| Thursday, 18th December 2025, 8:23 pm

കളക്ഷന്‍ പെരുപ്പിച്ച് കാണിച്ചെന്ന് പറഞ്ഞ് ഞാനും രഞ്ജിത്തേട്ടനും കേട്ട തെറിക്ക് കയ്യും കണക്കുമില്ല: തരുണ്‍ മൂര്‍ത്തി

അമര്‍നാഥ് എം.

ഈ വര്‍ഷം ചരിത്രവിജയം സ്വന്തമാക്കിയ സിനിമയായിരുന്നു മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ രണ്ടാമത്തെ 200 കോടി എന്ന നേട്ടത്തോടൊപ്പം കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ കളക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

റിലീസിന് മുമ്പ് താനും നിര്‍മാതാവ് രഞ്ജിത്തും ഒരിക്കല്‍ പോലും കളക്ഷനെക്കുറിച്ചോ കോടി ക്ലബ്ബുകളെക്കുറിച്ചോ ചര്‍ച്ച ചെയ്തിട്ടില്ലായിരുന്നെന്ന് തരുണ്‍ പറയുന്നു. മോഹന്‍ലാലിനെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഈ സിനിമ ഇഷ്ടമായാല്‍ മതി എന്നായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘ഈ പടത്തിന്റെ പ്രൊമോ ഷൂട്ട് ചെയ്തപ്പോള്‍ എന്തെങ്കിലും മൈല്‍സ്‌റ്റോണ്‍ അച്ചീവ് ചെയ്തിട്ട് പുറത്തുവിട്ടാല്‍ മതി എന്നായിരുന്നു തീരുമാനിച്ചത്. ആ പാട്ടിന്റെ ഫൈനല്‍ എഡിറ്റ് തീര്‍ന്നതിന്റെ അന്ന് 100 കോടി കളക്ട് ചെയ്‌തെന്ന റിപ്പോര്‍ട്ട് കിട്ടി, അപ്പോള്‍ തന്നെ ആ പാട്ട് പുറത്തുവിട്ടു. അത്തരം ആഘോഷങ്ങളൊന്നും ഇഷ്ടമല്ലാത്ത ആളാണ് ഞാന്‍. പക്ഷേ, ഫാന്‍സിന് വേണ്ടി അങ്ങനെ ചെയ്തു.

എന്നിട്ടും സിനിമ കളക്ഷന്റെ കാര്യത്തില്‍ ഗംഭീര കുതിപ്പ് നടത്തിക്കൊണ്ടിരുന്നു. തുടരുമിന് മുമ്പ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസ്മീറ്റൊക്കെ വിളിച്ചിട്ട് മലയാളത്തില്‍ ഇന്നേവരെ 100 കോടി ഷെയര്‍ കിട്ടിയ സിനിമ വന്നില്ല എന്ന് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം രഞ്ജിത്തേട്ടന്‍ എന്ന വിളിച്ചിട്ട് ഇതുപോലെ 100 കോടി ഷെയര്‍ കിട്ടി എന്ന് പറഞ്ഞു. ഞങ്ങള്‍ രണ്ടും അത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ആ പോസ്റ്റിന്റെ പേരില്‍ ഞങ്ങള്‍ കേള്‍ക്കാത്ത തെറിയില്ല. ‘നിങ്ങള്‍ വെള്ളം ചേര്‍ത്തോ പക്ഷേ, ഇങ്ങനെ ചേര്‍ക്കരുത്’ എന്ന് പറഞ്ഞ് ഒരുപാട് ആളുകള്‍ കമന്റിട്ടു. അവരൊക്കെ ട്രാക്കര്‍മാരാണ്. അവരുടെ കണക്കില്‍ 70 കോടി മാത്രമേ പടത്തിന് ഷെയര്‍ കിട്ടിയിട്ടുള്ളൂ. 30 കോടി ഞങ്ങള്‍ തള്ളിയതാണെന്ന് അവര്‍ ആരോപിച്ചു. ലാലേട്ടനോട് ആ പോസ്റ്റ് ഷെയര്‍ ചെയ്യണ്ട എന്ന് പറഞ്ഞു. വെറുതേ എന്തിനാണ് പുള്ളി തെറി കേള്‍ക്കുന്നത്’ തരുണ്‍ മൂര്‍ത്തി പറയുന്നു.

തനിക്കറിയാവുന്നിടത്തോളം നിര്‍മാതാവ് രഞ്ജിത് ഒരിക്കലും കളക്ഷനില്‍ വെള്ളം ചേര്‍ക്കാറില്ലെന്നും സത്യസന്ധമായ കാര്യം മാത്രമേ പറയാറുള്ളൂവെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ട്രാക്കര്‍മാരുടെ ക്രെഡിബിലിറ്റി പോകുമെന്ന ഭയം കൊണ്ടാകാം അവര്‍ അങ്ങനെ റിയാക്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

‘ഈ ഫീല്‍ഡില്‍ ഇപ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് വിശ്വസിക്കുന്നവാണ് ട്രാക്കര്‍മാര്‍. അവരുടെയൊക്കെ കണക്ക് തെറ്റാണെന്ന് ഒരിക്കലും ഞാന്‍ പറയില്ല. ബുക്ക്‌മൈഷോയിലെ കണക്ക് മാത്രമേ അവര്‍ക്ക് കിട്ടുന്നുള്ളൂ. അതൊന്നുമില്ലാത്ത വേറെ എത്രയോ തിയേറ്ററുകള്‍ കേരളത്തിലുണ്ട്. ആ കണക്കെല്ലാം ചേര്‍ത്തിട്ടുള്ള റിപ്പോര്‍ട്ടായിരിക്കും രഞ്ജിത്തേട്ടന് കിട്ടിയിട്ടുണ്ടാവുക’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy about the collection of Thudarum movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more