| Monday, 2nd November 2026, 5:10 pm

ആദ്യം ആന, ഇപ്പോള്‍ രാവണന്‍; ഇഷ്ടനടനെ മറ്റാരും ചിന്തിക്കാത്ത രീതിയില്‍ വിശേഷിപ്പിക്കുന്ന ഫാന്‍ ബോയ് തരുണ്‍

അമര്‍നാഥ് എം.

ഫാന്‍ബോയ് സംവിധായകരായി എത്തുന്നത് ഓരോ ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. ഇഷ്ടനടനെ ഇതുവരെ കാണാത്ത രീതിയില്‍ പ്രസന്റ് ചെയ്യണമെന്നായിരിക്കും ഓരോ ഫാന്‍ബോയ്‌യും ആഗ്രഹിക്കുക. മലയാളത്തില്‍ അത്തരത്തില്‍ ഏറ്റവും ഗംഭീരമായി ഇഷ്ടനടനെ പ്രസന്റ് ചെയ്ത ഫാന്‍ബോയ് ഡയറക്ടേഴ്‌സ് പൃഥ്വിരാജും തരുണ്‍ മൂര്‍ത്തിയുമാണ്.

രണ്ടുപേരും മോഹന്‍ലാലിന്റെ കടുത്ത ആരാധകരാണ്. പൃഥ്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ മോഹന്‍ലാലിനെ ഏറ്റവും ഗംഭീരമായി അവതരിപ്പിച്ചിരുന്നു. ഇന്‍ഡസ്ട്രിയുടെ ഗതി മാറ്റിയ ലൂസിഫറില്‍ ഓരോ ചലനം കൊണ്ടും മോഹന്‍ലാലിനെ ഗംഭീരമാക്കി അവതരിപ്പിക്കാന്‍ പൃഥ്വിക്ക് സാധിച്ചു. തന്റെ മൂന്നാമത്തെ ചിത്രത്തിലാണ് തരുണിന് മോഹന്‍ലാലുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത്.

വെറുമൊരു ഫാമിലി ഡ്രാമ എന്ന സൂചന നല്‍കി ആരംഭിച്ച്, പിന്നീട് ആരാധകര്‍ക്ക് മറക്കാനാകാത്ത ട്രീറ്റ് നല്‍കിയ ചിത്രമായിരുന്നു തുടരും. ഒരുപാട് കാലമായി പലര്‍ക്കും സാധിക്കാത്ത കാര്യമായിരുന്നു മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കുക എന്നത്. തുടരുമിലൂടെ തരുണിന് ഈയൊരു കാര്യം സാധിച്ചു.

വീണ്ടുമൊരിക്കല്‍ കൂടി തരുണിന്റെ കൈയില്‍ മോഹന്‍ലാലിനെ കിട്ടുമ്പോള്‍ പ്രതീക്ഷകളേറെയാണ്. അതിമനോഹരമെന്ന് പേരിട്ട ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം പുറത്തുവിട്ടു. ഒരുപാട് കാലത്തിന് ശേഷം താടിയെടുത്ത്, കാക്കിയണിഞ്ഞ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട ഗാനമായിരുന്നു അതിമനോഹരത്തിലെ ‘സുന്ദര രാവണന്‍’.

പാട്ട് വൈറലായതോടെ തരുണ്‍ തന്റെ ഇഷ്ടനടനെ അവതരിപ്പിക്കുന്ന രീതി സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘സുന്ദര രാവണനേ’ എന്നാണ് പാട്ടില്‍ മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. പുരാണത്തില്‍ വില്ലനാണെങ്കിലും അസാമാന്യമായ ബുദ്ധിയും ശക്തിയുമുള്ളയാളാണ് രാവണന്‍. മോഹന്‍ലാലിനെ ഇത്തരത്തില്‍ രാവണനായി വിശേഷിപ്പിക്കുന്നത് വെറുതെയാകില്ലെന്നാണ് ഫാന്‍ തിയറികള്‍.

മുന്‍ ചിത്രമായ തുടരുമില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ബെന്‍സ്/ ഷണ്മുഖനെ ആനയോടാണ് തരുണ്‍ ഉപമിച്ചത്. ചിത്രത്തിന്റെ തുടക്കത്തില്‍ ഒറ്റയാനെ കാണിക്കുന്നത് പിന്നീട് കഥയില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കാനായിരുന്നെന്നുള്ള സൂചനയായിരുന്നു. ക്ലൈമാക്‌സിനോടടുക്കുന്ന ഫൈറ്റ് സീനില്‍ കാട് കയറുന്ന ഒറ്റയാന്റെ ഗാംഭീര്യമായിരുന്നു മോഹന്‍ലാലിന്. ഈയൊരു മെറ്റഫര്‍ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ തരുണിന് സാധിച്ചിരുന്നു.

ഭ്രാന്തന്‍ ഫാന്‍ ബോയ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന തരുണ്‍ ഇത്തവണയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ‘ഒരിക്കല്‍ കൂടി മോഹന്‍ലാലിനെ ആഘോഷിക്കാം’ എന്ന ടാഗ്‌ലൈന്‍ നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.

Content Highlight: Tharum Moorthy’s portrayal of Mohanlal in Thudarum and Athimanoharam

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more