന്നുണ്ട്. അധികം വൈകാതെ ഷൂട്ട് തുടരുമെന്നാണ് പ്രതീക്ഷ.

വ്യക്തിഗത നേട്ടങ്ങള്‍ക്കും റീച്ചിനും വേണ്ടി സ്ഥിരീകരിക്കാത്ത ഇത്തരം വാര്‍ത്തകള്‍ പങ്കുവെക്കുന്നത് നിര്‍ത്തുക. ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത് പ്രേക്ഷകരില്‍ കണ്‍ഫ്യൂഷനുണ്ടാക്കുകയും ഞങ്ങള്‍ എടുത്ത എഫര്‍ട്ട് പാഴാവുകയും ചെയ്തു. ഞങ്ങളെ മനസിലാക്കി കൂടെ നില്‍ക്കുന്നതിന് ഒരുപാട് നന്ദി,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

തൊടുപുഴക്ക് പുറമെ കൊച്ചി, മുംബൈ എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യുന്നുണ്ട്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. ജഗദീഷ്, മുകേഷ്, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ക്രിസ്മസ് റിലീസായി അതിമോഹരം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പ്ലാന്‍.

Content Highlight: Tharun Moorthy reacts to the rumors regarding Athi Manoharam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more